പുസ്തകങ്ങളിലൂടെ ലോകസഞ്ചാരം
എല്ലാ വര്‍ഷവും ആഗസ്റ്റ് 9 ലോകപുസ്തക പ്രേമികളുടെ ദിനമായി ലോകരാജ്യങ്ങള്‍ ആചരിച്ചു വരുന്നു. ഏപ്രില്‍ 23 ന് ലോകപുസ്തകദിനമായി ആചരിക്കുന്നുണ്ടെങ്കിലും പുസ്തക പ്രേമികള്‍ക്ക് വേണ്ടി ഒരു ദിനം കൂടി ആചരിക്കുന്നു. നവംബര്‍ മാസം ആദ്യത്തെ ആഴ്ചയും കൂടി ഈ ദിനത്തിന് വേണ്ടി ലോകരാജ്യങ്ങള്‍ മാറ്റി വയ്ക്കുന്നു. ദിനാചരണത്തിന്റെ ആരംഭം എന്നുമുതലാണ് എന്നുള്ളത് വ്യക്തമല്ല എങ്കിലും പുസ്തകങ്ങളുടെ ആവശ്യകത ലോകജനതയ്ക്ക് മനസ്സിലാക്കുവാന്‍ ഈ ദിനാചരണത്തിന്റെ പ്രസക്തിയുടെ പ്രചരണം ലോകമെമ്പാ ടും പുസ്തക പ്രേമികള്‍ നടത്തി വരുന്നു. ഇരിക്കുന്ന സ്ഥലത്തില്‍ ഇരുന്നുകൊണ്ട് ലോകമെമ്പാടും മനസിലൂടെ, വായനയുടെ ലോകത്തിലൂടെ ലോകമെമ്പാടും സഞ്ചരിക്കുവാന്‍ ഉപകരിക്കുന്നത് ഇതിഹാസങ്ങളും ഉപനിഷത്തുകളുമാണെന്നു അന്തരിച്ച വാഗ്മിയും സാംസ്‌കാരിക നായകനുമായ സുകുമാര്‍ അഴിക്കോട് പറയുകയുണ്ടായി.
സമൂഹത്തിന്റെ മാറ്റത്തിനും സംസ്‌കാരത്തിന്റെ സംരക്ഷണത്തിനും സാംസ്‌കാരികത്തനിമയെ കാത്തുസൂക്ഷിക്കുന്നതിനും നല്ല പുസ്തകങ്ങള്‍ക്കും ഇതിഹാസങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്. എന്നാല്‍ നവമാധ്യമങ്ങളുടെ കടന്നു വരവും മുഖപുസ്തകത്തിന്റെ വളര്‍ച്ചയും ഇന്ന് പുസ്തക വായനയുടെ പ്രസക്തിയെ നഷ്ടപ്പെടുത്തി. യുറോപ്യന്‍ രാജ്യങ്ങളില്‍ ഇന്നും പുസ്തക വായനയ്ക്ക് അവിടുത്തെ പൗരന്മാര്‍ പ്രാധാന്യം നല്‍കുന്നുണ്ട്. അമേരിക്കയിലെ 10 പേരില്‍ എട്ട് പേരും പുസ്തകങ്ങള്‍ വായിക്കുന്നതിന് സമയം കണ്ടെത്തുന്നു. ഓരോ നല്ല പുസ്തകങ്ങള്‍ക്കും അവസാനമില്ല എന്ന് കനേഡിയന്‍ കവിയായ ആര്‍.ഡി കമ്മിംഗ് പറഞ്ഞത് ഈ വേളയില്‍ നമുക്ക് ഓര്‍ക്കാം. പുസ്തകങ്ങളാണ് ഓരോ രാജ്യത്തിന്റേയും ചരിത്രത്തിന്റെ ഭാഗമായി മാറിയിട്ടുള്ളത്.
