ജനതാദള്‍ പിളര്‍പ്പിലേക്ക് 14 സംസ്ഥാന ഘടകങ്ങള്‍ തനിക്കൊപ്പമെന്ന് ശരത് യാദവ്
ന്യൂഡല്‍ഹി: മഹാസഖ്യത്തെ പിളര്‍ത്തി പട്‌നയില്‍ ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്ന നിതീഷിന്റെ നടപടിയില്‍ അസംതൃപ്തി നിലനില്‍ക്കുന്നതിനിടയില്‍ ജനതാദള്‍(യു) പിളര്‍പ്പിലേക്ക്. ഔദ്യോഗികമായ പിളര്‍പ്പുണ്ടായിട്ടില്ലെങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ ജെ.ഡി.യു രണ്ട് പക്ഷമായി മാറിക്കഴിഞ്ഞു.
രാജ്യത്തെ 14 സംസ്ഥാന യൂനിറ്റുകള്‍ തനിക്കൊപ്പമാണെന്ന് മുന്‍പാര്‍ട്ടി അധ്യക്ഷന്‍ ശരത് യാദവ് ഇന്നലെ പ്രഖ്യാപിച്ചതോടെ പാര്‍ട്ടി പിളര്‍ന്നുവെന്ന സൂചനയാണ് നല്‍കുന്നത്.
തന്റെ നേതൃത്വത്തിലുള്ളതാണ് യഥാര്‍ഥ പാര്‍ട്ടിയെന്ന് ശരത് യാദവ് ഇന്നലെ പ്രഖ്യാപിച്ചു. ബിഹാറിലൊഴികെ മറ്റൊരു സംസ്ഥാനത്തും നിതീഷിന്റെ നീക്കത്തെ പാര്‍ട്ടി അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യസഭയിലെ രണ്ട് എം.പിമാര്‍, പാര്‍ട്ടിയുടെ ദേശീയ ഭാരവാഹികളില്‍ ചിലര്‍, 14 സംസ്ഥാന നേതൃത്വങ്ങള്‍ ശരത് യാദവിന് പിന്തുണ പ്രഖ്യാപിച്ചതായി ശരത് യാദവിന്റെ അടുത്ത അനുയായിയായ അരുണ്‍ ശ്രീവാസ്തവ അറിയിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അടുത്തിടെയാണ് ശ്രീവാസ്തവയെ നിതീഷ് കുമാര്‍ നീക്കിയത്.
നിതീഷ് കുമാറിന്റെ പാര്‍ട്ടി ബിഹാറില്‍ മാത്രം ഒതുങ്ങുകയാണെന്നും പാര്‍ട്ടി എപ്പോഴും ശരത് യാദവിന്റെ നേതൃത്വത്തിലുള്ള ദേശീയ ഘടകത്തോടൊപ്പമാണെന്നും ശ്രീവാസ്തവ അറിയിച്ചു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സമതാ പാര്‍ട്ടി ജെ.ഡി.യുവില്‍ ലയിക്കുന്ന കാലത്ത് ശരത് യാദവ് തന്നെയായിരുന്നു പാര്‍ട്ടിയുടെ ശക്തനായ നേതാവ്.
അതുകൊണ്ടുതന്നെ ജെ.ഡി.യു വിട്ട് മറ്റൊരു പാര്‍ട്ടിയിലേക്ക് പോകാന്‍ ഞങ്ങളാരും ഒരുക്കമല്ല. ബിഹാറിന് പുറത്ത് ജെ.ഡി.യു ഇല്ലെന്നാണ് നിതീഷ് പറയുന്നത്. അതുകൊണ്ട് അദ്ദേഹത്തിന് ബിഹാറില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയാണ് അനുയോജ്യമായ നടപടി. ദേശീയ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന ജെ.ഡി.യുവിനെ പിടിച്ചെടുക്കാന്‍ നിതീഷിന് കഴിയില്ല. സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടികളെയെല്ലാം കൂട്ടുചേര്‍ത്ത് ജനതാപരിവാര്‍ എന്ന കൂട്ടായ്മയുണ്ടാക്കാനുള്ള ശ്രമം വിജയിച്ചിരുന്നെങ്കില്‍ ചരിത്രസംഭവമാകുമായിരുന്നു.
എന്നാല്‍ അതിനെ പിളര്‍ത്തി നിതീഷ് ബി.ജെ.പിക്കൊപ്പം ചേര്‍ന്നത് ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. ശരത് യാദവിന് പുറമെ അലി അന്‍വര്‍, വിരേന്ദ്രകുമാര്‍ എന്നിവരാണ് ഞങ്ങള്‍ നേതൃത്വം നല്‍കുന്ന ജെ.ഡി.യുവിലുള്ളതെന്ന് ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."