നിര്‍മാണ മേഖല സ്തംഭനത്തിലേക്ക്
സുനി അല്‍ഹാദി #
കൊച്ചി: സിമന്റിന് അടിക്കടിയുണ്ടാകുന്ന വില വര്‍ധയും ആഡംബര ഇനത്തില്‍ ഉള്‍പ്പെടുത്തി കൂടിയ നിരക്കില്‍ ചരക്കുസേവന നികുതി (ജി.എസ്.ടി) തുടരുന്നതും മൂലം നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുന്‍പായി വില ഉയര്‍ത്താന്‍ നിര്‍മാതാക്കള്‍ തീരുമാനിക്കുകയും ചെയ്തതോടെ ഇരട്ട പ്രഹരത്തില്‍ ഞെട്ടിയിരിക്കുകയാണ് നിര്‍മാണ മേഖല.
ഡിസംബര്‍ 22ന് ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി, സിമന്റിന്റെ ചരക്കു സേവന നികുതി (ജി.എസ്.ടി) 28ല്‍ നിന്നും 18ശതമാനമായി കുറയ്ക്കുമെന്ന പ്രതീക്ഷ വ്യാപകമായി ഉയര്‍ന്നിരുന്നു. നിലവില്‍ സിമന്റിന് പുറമേ ചില ആഡംബര ഉല്‍പന്നങ്ങള്‍ മാത്രമാണ് 28 ശതമാനം നികുതിയെന്ന ഉയര്‍ന്ന തലത്തിലുള്ളത്. എന്നാല്‍, പ്രതീക്ഷകള്‍ തെറ്റിച്ച്, സിമന്റിനെ 28 ശതമാനം സ്ലാബില്‍തന്നെ നിലനിര്‍ത്താനാണ് ജി.എസ്.ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചത്. ഈ തീരുമാനം നവകേരള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. ജി.എസ്.ടിക്ക് മുന്‍പ് വാറ്റ് ഉള്‍പ്പെടെ 31ശതമാനം നികുതിയാണ് 50 കിലോയുടെ ഒരു ബാഗ് സിമന്റിന് ഈടാക്കിയിരുന്നത്. എന്നാല്‍ 2017 ജൂണില്‍ ഇതില്‍നിന്ന് 3 ശതമാനം കുറഞ്ഞ് 28ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയെങ്കിലും ഉപഭോക്താവിന് യാതൊരു നേട്ടവും ഇതുമൂലം ഉണ്ടായില്ല. ജി.എസ്.ടിയുടെ പേരുപറഞ്ഞ് സിമന്റ് കമ്പനികള്‍ വില കൂട്ടുകയായിരുന്നു.
തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ അയല്‍സംസ്ഥാനങ്ങളില്‍ കുറഞ്ഞവിലയ്ക്ക് വില്‍ക്കുന്ന സിമന്റിന്് കേരളത്തിലെത്തുമ്പോള്‍ വില കുത്തനെ കൂടും. അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച്, കേരളത്തില്‍ 50 കിലോയുടെ സിമന്റ് ബാഗിന്മേല്‍ 60- 70 രൂപവരെയാണ് കൂടുതല്‍. ഇപ്രകാരം പ്രതിവര്‍ഷം 1400 കോടിയിലധികം രൂപയാണ് കേരളത്തില്‍നിന്ന് കമ്പനികള്‍ അധികമായി ഈടാക്കുന്നത്. കേരളത്തില്‍ 50 കിലോ ബാഗിന് 400രൂപവരെയാണ് ഈടാക്കുന്നത്. രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. പ്രതിമാസം സംസ്ഥാനത്ത് ശരാശരി എട്ടര ലക്ഷം ടണ്‍ സിമന്റാണ് വില്‍പന നടത്തുന്നത്. കേരളത്തില്‍ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക സിമന്റ് കമ്പനിയായ മലബാര്‍ സിമന്റ്‌സ് 30,000 -40,000 ടണ്‍ മാത്രമാണ് ഉല്‍പാദിപ്പിക്കുന്നത്. ബാക്കി, 95ശതമാനം സിമന്റും സംസ്ഥാനത്ത് വിപണിയിലെത്തിക്കുന്നത് പുറത്തുനിന്നുള്ള സ്വകാര്യ കമ്പനികളാണ്. അവരാണ് വിപണി നിയന്ത്രിക്കുന്നതും.
അടുത്തമാസത്തോടെ വില വീണ്ടും ഉയരുമെന്നതിനാല്‍ പ്രളയത്തില്‍ തകര്‍ന്ന പതിനായിരം വീടുകള്‍ ഉള്‍പ്പെടെ നിര്‍മിക്കുന്നത് പ്രതിസന്ധിയിലാകുമെന്ന് കേരള സ്റ്റേറ്റ് സിമന്റ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി സിറാജുദ്ദീന്‍ പറഞ്ഞു. അടിസ്ഥാനസൗകര്യത്തിനായി 30ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. സിമന്റിന് വിലകുറയാത്തതുമൂലം ഖജനാവിനും വന്‍നഷ്ടമാണ് സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."