ഏറ്റവും കൂടുതല്‍ പുസ്തക പ്രേമികള്‍ ഉള്ളത് ഐസ്‌ലാന്റിലാണ്. ഇവിടുത്തെ ജനങ്ങള്‍ വായനയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് പുസ്തകങ്ങളുടെ വളര്‍ച്ചയ്ക്ക് കഴിയുന്ന സഹായങ്ങള്‍ ചെയ്ത് വരുന്നു. 10 പേരില്‍ ഒരാളെങ്കിലും വായനയിലൂടെ നേടിയ അറിവ് മുഖേന സ്വന്തമായി പുസ്തകം പ്രസിദ്ധീകരിക്കുന്നുമുണ്ട്. മൂന്ന് ലക്ഷം വായനക്കാര്‍ ഇതിലൂടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നല്ല പുസ്തകങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് വരുന്ന കോപ്പികള്‍ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങള്‍ രാജ്യത്തുണ്ട്. രാജ്യത്തിന്റെ ഗതി മാറ്റിയ പുസ്തകങ്ങള്‍ ഏറെ ഉണ്ടെങ്കിലും പ്ലാട്ടോ എന്ന ചിന്തകന്‍ രചിച്ച ദി.റിപ്പബ്ലിക്കും, കാറല്‍മാര്‍ക്‌സ് , ഫെഡറിക് ഏംഗല്‍സ് എന്നിവര്‍ രചിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും, അദം സ്മിത്ത് രചിച്ച ദി വെല്‍ത്ത് ഓഫ് നേഷന്‍സും, കൂടാതം കാറല്‍മാര്‍ക്‌സ് തന്നെ രചിച്ച ദാസ് ക്യാപിറ്റലും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും കോടിക്കണക്ക് വരുന്ന ആളുകള്‍ വായിക്കുകയും ഇന്നും ഈ പുസ്തകങ്ങളുടെ ആരാധകര്‍ ലോകത്ത് ഉണ്ട്. ഓരോ വിഷയങ്ങളെ ആസ്പദമാക്കി നിരവധിയായ പുസ്തകങ്ങള്‍ വിപണിയില്‍ ഉണ്ടെങ്കിലും ഇന്ന് ആളുകള്‍ ഏറെ ഇഷ്ടപ്പെടുന്നത് പ്രണയം ആസ്പദമാക്കി പ്രസിദ്ധീകരിക്കപ്പെടുന്ന പുസ്തകങ്ങളെയാണ്. 74% വരുന്ന പുസ്തക പ്രേമികള്‍ പ്രണയം ആസ്പദമാക്കിയുള്ള പുസ്തകങ്ങളെയാണ്.
ഇന്ത്യപോലുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ പുസ്തകങ്ങളെ ജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നുണ്ടെങ്കിലും മറ്റു രാജ്യങ്ങളില്‍ യാത്രാവേളകളിലും, ഭക്ഷണസമയത്തും എന്തിന് പ്രാഥമിക ആവശ്യം നിറവേറ്റുന്ന സമയത്തും വരെ പുസ്തകവുമായാണ് ആളുകള്‍ സമയം ചിലവഴിക്കുന്നത്. ആ രാജ്യങ്ങളിലെല്ലാം ഇന്ത്യയെക്കാളും വിവരസാങ്കേതിക വിദ്യയുടെ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായിരുന്നിട്ടും പുസ്തക വായന എന്നുള്ളത് അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമായി കൊണ്ടുനടക്കുന്നു. രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന വേളയില്‍ അവരുടെ ബാഗുകള്‍ പരിശോധിച്ചു നോക്കിയാല്‍ കുറഞ്ഞത് മൂന്ന് പുസ്തകങ്ങളെങ്കിലും അവര്‍ സൂക്ഷിക്കുന്നുണ്ടാവും പക്ഷേ നമ്മുടെ രാജ്യത്ത് യുവതീ യൂവാക്കള്‍ വിദ്യാലയങ്ങളില്‍ പഠിക്കുവാന്‍ സൂക്ഷിക്കേണ്ട പുസ്തകങ്ങള്‍ പോലും ഒഴിവാക്കി മൊബൈലുകളും ഐപാഡും ലാപ്പ്‌ടോപ്പും സ്വന്തം ബാഗുകളില്‍ കരുതുകയും കിട്ടുന്ന സമയങ്ങളില്‍ ചാറ്റിങും, ചീറ്റിങും നടത്തുന്നു. ഈ അവസരത്തിലാണ് പുസ്തകപ്രേമികളുടെ ദിനം കടന്നു പോകുന്നത്.
