സൈന നേഹ്‌വാള്‍, പി.വി സിന്ധു, കിഡംബി ശ്രീകാന്ത്, ജ്വാല- അശ്വിനി, മനു- സുമീത് സഖ്യങ്ങള്‍ ഇന്നിറങ്ങും
റിയോ ഡി ജനീറോ: ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്ന ബാഡ്മിന്റണ്‍ വിഭാഗത്തിന്റെ പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം. ഷൂട്ടിങിലടക്കം ഇന്ത്യ ഏറെ പ്രത്യാശ പുലര്‍ത്തിയ പല താരങ്ങളും തുടക്കത്തില്‍ തന്നെ കളി കൈവിട്ട് ഇന്ത്യക്ക് നിരാശ സമ്മാനിച്ചിരിക്കുന്ന ഘട്ടത്തിലാണ് ഒളിംപിക് വെങ്കല മെഡല്‍ ജേതാവ് കൂടിയായ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സൈന നേഹ്‌വാളടക്കമുള്ളവര്‍ ഇന്നു പോരിനിറങ്ങുന്നത്. വനിത സിംഗിള്‍സില്‍ സൈന നേഹ്‌വാള്‍, പി.വി സിന്ധു, പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്ത്, വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട, അശ്വിന പൊന്നപ്പ സഖ്യവും പുരുഷ ഡബിള്‍സില്‍ മനു അത്രി, സുമീത് റെഡ്ഡി സഖ്യവുമാണ് ഇന്ത്യയ്ക്കായി കളത്തിലിറങ്ങുന്നത്.
നിലവിലെ വനിതാ സിംഗിള്‍സ് ഒളിംപിക് വെങ്കല മെഡല്‍ ജേതാവാണ് സൈന. ബെയ്ജിങ് ഒളിംപിക്‌സില്‍ തന്റെ 18ാം വയസ്സില്‍ ക്വാര്‍ട്ടറിലെത്തുകയും കഴിഞ്ഞ ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടുകയും ചെയ്ത സൈനയില്‍ നിന്നു ഇന്ത്യ ഉറപ്പായും ഒരു മെഡല്‍ പ്രതീക്ഷിക്കുന്നു.
ഗ്രൂപ്പ് ജിയില്‍ ലോഹ്യന്നി വിസെന്റെ, മരിയ ഉള്‍ട്ടിനയടക്കമുള്ളവരാണ് ആദ്യ റൗണ്ടില്‍ സൈനയുടെ എതിരാളികള്‍. ബ്രസീല്‍ താരം ലോഹ്യന്നിയാണ് ആദ്യ എതിരാളി. മുന്നോട്ടു പോകും തോറും സൈനയ്ക്ക് കടുത്ത എതിരാളികളെ നേരിടേണ്ടതായി വരാനും സാധ്യതയുണ്ട്.
പോണ്‍ടിപ് ബര്‍ണാപ്രസറ്റ്‌സ്‌ക്, നിലവിലെ ചാംപ്യന്‍ ലി സുറേയി, നിലവിലെ ലോക ചാംപ്യന്‍ കരോലിന മരിന്‍ തുടങ്ങിയവരാകും സൈന പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍, സെമി പോരാട്ടങ്ങളില്‍ എത്തിയാല്‍ എതിരാളികളായി വരാന്‍ സാധ്യതയുള്ളത്. വനിതാ വിഭാഗം സിംഗിള്‍സ് സൈനയ്‌ക്കൊപ്പം പി.വി സിന്ധുവും ഇന്ത്യന്‍ പ്രതീക്ഷയാണ്.
രണ്ടു തവണ ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലം സ്വന്തമാക്കിയ സിന്ധു ഗ്രൂപ്പ് എമ്മിലാണ് മത്സരിക്കുന്നത്. കാനഡയുടെ മഷെല്ലെ ലി, ഹംഗറിയുടെ ലൗറ സരോസിയുമാണ് ആദ്യ ഘട്ടത്തിലെ സിന്ധുവിന്റെ എതിരാളികള്‍.
പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്ത് ഗ്രൂപ്പ് എച്ചിലാണ് മത്സരിക്കുന്നത്. സ്വീഡന്‍ താരം ഹെന്റി ഹര്‍സ്‌കയ്‌നെന്‍, മെക്‌സിക്കോയുടെ ലിനൊ മുനോസ് എന്നിവരാണ് ആദ്യ റൗണ്ടിലെ എതിരാളികള്‍.
കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാക്കളായ ജ്വാല ഗുട്ട- അശ്വിനി പൊന്നപ്പ സഖ്യമാണ് വനിത ഡബിള്‍സിലെ ഇന്ത്യന്‍ സാന്നിധ്യം. ഏറെ പരിചയ സമ്പത്തുള്ള സഖ്യമാണ് ഇവരുടേത് എന്നതാണ് ഇന്ത്യക്ക് ആശ്വാസം നല്‍കുന്നത്.
പുരുഷ ഡബിള്‍സില്‍ മനു- സുമീത് സഖ്യമാണ് ഇന്ത്യയ്ക്കായി ഇറങ്ങുന്നത്. സിംഗിള്‍സിനെ അപേക്ഷിച്ച് ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങളെ തുടക്കം മുതല്‍ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."