ജന്മദിനാഘോഷം പൊടിപൊടിച്ച് തച്ചങ്കരി; പടയൊരുക്കി എന്‍.സി.പി
കൊച്ചി: ജന്മദിനാഘോഷം പൊടിപൊടിച്ച് സംസ്ഥാന ഗതാഗത കമ്മിഷണര്‍ ടോമിന്‍ ജെ.തച്ചങ്കരി വാര്‍ത്തകളില്‍ ഇടംനേടുന്നതിനിടയില്‍ വകുപ്പ് ഭരിക്കുന്ന കക്ഷിയായ എന്‍.സി.പി തച്ചങ്കരിക്കെതിരേ പടയൊരുക്കം തുടങ്ങി. വിവാദങ്ങളില്‍നിന്നു വിവാദങ്ങളിലേക്ക് നീങ്ങുന്ന തച്ചങ്കരിക്കെതിരേ എന്‍.സി.പി രംഗത്തെത്തിയത് ഇടതുമുന്നണിയിലെ കല്ലുകടിക്ക് ആക്കം കൂട്ടി. ഗതാഗത കമ്മിഷണര്‍ പദവിയിലെത്തിയശേഷം ഇത് മൂന്നാം തവണയാണ് തച്ചങ്കരി വിവാദത്തില്‍പെടുന്നത്.
നേരത്തെ ഹെല്‍മെറ്റ് ഇടാത്തവര്‍ക്ക് പെട്രോളില്ലെന്ന തീരുമാനം സംസ്ഥാനത്ത് വിവാദമായിരുന്നു. പിന്നീട് ലൈറ്റ് മോട്ടോര്‍ വാഹനങ്ങളില്‍ സ്പീഡ് ഗവേണര്‍ ഘടിപ്പിക്കണമെന്ന അടിയന്തര ഉത്തരവിറക്കി വാഹനഉടമകളുടെ പ്രതിഷേധം പിടിച്ചുപറ്റി. ഹെല്‍മെറ്റ് വിവാദം കെട്ടടങ്ങുന്നതിനിടയില്‍ വകുപ്പ്മന്ത്രി എ.കെ ശശീന്ദ്രനെക്കൊണ്ട് വിവാദ ഹെല്‍മെറ്റ് തീരുമാനം നടപ്പിലാക്കാന്‍ ഉത്തരവിറക്കി തച്ചങ്കരി വീണ്ടും വാര്‍ത്തകളില്‍ ഇടംതേടിയിരുന്നു.
നേരത്തെ കേരള പ്രിന്റിങ് ആന്റ് പബ്ലിഷിങ് വകുപ്പിന്റെ അധികചുമതല ലഭിച്ച തച്ചങ്കരി വകുപ്പിന്റെ കാര്യാലയവളപ്പില്‍ നിന്നിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന 250 ഓളം വന്‍മരങ്ങള്‍ വെട്ടിമാറ്റാന്‍ ഉത്തരവിട്ടത് വിവാദമായിരുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പേരിലാണ് തച്ചങ്കരി ഉത്തരവിറക്കിയത്. എന്നാല്‍ പഞ്ചായത്തില്‍പ്പോലും അനുമതിക്കായി അപേക്ഷ നല്‍കാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ തച്ചങ്കരി ഇറക്കിയ ഉത്തരവ് പിന്നീട് പിന്‍വലിക്കുകയായിരുന്നു. വനംവകുപ്പിന്റെ അനുമതിയോ അറിവോ ഇല്ലാതെ പുറപ്പെടുവിച്ച ഉത്തരവ് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. ഇപ്പോള്‍ ജന്മദിനവിവാദം കൊഴുക്കുമ്പോഴാണ് ഇടത് ഘടകകക്ഷിയായ എന്‍.സി.പി തച്ചങ്കരിക്കെതിരേ പരസ്യമായി രംഗത്തുവന്നത്.
എന്നാല്‍ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും തച്ചങ്കരിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു പച്ചക്കൊടി വീശുന്നതായാണ് എന്‍.സി.പിയുടെ ആരോപണം. ഹെല്‍മെറ്റ് ഇടാത്തവര്‍ക്ക് പെട്രോളില്ലെന്ന തച്ചങ്കരിയുടെ ഏകപക്ഷീയ തീരുമാനത്തെ ആദ്യം എതിര്‍ക്കുകയും പിന്നീട് അനുവാദം നല്‍കിയതും എന്‍.സി.പി ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ സംസ്ഥാനത്തിന്റെ ചരിത്രത്തിലെവിടെയും പറഞ്ഞുകേട്ടിട്ടില്ലാത്ത ജന്മദിനാഘോഷ വിവാദം ഉണ്ടാക്കിയിട്ടും തണുപ്പന്‍പ്രതികരണം നടത്തിയ വകുപ്പ് മന്ത്രിക്കെതിരേയും എന്‍.സി.പിയില്‍ പ്രതിഷേധം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."