മന്ത്രി ജലീലിനെതിരേ യൂത്ത് ലീഗ് നിയമനടപടിക്ക്
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധുനിയമന വിവാദത്തില്‍ നിയമനടപടിക്കൊരുങ്ങി മുസ്‌ലിം യൂത്ത് ലീഗ്. വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വ്യക്തമാക്കി. ഇതുസംബന്ധിച്ചു നല്‍കിയ പരാതിയില്‍ സ്വീകരിച്ച നടപടികള്‍ അറിയാന്‍ വിജിലന്‍സ് ഡയരക്ടര്‍ക്കു വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിയും അന്വേഷണത്തിനു തയാറാകാത്തത്. തെറ്റു സ്വയം ബോധ്യപ്പെട്ടിട്ടും ജലീല്‍ രാജിവയ്ക്കാത്തത് ആത്മാഭിമാനമില്ലാത്തതുകൊണ്ടാണ്. എന്നാല്‍ നിയമനം ലഭിച്ച ബന്ധുവിന് ആത്മാഭിമാനം ഉള്ളതുകൊണ്ട് അദ്ദേഹം ജോലി വേണ്ടെന്നുവച്ചു.
വിവാദത്തില്‍ കോടതിയെ സമീപിക്കുന്നതു സംബന്ധിച്ചു മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. തോമസ് ചാണ്ടിയെപ്പോലെ ജലീലിനും രാജിവയ്‌ക്കേണ്ടി വരും. ജലീലിനെതിരേയുള്ള സമരത്തില്‍ യു.ഡി.എഫിന്റെ പൂര്‍ണ പിന്തുണ യൂത്ത് ലീഗിനുണ്ട് എന്നും പി.കെ ഫിറോസ് പറഞ്ഞു.
പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പ്രതികളായിട്ടുള്ള മന്ത്രിമാരായ ഇ.പി ജയരാജനെയും കെ.ടി ജലീലിനെയും അറസ്റ്റുചെയ്യാന്‍ പൊലിസ് തയാറാകണമെന്നും പി.കെ ഫിറോസ് ആവശ്യപ്പെട്ടു. യൂത്ത് ലീഗുകാരോട് പാസ്‌പോര്‍ട്ട് ലഭിക്കാന്‍ അടങ്ങിയിരിക്കണമെന്ന് ഉപദേശിക്കുന്ന ജലീലിന്റെ പാസ്‌പോര്‍ട്ടാണ് ആദ്യം കണ്ടുകെട്ടേണ്ടത്.
2015ല്‍ നിയമസഭയിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നശിപ്പിച്ച വകയില്‍ അഞ്ചുലക്ഷം രൂപയുടെ സാമ്പത്തികനഷ്ടം നിയമസഭാ സെക്രട്ടേറിയറ്റിനുണ്ടായിട്ടുണ്ട്. ഇതു കാണിച്ചു നിയമസഭാ സെക്രട്ടറി നല്‍കിയ പരാതിയില്‍ അന്ന് ആറുപേര്‍ക്കെതിരേ മ്യൂസിയം പൊലിസ് കേസെടുത്തിരുന്നു. പി.ഡി.പി.പി വകുപ്പനുസരിച്ചു കേസെടുത്തതിനാല്‍ നഷ്ടപരിഹാര തുക കോടതിയില്‍ കെട്ടിവച്ചാല്‍ മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂ. എന്നാല്‍ നഷ്ടപരിഹാര തുക കെട്ടിവയ്ക്കാനോ ജാമ്യമെടുക്കാനോ മന്ത്രിമാര്‍ ഇതുവരെ തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇവരെ അറസ്റ്റു ചെയ്യണമെന്നും പി.കെ ഫിറോസ് ആവശ്യപ്പെട്ടു.
അതേസമയം, മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തിനെതിരേ നല്‍കിയ പരാതി പൊലിസ് അട്ടിമറിച്ചിരിക്കുകയാണെന്നു നേതാക്കള്‍ കുറ്റപ്പെടുത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസെടുത്തെങ്കിലും വെള്ളാപ്പള്ളി നടേശന്റെ ഇടപെടല്‍മൂലം മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു നടപടികള്‍ തടഞ്ഞിരിക്കുകയാണ്. സെന്‍കുമാറിന്റെ ആര്‍.എസ്.എസ് ബന്ധം കൂടുതല്‍ വ്യക്തമായ സാഹചര്യത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.പി അന്‍വര്‍ സാദത്ത്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡി. നൗഷാദ്, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് കരമന എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."