കേന്ദ്ര ഹജ്ജ് നയം: പൂര്‍ണമായും നടപ്പിലാക്കാതെ രണ്ടാം വര്‍ഷത്തിലേക്ക്
അശ്‌റഫ് കൊണ്ടോട്ടി#
കൊണ്ടോട്ടി: കേന്ദ്ര സര്‍ക്കാറിന്റെ 2018-2022 വര്‍ഷത്തേക്കുള്ള ഹജ്ജ് നയം പൂര്‍ണമായും നടപ്പിലാക്കാതെ രണ്ടാം വര്‍ഷത്തിലേക്ക്. ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആശ്വാസമായിരുന്ന ഹജ്ജ് സബ്‌സിഡി, അഞ്ചാം വര്‍ഷക്കാര്‍ക്ക് നേരിട്ട് അവസരം നല്‍കല്‍ തുടങ്ങിയവ നടപ്പിലാക്കിയ കേന്ദ്രത്തിന് തീര്‍ഥാടകര്‍ക്ക് ആശ്വാസമുള്ളവ നടപ്പിലാക്കാന്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും കഴിഞ്ഞിട്ടില്ല.
ഹജ്ജ് എംപാര്‍ക്കേഷന്‍ വെട്ടിക്കുറച്ച് യാത്രക്ക് കപ്പല്‍ സര്‍വിസ് കൊണ്ടുവരുമെന്നായിരുന്നു ഹജ്ജ് നയത്തിലെ പ്രധാന തീരുമാനം. എന്നാല്‍ കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും കപ്പല്‍ സര്‍വിസ് തുടങ്ങാന്‍ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ല. കപ്പല്‍ യാത്ര വിമാന ടിക്കറ്റ് കൊള്ളയില്‍ നിന്ന് തീര്‍ഥാടകര്‍ക്ക് രക്ഷപ്പെടാനാകുമെന്നായിരുന്നു പ്രതീക്ഷ. ടൂറിസ്റ്റ് കപ്പലുകളെ ഉപയോഗിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
എന്നാല്‍ സഊദിയിലേക്ക് ടൂറിസ്റ്റ് കപ്പലുകളില്ലാത്തതിനാല്‍ ഈ വര്‍ഷവും വിമാന കമ്പനികളില്‍ നിന്നാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് സിങ്കപ്പൂര്‍, ദുബൈ മേഖലയിലെ ടൂറിസ്റ്റ് കപ്പലുകളെ ഹജ്ജ് യാത്രക്ക് പ്രയോജനപ്പെടുത്താനായിരുന്നു തീരുമാനം. പതിവ് യാത്രാ കപ്പലുകളേക്കാളും സൗകര്യമുളള കപ്പലുകളെയാണ് ഹജ്ജ് യാത്രക്ക് തേടുന്നത്.
അഞ്ചുവര്‍ഷത്തേക്കാണ് ഹജ്ജ് നയം നടപ്പില്‍ വരുത്തിയത്. എന്നാല്‍ ഹജ്ജ് നയത്തിലെ മിക്കവയും തീര്‍ഥാടകര്‍ക്ക് എതിരായിരുന്നു. വര്‍ഷങ്ങളായി നല്‍കിയിരുന്ന ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയത് പുതിയ നയത്തിന്റെ ഭാഗമാണ്. ഇതോടൊപ്പം 18 ശതമാനം വിമാന ടിക്കറ്റിന്മേല്‍ ജി.എസ്.ടി കൂടി ഈടാക്കിയത് തീര്‍ഥാടകര്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു.18 ശതമാനമുള്ള ജി.എസ്.ടി ഈ വര്‍ഷം മുതല്‍ അഞ്ച് ശതമാനമാക്കിയിട്ടുണ്ട്.
ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റ് ഒന്‍പതാക്കി ചുരുക്കാനുള്ള പുതിയ നയത്തിലെ നിര്‍ദേശം എതിര്‍പ്പിനെ തുടര്‍ന്ന് ഈ വര്‍ഷവും ഒഴിവാക്കി. ഇന്ത്യയില്‍ നിന്ന് 21 എംപാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നും ഈ വര്‍ഷവും ഹജ്ജ് സര്‍വിസുകള്‍ നടത്താന്‍ വിമാന കമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്.
അഞ്ചാം വര്‍ഷ അപേക്ഷകര്‍ക്ക് നേരിട്ട് ഹജ്ജിന് അവസരം നല്‍കുന്നത് പുതിയ നയപ്രകാരം നിര്‍ത്തലാക്കിയതും തീര്‍ഥാടകര്‍ക്ക് തിരിച്ചടിയായി. 70 വയസിന് മുകളിലുളളവര്‍ക്കും ഒരു സഹായിക്കും നേരിട്ട് അവസരം നല്‍കുന്നതും ഹജ്ജ് നയത്തില്‍ ഉള്‍പ്പെടുത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് പിന്‍വലിക്കുകയായിരുന്നു.
45 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് പുരുഷ മെഹ്‌റമില്ലാതെ അപേക്ഷിക്കുന്നവര്‍ക്ക് നേരിട്ട് നറുക്കെടുപ്പില്ലാതെ അവസരം നല്‍കാന്‍ തീരുമാനിച്ചെങ്കിലും ഈ വര്‍ഷം അവസരം നല്‍കാന്‍ തയാറായിട്ടില്ല.
തീര്‍ഥാടകര്‍ക്ക് ആശ്വസമാകുന്ന നിര്‍ദേശങ്ങള്‍ ഒഴിവാക്കുകയും പ്രതികൂലമാവുന്നത് നടപ്പിലാക്കുകയും ചെയ്യുകയാണെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."