ഇന്ത്യന്‍ റണ്‍മല
മെല്‍ബണ്‍: ചേതേശ്വര്‍ പൂജാരയും വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഒരുക്കിയ ബാറ്റിങ് വിരുന്നില്‍ മെല്‍ബണില്‍ റണ്‍മല തീര്‍ത്ത് ഇന്ത്യ.
ആസ്‌ത്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശക്തമായ നിലയില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് അവസാനിപ്പിച്ചു. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 443 ന് ഇന്ത്യ ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങിനിറങ്ങിയ ആസ്‌ത്രേലിയ വിക്കറ്റ് നഷ്ടപ്പെടാതെ എട്ട് റണ്‍സ് എന്ന നിലയിലാണ്.
ചേതേശ്വര്‍ പൂജാരയുടെ 106 റണ്‍സ് മികവാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയിട്ടത്. പൂജാരയുടെ പരമ്പരയിലെ രണ്ടാമത്തെ സെഞ്ചുറി. നായകന്‍ വിരാട് കോഹ്‌ലിയുടെ (82) ബാറ്റിങ് പ്രകടനം ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തേകി. രോഹിത് ശര്‍മ പുറത്താകാതെ (63), ഋഷഭ് പന്ത് (39), അജിങ്ക്യ രഹാനെ (34) എന്നിവര്‍ ഇന്ത്യന്‍ നിരയില്‍ തിളങ്ങി.
വന്‍മതില്‍ കൂട്ടുകെട്ട്
രണ്ടിന് 215 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് ചേതേശ്വര്‍ പൂജാരയും കോഹ്‌ലിയും മികച്ച തുടക്കമാണ് രണ്ടാം ദിനത്തില്‍ നല്‍കിയത്. മൂന്നാം വിക്കറ്റില്‍ ചേതേശ്വര്‍ പൂജാരയും വിരാട് കോഹ്‌ലിയും 170 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചാണ് വഴിപിരിഞ്ഞത്. 68 റണ്‍സുമായി പൂജാരയും 47 റണ്‍സുമായി കോഹ്‌ലിയുമാണ് രണ്ടാം ദിനത്തില്‍ ബാറ്റിങ് പുനരാരംഭിച്ചത്.
അര്‍ധ സെഞ്ചുറി പിന്നിട്ട കോഹ്‌ലി സെഞ്ചുറിയിലേക്ക് കുതിക്കുമെന്ന് തോന്നിച്ച നിമിഷത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് കൂട്ടുകെട്ട് പൊളിച്ചു.
ഇന്ത്യന്‍ സ്‌കോര്‍ 293 ല്‍ നില്‍ക്കേ 204 പന്തില്‍നിന്ന് ഒന്‍പത് ബൗണ്ടറികളുമായി 82 റണ്‍സ് നേടിയ കോഹ്‌ലിയെ ആരോണ്‍ ഫിഞ്ച് പിടികൂടി.
വീണ്ടും പൂജാര
വന്‍മതില്‍ തീര്‍ത്തു ചേതേശ്വര്‍ പൂജാര പരമ്പരയിലെ രണ്ടാമത്തെ സെഞ്ചുറി കണ്ടെത്തി. ടെസ്റ്റ് ക്രിക്കറ്റിലെ പൂജാരയുടെ 17 ാമത്തെ സെഞ്ചുറിയാണ് മെല്‍ബണില്‍ പിറന്നത്. നായകന്‍ കോഹ്‌ലിയുമായി ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോറിങ് മെല്ലെ ഉയര്‍ത്തിയ പൂജാര കോഹ്‌ലിക്ക് പിന്നാലെ പുറത്തായി. 319 പന്തില്‍ 10 ബൗണ്ടറികളുടെ സഹായത്തോടെയായിരുന്നു പൂജാര 106 റണ്‍സ് അടിച്ചുകൂട്ടിയത്. സ്‌കോര്‍ 299 ല്‍ നില്‍ക്കേ പൂജാരയെ പാറ്റ് കമ്മിന്‍സ് ക്ലീന്‍ ബൗള്‍ഡാക്കി. ആദ്യ ടെസ്റ്റില്‍ അഡലയ്ഡില്‍ പൂജാര സെഞ്ചുറി നേടിയിരുന്നു. പൂജാരയുടെ പുറത്താവലിന് പിന്നാലെ രഹാനെയും രോഹിത് ശര്‍മയും ഇന്ത്യന്‍ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടു പോയി. 76 പന്തില്‍ 34 റണ്‍സ് എടുത്ത രഹാനെയെ നഥാന്‍ ലിയോണ്‍ എല്‍.ബി.ഡബ്ല്യുവില്‍ കുരുക്കി.
പിന്നീട് ഋഷഭ് പന്ത് - രോഹിത് ശര്‍മ കൂട്ടുകെട്ട് ഇന്ത്യന്‍ ഇന്നിങ്‌സ് 400 കടത്തി. സ്‌കോര്‍ 437 ല്‍ നില്‍ക്കേ 76 പന്തില്‍ 39 റണ്‍സ് എടുത്ത പന്തിനെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കി. ഉസ്മാന്‍ ഖവാജയ്ക്ക് പിടി നല്‍കിയാണ് പന്ത് പുറത്തായത്. പിന്നാലെ ക്രീസില്‍ എത്തിയ രവീന്ദ്ര ജഡേജ നാല് റണ്‍സുമായി പുറത്തായി. സ്‌കോര്‍ ഏഴിന് 443 എന്നനിലയില്‍ കോഹ്‌ലി ഇന്ത്യന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. അര്‍ധ സെഞ്ചുറി പിന്നിട്ട രോഹിത് ശര്‍മ 63 റണ്‍സുമായി പുറത്താവാതെ നിന്നു. 114 പന്തില്‍ അഞ്ച് ബൗണ്ടറികളുമായാണ് രോഹിത് ശര്‍മ അര്‍ധസെഞ്ചുറി കടന്നത്. ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റ് വീഴ്ത്തി. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ മാര്‍ക്കസ് ഹാരിസ് (5), ആരോണ്‍ ഫിഞ്ച് (3) എന്നിവരാണ് ക്രീസില്‍. മൂന്നു ദിവസവും പത്ത് വിക്കറ്റുകളും കൈയിലിരിക്കേ ഇന്ത്യയെ മറികടക്കാന്‍ ഓസീസിന് 435 റണ്‍സ് നേടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."