ഇറാഖില്‍ ട്രംപിന്റെ അപ്രതീക്ഷിത സന്ദര്‍ശനം; ' ലോക പൊലിസ് ' വേഷം ഒഴിവാക്കുമെന്ന് സൂചന
ബഗ്ദാദ്: ഇറാഖില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്രിസ്മസ് ദിനത്തില്‍ വാഷിങ്ടണ്‍ ഡിസിയില്‍നിന്ന് ഭാര്യ മെലാനിയയുമായി പുറപ്പെട്ട ട്രംപ് പിറ്റേന്നാണ് ഇറാഖിലെ അല്‍ അല്‍ അസദ് വ്യോമതാവളത്തില്‍ എത്തിയത്. പ്രസിഡന്റായി ചുമതലയേറ്റടുത്തതിനു ശേഷം ട്രംപ് ആദ്യമായാണ് യുദ്ധ മുന്നണിയിലെ സൈനികര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത്. സൈന്യത്തിലെ നൂറോളം പേരുമായും മുതിര്‍ന്ന സൈനികരുമായും ട്രംപ് കൂടിക്കാഴ്ച നടത്തി.
മറ്റു രാജ്യങ്ങളില്‍ സൈനികമായി ഇടപെടുന്ന നടപടികളില്‍നിന്ന് യു.എസ് പിന്‍വാങ്ങുകയാണെന്നു ട്രംപ് പറഞ്ഞു. എല്ലാഭരണവും ഞങ്ങളില്‍ മാത്രമാകുന്നത് ശരിയല്ല. അവരവരുടെ രാജ്യങ്ങളുടെ സുരക്ഷയ്ക്കും മറ്റുമായി നമ്മുടെ സേനയെ മറ്റു രാജ്യങ്ങള്‍ നേട്ടമാക്കുന്നത് ആശ്വാസമല്ല. അതിനായി ഈ രാജ്യങ്ങള്‍ ഒന്നും ചെലവഴിക്കുന്നില്ല. ലോകത്താകമാനം നമ്മളുണ്ട്. പലരും ഇതുവരെ കേള്‍ക്കാത്ത രാജ്യങ്ങളിലും പോലും നമ്മളുണ്ടെന്നും ട്രംപ് പറഞ്ഞു.
യു.എസിന് പ്രധാന്യം നല്‍കി മറ്റു രാജ്യങ്ങളില്‍ ഇടപെടുന്ന 'ലോക പൊലിസ്' വേഷം ഒഴിവാക്കുകയാണെന്ന സൂചനയും സൈന്യവുമായുള്ള സംവാദത്തിനിടെ ട്രംപ് നല്‍കി. നമുക്ക് സമാധാനം വേണം. കരുത്താണ് സമാധാനമുണ്ടാക്കാനുള്ള പ്രധാനവഴി. ചില സൈനികര്‍ക്ക് ഇപ്പോള്‍ തന്നെ അവരുടെ കുടുംബങ്ങളിലേക്കു പോകാമെന്ന് വ്യക്തമാക്കി സിറിയയില്‍നിന്നുള്ള സൈനിക പിന്‍മാറ്റത്തെ ട്രംപ് ന്യായീകരിച്ചു.
വിദേശ സൈനികര്‍ക്കൊപ്പം സിറിയയില്‍ ഐഎസിനെതിരെ പോരാടുന്ന യുഎസ് സൈനിക നേതൃത്വത്തോട് അതിനായി അനുവദിച്ച സമയം അതിക്രമിച്ചുവെന്നു ട്രംപ് പറഞ്ഞു. ഇനിയുമേറെ സമയം നല്‍കാനാവില്ല. ഇപ്പോള്‍ തന്നെ സമയം ഏറെയായി. എന്നാല്‍ ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള നീക്കമില്ലെന്നു പറഞ്ഞ ട്രംപ് സിറിയയിലേക്ക് എന്തെങ്കിലും നടപടികള്‍ ആവശ്യമാണെങ്കില്‍ അതിനായി ഇറാഖിനെ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതീവ രഹസ്യമായി നടത്തിയ സന്ദര്‍ശനത്തിനിടെ ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദിയുമായി കൂടിക്കാഴ്ച നടത്താന്‍ ട്രംപ് പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇതു ടെലിഫോണ്‍ സംഭാഷണത്തില്‍ മാത്രമായി ചുരുക്കുകയായിരുന്നു.
ഇറാഖ് സര്‍ക്കാരിനെ സഹായിക്കാനയി 5000 യു.എസ് സൈനികരാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."