വായനകളെ മാത്രമെ ഓരോ മനുഷ്യരുടേയും ജീവിതത്തിന് അര്‍ഥപൂര്‍ണ്ണമായി മാറ്റിയെടുക്കുവാന്‍ സാധിക്കുകയുള്ളൂ. നിരവധിയായ പുസ്തകങ്ങള്‍ ശേഖരിക്കുകയും അവ സ്വന്തം വീടുകളില്‍ സൂക്ഷിക്കുന്നവരെയും നമുക്കിന്ന് സമൂഹത്തില്‍ കാണാന്‍ കഴിയും എന്നാല്‍ ശേഖരിക്കുന്ന പുസ്തകങ്ങള്‍ മുഴുവനും വായിച്ചു തീര്‍ക്കുന്നവര്‍ വിരളമാണ്. മറ്റുള്ളവരുടെ പക്കല്‍ നിന്നും പുസ്തകങ്ങള്‍ കൈപ്പറ്റുകയും അവ അനാവശ്യമായി എവിടെയെങ്കിലും സൂക്ഷിച്ച് വായനാശീലമുള്ളവര്‍ക്ക് നല്‍കാതെ പുസ്തകങ്ങളെ പാഴാക്കുന്ന ശീലമുള്ളവര്‍ നിരവധിയാണ്. എന്നാല്‍ മറ്റുള്ളവരെ വീക്ഷിക്കുന്നതല്ല, മറ്റുള്ളവരുടെ പ്രസംഗം മുഴുവനായി കേള്‍ക്കുന്നതല്ല, മറ്റുള്ളവരുടെ ജീവിത ചരിത്രങ്ങള്‍ ശ്രദ്ധിക്കുന്നതല്ല, മറിച്ച് നല്ല പുസ്തകങ്ങള്‍ മുഴുവനുമായി വായിക്കുമ്പോഴാണ് അറിവിന്റെ ലോകം കീഴടക്കാന്‍ സാധിക്കുന്നത്. ലോകമെമ്പാടും പുസ്തകത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പുസ്തകവില്‍പ്പന ശാലകള്‍ പ്രവര്‍ത്തിച്ചുവരുന്നു. അമേരിക്കയിലെ പോര്‍ട്ട് ലാന്‍ഡ് നഗരത്തില്‍ മാത്രം മില്യണ്‍ കണക്കില്‍ പുസ്തകങ്ങള്‍ വിറ്റഴിക്കുന്നു. നമ്മുടെ രാജ്യത്തും 2014 ല്‍ പൂനെ നഗരത്തില്‍ 20,000 സ്‌ക്വയര്‍ഫീറ്റില്‍ പുസ്തകശാല ആരംഭിച്ചിട്ടുണ്ട്. കേരളത്തിലൂടനീളം നിരവധിയായ പുസ്തകശാലകളുണ്ട്. എന്നാല്‍ ഇവയുടെ ഉപയോഗം ശരിയായ രീതിയില്‍ ജനങ്ങള്‍ ജീവിതത്തിന് ആവശ്യമായ വിജ്ഞാനവും, അറിവും നേടാന്‍ ഉപയോഗിക്കുന്നില്ല. പുസ്തകങ്ങള്‍ വായിക്കുന്നതിലൂടെ ഒരു വ്യക്തി എല്ലാ അറിവും ലഭിക്കുന്ന എന്‍സൈക്ലോപീഡിയ ആയി മാറാന്‍ സാധിക്കും. ഇന്റര്‍നെറ്റ് മുഖേന ലഭിക്കുന്ന അറിവിനെക്കാളും പുസ്തക പ്രേമത്തിലൂടെ ലഭിക്കുന്ന അറിവ് വലുതാണ്. ആയത് കൊണ്ടാണ് പ്രശസ്ത കവിയായ കുഞ്ഞുണ്ണി മാഷ് വായനയുടെ പ്രസക്തിയെ ജനങ്ങളിലേയ്ക്ക് എത്തിക്കുവാന്‍ ഇങ്ങനെ പറഞ്ഞു. വായിച്ചാലും വളരും, വായിച്ചില്ലേലും വളരും, വായിച്ചാല്‍ വിളയും, വായിച്ചേല്ലേല്‍ വളയും. ഈ വാക്കുകളിലൂടെ വായനശീലം ജീവിതത്തില്‍ നിന്നും വംശനാശം നേരിട്ടാല്‍ ഉണ്ടാകുന്ന വൈകല്യങ്ങളെ ലളിതമായ ഭാഷയില്‍ കുഞ്ഞുണ്ണിമാഷ് പറഞ്ഞത് ഈ ദിനത്തില്‍ നാം ഓര്‍ക്കുന്നത് നന്ന്.
ഗ്രന്ഥശാലയുടെ പിതാവും സാംസ്‌കാരിക കേരളത്തിന്റെ ശില്‍പിയും ആയ പി.എന്‍.പണിക്കരുടെ ഓര്‍മ്മയ്ക്കായി ജൂണ്‍ 19 ന് സംസ്ഥാനത്ത് വായന ദിനമായി ആചരിച്ചുവരുന്നു.ഈ ദിനങ്ങളിലൂടെ നല്ല പുസ്തകങ്ങളേയും ഇതിഹാസങ്ങളേയും വായിക്കാം. മുഖപുസ്തകങ്ങളെ ആവശ്യത്തിന് മാത്രം ഉപയോഗിക്കാം. ഉത്സവദിനങ്ങളില്‍ സമ്മാനങ്ങളായി പുസ്തകങ്ങള്‍ കൈമാറുകയും അതിലൂടെ വായനയെ പ്രോത്സാഹിപ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."