ഇന്‍ഡിഗോ രാജ്യത്തെ ഏറ്റവും മോശം എയര്‍ലൈന്‍: പാര്‍ലമെന്ററി സമിതി
ന്യൂഡല്‍ഹി: സ്വകാര്യ എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോയ്‌ക്കെതിരെ പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും മോശം പ്രകടനമാണ് ഇന്‍ഡിഗോയുടേതെന്നാണ് റിപ്പോര്‍ട്ട്.
തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ദെരക് ഒ ബ്രിയന്‍ അധ്യക്ഷനായ ടൂറിസം, സംസ്‌കാരം, ഷിപ്പിങ്, ഏവിയേഷന്‍ സമിതിയുടേതാണ് റിപ്പോര്‍ട്ട്. ഫെസ്റ്റിവല്‍ സീസണായതിനെത്തുടര്‍ന്നാണ് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ചില എയര്‍ലൈനുകള്‍ ഫെസ്റ്റിവല്‍ സീസണുകളില്‍ 8-10 ഇരട്ടി നിരക്കാണ് ടിക്കറ്റിന് ഈടാക്കുന്നതെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്.
ഇന്‍ഡിഗോയാണ് ഏറ്റവും മോശമെന്ന കാര്യത്തില്‍ സമിതിയിലെ 30 അംഗങ്ങളും യോജിച്ചുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഒ ബ്രിയന്‍ പറഞ്ഞു. ഉപഭോക്താക്കള്‍ എത്ര പരാതി പറഞ്ഞാലും അതൊന്നും ഇന്‍ഡിഗോ കേള്‍ക്കുന്നില്ല. ബഗേജില്‍ 1-2 കിലോ ഗ്രാം കൂടിയാല്‍ പോലും അവര്‍ നിരക്ക് ഈടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മര്യാദക്കേടോടെയാണ് ഇന്‍ഡിഗോ യാത്രക്കാരെ സമീപിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.
ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനുള്ള നിരക്ക് അടിസ്ഥാന നിരക്കിനേക്കാള്‍ 50 ശതമാനത്തില്‍ നിന്ന് കൂടരുതെന്ന് സമിതി ശുപാര്‍ശ ചെയ്തു. കൂടാതെ, നികുതി, ഇന്ധന സര്‍ചാര്‍ജ്ജ് തുടങ്ങിയവ തിരിച്ചുനല്‍കണമെന്നും നിര്‍ദേശമുണ്ട്.
സര്‍ക്കാരിനു കീഴിലുള്ള എയര്‍ ഇന്ത്യയുടെ ലഗേജ് സൗകര്യം മികച്ചതാണെന്നും സ്വകാര്യ എയര്‍ലൈനുകള്‍ മോശം അവസ്ഥയിലാണെന്നും സമിതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."