സഊദിയിലെ ജിസാനില്‍ ജയിലുകളില്‍ കഴിയുന്നത് 45 മലയാളികള്‍
റിയാദ്/ജിദ്ദ: സഊദിയിലെ യമന്‍ അതിര്‍ത്തി പ്രദേശമായ ജിസാനില്‍ ജയിലുകളില്‍ കഴിയുന്നത് 45 മലയാളികള്‍. കഴിഞ്ഞ ദിവസം ജിസാന്‍ സെന്‍ട്രല്‍ ജയിലും ജിസാന്‍ ഡിപോര്‍ട്ടേഷന്‍ സെന്ററും സന്ദര്‍ശിച്ച ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധി സംഘമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ 29 പേരും വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് ഇവിടെ കഴിയുന്നുണ്ട്.
ജയില്‍ ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തുകയും ഇന്ത്യക്കാരായ തടവുകാരെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. മലയാളികളടക്കമുള്ള ഇന്ത്യന്‍ തടവുകാരില്‍ ശിക്ഷ അനുഭവിക്കുന്നവരെക്കാള്‍ കൂടുതല്‍ വിചാരണ കാത്തു കഴിയുന്നവരാണ്. ജിസാന്‍ സെന്‍ട്രല്‍ ജയിലില്‍ 72 പേരും ജിസാന്‍ ഡിപോര്‍ട്ടേഷന്‍ സെന്ററിലും അല്‍ ദര്‍ബ് സബ്ജയിലിലുമായി രണ്ടു പേരുമാണുള്ളത്. തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇന്ത്യക്കാരായ തടവുകാര്‍.
മലയാളികളില്‍ ഭൂരിപക്ഷവും യെമന്‍ അതിര്‍ത്തിയില്‍ നിന്ന് ഖാത്ത് എന്ന ലഹരി ഇല കടത്തിയതിനു പിടിയിലായവരാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്ന് ജിസാനിലേക്ക് ചരക്കുകളുമായി വരുന്ന ട്രക്ക് ഡ്രൈവര്‍മാരെയും കമ്പനി വാന്‍ സെയില്‍സ്മാന്‍മാരെയും ഉപയോഗിച്ചാണ് പ്രധാനമായും ജിസാനില്‍ നിന്ന് ഖാത്ത് കടത്തുന്നത്. അധികം അധ്വാനമില്ലാതെ കുറഞ്ഞ സമയംകൊണ്ട് കൂടുതല്‍ പണമുണ്ടാക്കാനുള്ള മോഹമാണ് മലയാളികളെ കുടുക്കുന്നതെന്ന് ജയില്‍ സന്ദര്‍ശിച്ച സമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.
കൂടാതെ മദ്യനിര്‍മാണം, മയക്കുമരുന്ന്, ലഹരി വസ്തുക്കളുടെ കടത്ത്, കൊലപാതകം, മോഷണം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, നിയമ ലംഘനം എന്നിവക്ക് ശിക്ഷയനുഭവിക്കുന്നവരും തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് പിടിയിലായവരും ജയിലിലുണ്ട്. കോണ്‍സുലേറ്റ് തൊഴില്‍ വിഭാഗം വൈസ് കോണ്‍സല്‍ സഞ്ജയ്കുമാര്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജയിലുകള്‍ സന്ദര്‍ശിച്ചത്.
രണ്ടു ദിവസത്തെ സന്ദര്‍ശന പരിപാടിയില്‍ കോണ്‍സുലേറ്റ് സമൂഹികക്ഷേമ സമിതി അംഗങ്ങളായ ഷംസു പൂക്കോട്ടൂര്‍, ഹാരിസ് കല്ലായി, താഹ കൊല്ലേത്ത്, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് അസിം അന്‍സാരി, സമൂഹിക പ്രവര്‍ത്തകനായ ഹമീദ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."