ഓണക്കാല വിപണി ഇടപെടല്‍ ശക്തമാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ഓണക്കാലത്ത് പൊതുവിപണിയിലെ വിലക്കയറ്റവും കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാനും കുറഞ്ഞവിലയ്ക്ക് അവശ്യസാധനങ്ങള്‍ ലഭ്യമാക്കാനും ശക്തമായ ഇടപെടല്‍ നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വിപണി ഇടപെടലിന് സംസ്ഥാന ബജറ്റില്‍ 2016-17 വര്‍ഷത്തേക്ക് അനുവദിച്ച 150 കോടിയില്‍നിന്ന് 81.42 കോടിരൂപ സപ്ലൈകോയ്ക്ക് നല്‍കും. ഇതില്‍ 45 കോടി രൂപ വിപണി ഇടപെടലിനും ഓണംഫെയര്‍ നടത്തുന്നതിന് 4.6 കോടിയും ബി.പി.എല്‍ കിറ്റിന് 8.76 കോടിയും സ്‌പെഷല്‍ പഞ്ചസാര വിതരണത്തിന് 13.60 കോടിയും നീക്കിവയ്ക്കും.
ഓണത്തോടനുബന്ധിച്ച് എല്ലാ ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളിലും സപ്ലൈകോ ഓണം ഫെയറുകള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
സംസ്ഥാനത്ത് മാവേലി സ്‌റ്റോറില്ലാത്ത 38 പഞ്ചായത്തുകളില്‍ ഓണം മിനിഫെയര്‍ തുടങ്ങും. എല്ലാ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും മിനി ഓണംഫെയറുകളുണ്ടാവും. 56 പ്രത്യേക ഓണച്ചന്തകള്‍ അടക്കം 1,464 ഓണച്ചന്തകളാണ് ഇക്കാലയളവില്‍ പ്രവര്‍ത്തിക്കുക. സര്‍ക്കാരിന്റെ ഓണച്ചന്തകള്‍ക്ക് പുറമെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ഓണച്ചന്തകള്‍ നടത്താന്‍ ഹാളുകള്‍ വിട്ടുനല്‍കും. വിപണിയിലെ കരിചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ താലൂക്ക്, ജില്ലാ, സംസ്ഥാന അടിസ്ഥാനത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പരാതികള്‍ അറിയിക്കാനും പരിഹാരം കാണുന്നതിനും പ്രത്യേക ഫോണ്‍ നമ്പര്‍ സംവിധാനവും താലൂക്ക്, ജില്ലാ തലത്തില്‍ പ്രത്യേക ഓഫിസര്‍മാരുമുണ്ടാവും.
വിലനിയന്ത്രണം സംബന്ധിച്ച് വ്യാപാരികളുമായി ചര്‍ച്ച നടത്തുന്നതിന് സിവില്‍ സപ്ലൈസ് ഡയറക്ടറേറ്റ് കേന്ദ്രീകരിച്ച് പ്രൈസ് മോണിറ്ററിങ് സെല്‍ പ്രവര്‍ത്തിക്കും. പാചകവാതകത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിന് എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തുന്നതിന് ചീഫ് സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. ഭക്ഷ്യമന്ത്രി ആന്ധ്രയില്‍പ്പോയി അരിയ്ക്ക് പുറമേ മറ്റ് നിത്യോപയോഗസാധനങ്ങളും മിതമായ നിരക്കിലെത്തിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 13 ഇനം നിത്യോപയോഗസാധനങ്ങള്‍ പൊതുവിപണിയില്‍നിന്ന് വിലകുറച്ച് നല്‍കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പച്ചക്കറിച്ചന്തകളില്‍ 91 എണ്ണം ദേശീയപാതയോരങ്ങളിലെ വിപണികളായിരിക്കും. വിവിധയിനം പച്ചക്കറികള്‍ കര്‍ഷകരില്‍നിന്ന് ന്യായവിലയ്ക്ക് സംഭരിച്ച് ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി ഇനത്തിലായിക്കും നല്‍കുക. മുഖ്യമന്ത്രി അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്ക് അഞ്ച്കിലോ അരിവീതം
സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണക്കാലത്ത് എം.ഡി.എം.എസ് പദ്ധതിപ്രകാരം അഞ്ചുകിലോ അരി വീതം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും ഓണക്കിറ്റ് നല്‍കും. ഓണക്കാലത്ത് എ.പി.എല്‍ കുടുംബങ്ങള്‍ക്ക് രണ്ടുകിലോ അരി അധികമായി വിതരണം ചെയ്യും.
ഇപ്പോള്‍ നല്‍കുന്ന എട്ടുകിലോയ്ക്ക് പുറമേയാണിത്. 6,025 മെട്രിക്ക് ടണ്‍ അരിയാണ് ഇതിനായി വേണ്ടിവരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."