ബി.ഡി.ജെ.എസ് എന്‍.ഡി.എ വിട്ടേക്കും
തമീം സലാം കാക്കാഴം#
കൊച്ചി: അയ്യപ്പജ്യോതിയില്‍നിന്ന് ബി.ഡി.ജെ.എസ് വിട്ടുനിന്നതോടെ ശബരിമലയുമായി ബന്ധപ്പെട്ട് എന്‍.ഡി.എയില്‍ ഉടലെടുത്ത ഭിന്നത മറനീക്കി പുറത്തുവരുന്നു. തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് ബി.ഡി.ജെ.എസിന്റെ നേരത്തെയുള്ള തീരുമാന പ്രകാരമായിരുന്നുവെന്നാണു സൂചന. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ബി.ജെ.പി മുന്‍കൈയെടുത്തു നടന്ന അയ്യപ്പജ്യോതിയിലേക്കു തങ്ങളെ നേരത്തെ ക്ഷണിക്കാതിരുന്നത് അവഗണനയുടെ ഭാഗമെന്നാണു നേതാക്കള്‍ വിലയിരുത്തുന്നത്.
അയ്യപ്പജ്യോതിയില്‍ എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ പങ്കാളിത്തം ഉറപ്പാക്കിയപ്പോള്‍ ബി.ഡി.ജെ.എസിനെ അറിയിക്കാന്‍ വൈകിയത് തുഷാര്‍ വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചിരുന്നു. പരിപാടിയുടെ അവസാന നിമിഷമാണു പങ്കെടുക്കാന്‍ ആവശ്യപ്പെട്ടതെന്നും കൂടിയാലോചനയ്ക്കു സമയമുണ്ടായില്ലെന്നുമെന്നാണ് തുഷാര്‍ ഇതിനോട് പ്രതികരിച്ചത്.
മനഃപൂര്‍വം അപമാനിക്കുന്ന സമീപനമാണ് ബി.ജെ.പി ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തല്‍. തുടര്‍ന്നാണ് ബി.ഡി.ജെ.എസ് കേന്ദ്രങ്ങളില്‍ അയ്യപ്പജ്യോതിയില്‍ യാതൊരു വിധത്തിലുള്ള സഹകരണവും നല്‍കാതെ പാര്‍ട്ടി മറുപടി നല്‍കിയത്. ബി.ഡി.ജെ.എസിന്റെ സാന്നിധ്യമുള്ള പല സ്ഥലങ്ങളിലും അയ്യപ്പജ്യോതിക്ക് ആളില്ലാതിരുന്നത് ബി.ജെ.പി നേതൃത്വത്തെയും ചൊടിപ്പിച്ചിട്ടുണ്ട്.
ശബരിമല വിഷയത്തോടെ എന്‍.എസ്.എസുമായി ബി.ജെ.പി സഹകരണം ശക്തമാക്കിയതാണ് ബി.ഡി.ജെ.എസിനെ ചൊടിപ്പിച്ചതെന്നാണു കരുതപ്പെടുന്നത്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ അയ്യപ്പജ്യോതിക്കു പിന്തുണ നല്‍കിയിരുന്നു. കൂടാതെ എന്‍.എസ്.എസ് ശക്തികേന്ദ്രങ്ങളില്‍ പരിപാടിയില്‍ കൂടുതല്‍ ജനപങ്കാളിത്തവുമുണ്ടായി.
സമദൂര സിദ്ധാന്തം ഉപേക്ഷിച്ച് സുകുമാരന്‍ നായര്‍ ബി.ജെ.പിയോട് അടുത്തതോടെ തങ്ങള്‍ക്ക് ഇനിയും കൂടുതല്‍ അവഗണന നേടിരേണ്ടിവരുമെന്ന പൊതുവികാരമാണ് ബി.ഡി.ജെ.എസ് നേതൃത്വത്തിനുള്ളത്. ഇതിനിടെയാണ് ഇടതു സര്‍ക്കാരിന്റെ നേതൃത്തില്‍ ജനുവരി ഒന്നിനു നടക്കുന്ന വനിതാ മതിലില്‍ പങ്കെടുക്കണമെന്ന പാര്‍ട്ടി തീരുമാനം തുഷാര്‍ വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്. ഇതോടെ വനിതാമതിലിനെ ചൊല്ലി എസ്.എന്‍.ഡി.പിയില്‍ ഉടലെടുത്ത പോരിനും ശമനമാവും.
സര്‍ക്കാര്‍ വനിതാ മതില്‍ പ്രഖ്യാപിച്ചപ്പോള്‍ ബി.ജെ.പിയുടെ സമ്മര്‍ദത്തിനു വഴങ്ങി വിട്ടുനില്‍ക്കണമെന്ന തീരുമാനമാണ് പാര്‍ട്ടി അധ്യക്ഷനായ തുഷാര്‍ വെള്ളാപ്പള്ളി സ്വീകരിച്ചത്. ഇതേച്ചൊല്ലി വനിതാമതില്‍ അധ്യക്ഷനായ വെള്ളാപ്പള്ളി നടേശനും മറ്റ് ബി.ഡി.ജെ.എസ് നേതാക്കളും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. അയ്യപ്പജ്യോതിയില്‍ അവഗണിക്കപ്പെട്ടതോടെ വെള്ളാപ്പള്ളിയുടെ തീരുമാനത്തിനു പൂര്‍ണമായും വഴങ്ങേണ്ട സ്ഥിതിയിലായിരിക്കുകയാണ് തുഷാര്‍. മാത്രമല്ല, എസ്.എന്‍.ഡി.പിയുടെ നിലപാടുകളെ തള്ളി ബി.ഡി.ജെ.എസിന് അധികകാലം മുന്നോട്ടുപോകാനാവില്ലെന്ന തിരിച്ചറിവും തുഷാറിനും മറ്റു നേതാക്കള്‍ക്കുമുണ്ട്.
അതേസമയം, വെള്ളാപ്പള്ളി നടേശന്‍ ഇടതുപക്ഷത്തോടും മുന്നോക്ക സംഘടനയായ എന്‍.എസ്.എസ് ബി.ജെ.പിയോടും അടുത്തതോടെ ബി.ഡി.ജെ.എസിന്റെ രാഷ്ട്രീയഭാവി അവതാളത്തിലായിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ ബി.ഡി.ജെ.എസിന്റെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങേണ്ടെന്ന നിലപാടാണ് ബി.ജെ.പി നേതൃത്വത്തിനുള്ളത്. നേരത്തെ, തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ആദിവാസി നേതാവ് സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ എന്‍.ഡി.എ വിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."