യു.പിയിലെ കലാപം: രാജ്യം എങ്ങോട്ട് ?
റാശിദ് മാണിക്കോത്ത്
9747551313#
'എല്ലാ മതങ്ങളെയും ആദരിക്കാനും മതേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് ജീവിക്കാനുമാണ് അച്ഛന്‍ ഞങ്ങളെ പഠിപ്പിച്ചത്. മതത്തിന്റെ പേരില്‍ അക്രമം അഴിച്ചുവിടുന്നവരുടെ കൂട്ടത്തില്‍ പെടരുതെന്നും അദ്ദേഹം എന്നും ഓര്‍മിപ്പിക്കുമായിരുന്നു. ഇന്ന് എന്റെ അച്ഛന്റെ ജീവന്‍ നഷ്ടപ്പെട്ടു. നാളെ ആരുടെ അച്ഛനാകും കൊല്ലപ്പെടുക' യു.പി യില്‍ ഫാസിസ്റ്റ് ശക്തികള്‍ നടത്തിയ ആസൂത്രിത കൊലപാതകത്തിനിടെ കൊല്ലപ്പെട്ട പൊലിസുദ്യോഗസ്ഥന്‍ സുബോധ് കുമാറിന്റെ മകന്‍ അഭിഷേകിന്റെതാണീ വാക്കുകള്‍. മതേതര ഇന്ത്യയെ ഇല്ലായ്മ ചെയ്ത് ഹിന്ദു രാഷ്ട്ര നിര്‍മിതിക്കായി രാജ്യത്ത് അസ്വാരസ്യങ്ങളുടെ വിത്തുകള്‍ പാകി മഹനീയമായ മാനവികതയുടെ കടയ്ക്കല്‍ കത്തിവച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ക്കു സുബോധിനെപ്പോലുള്ള ഉദ്യോഗസ്ഥര്‍ ഭീഷണിയാണ്, കണ്ണിലെ കരടാണ്.
ബഹുസ്വരതയുടെ, മതേതരത്വത്തിന്റെ, മാനവികതയുടെ കുളിര്‍മയേകുന്ന ഇളംതെന്നല്‍ ഇരുണ്ട യുഗത്തിന്റെ വക്താക്കള്‍ക്ക് അലര്‍ജിയാണ്. മതേതര മൂല്യങ്ങളെ സംരക്ഷിക്കാന്‍ തുനിയുന്നവര്‍, അതിന്റെ കാവലാളായി നിലകൊള്ളുന്നവര്‍ ആരായാലും ഫാസിസ്റ്റുകള്‍ക്ക് അനഭിമതരാകുന്നു. ഫാസിസ്റ്റുകളുടെ ഉന്മൂലനപ്പട്ടികയില്‍ ഉള്‍പെട്ട് രക്തസാക്ഷികളായ ഒരുപാട് സുബോധുമാര്‍, അവരുടെ നിരാലംബരായ കുടുംബങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യശരങ്ങള്‍ ഫാസിസ്റ്റ് ഭരണകൂട വ്യവസ്ഥിതിയുടെ ബധിരകര്‍ണങ്ങളില്‍ തട്ടി വിസ്മൃതി പൂകുന്നു.
'നാളെ ആരുടെ അച്ഛനാകും കൊല്ലപ്പെടുക'യെന്ന ആ പന്ത്രണ്ടാം ക്ലാസുകാരന്റെ ചോദ്യം വളരെ പ്രസക്തമാണ്. രാജ്യത്തെ അസ്ഥിരതപ്പെടുത്തുന്നവര്‍ക്കെതിരേ, മാനുഷിക മൂല്യങ്ങളെ ചവിട്ടിയരയ്ക്കുന്നവര്‍ക്കെതിരേ സന്ധിയില്ലാസമരം നടത്തുന്നവരെ ഭൂമിയില്‍ നിന്നു തന്നെ ഇല്ലായ്മ ചെയ്യുന്ന നികൃഷ്ട ഭ്രാന്തന്‍ കൂട്ടത്തെ സംരക്ഷിക്കുന്ന ഒരു ഭരണകൂടം രാജ്യത്തെ നയിക്കുന്നത് എങ്ങോട്ടാണ് സ്വാതന്ത്ര്യാനന്തര ഭാരതം, എണ്ണമറ്റ മഹാരഥന്മാരുടെ സമര പോരാട്ടത്തിലൂടെയും അക്ഷീണ യത്‌നത്തിലൂടെയും ജീവാര്‍പ്പണത്തിലൂടെയും നേടിയെടുത്ത മഹത്തായ മതേതര പാരമ്പര്യം ഫാസിസ്റ്റുകളുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമരുന്നതു കാണുമ്പോള്‍ രാജ്യസ്‌നേഹിയായ ഒരാള്‍ക്കും ഇരിപ്പുറയ്ക്കില്ല. ഇന്ന് രാജ്യത്തെവിടെയും ഭീതിയുടെ ഇരുട്ടിന് മുമ്പൊന്നുമില്ലാത്ത വിധം കനം വച്ചിരിക്കുന്നു. ഫാസിസ്റ്റ് നിര്‍മിത കാലാവസ്ഥാ പരിണാമം രാജ്യത്ത് ദുരന്തങ്ങളുടെ പട്ടികയ്ക്ക് അന്ത്യമില്ലാതാക്കി. ഫാസിസ്റ്റുകള്‍ക്കെതിരേ പേനയെടുക്കുന്നവര്‍, പ്രസംഗിക്കുന്നവര്‍, ആത്മാര്‍ഥതയോടെ ഔദ്യോഗിക ജീവിതം നയിക്കുന്നവര്‍, അണിഞ്ഞിരിക്കുന്ന യൂനിഫോമിനോട് കൂറുപുലര്‍ത്തുന്നവര്‍ ഇവരെല്ലാം അകാലത്തില്‍ മരണം പുല്‍കുന്നു. രാജ്യദ്രോഹികളുടെ കൊലക്കത്തിക്കും വെടിയുണ്ടയ്ക്കും ഇരയായി പിടഞ്ഞു വീഴുന്നു.
അത്രമേല്‍ വിറളി പൂണ്ട ഫാസിസം രാജ്യത്തെ പൈതൃകങ്ങളെ, മത,സാമൂഹ്യ, സാംസ്‌കാരിക മൂല്യങ്ങളെ സര്‍വോപരി മാനവിക സൗഹാര്‍ദപരിതസ്ഥിതിയെ തീര്‍ത്തും ഇല്ലായ്മ ചെയ്തു മുന്നേറുമ്പോള്‍ വിറങ്ങലിച്ചു നില്‍ക്കുന്ന സമൂഹം നിസ്സഹായതയിലാണ്. ജനാധിപത്യ വ്യവസ്ഥിതിയില്‍ അധികാരത്തിലേറിയവര്‍ ഫാസിസ്റ്റുകളുടെ ചെയ്തികള്‍ക്കു കുടപിടിച്ചു കൊടുക്കുമ്പോള്‍ ഈ സമൂഹം ഇനിയാരിലാണ് വിശ്വാസം അര്‍പ്പിക്കുക
മതേതരത്വത്തിന്റെ കശാപ്പുകാരുടെ ആദ്യത്തെ ഇരയല്ല സുബോധ് എന്ന പൊലിസുകാരന്‍. അവസാനത്തേതാകാനുമിടയില്ല. 2015 സെപ്റ്റംബര്‍ 28ന് ഗൗതം ബുദ്ധ നഗറിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന പാവം മനുഷ്യനെ മാംസം കൈവശം വച്ചെന്ന വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ആള്‍ക്കൂട്ട ഭ്രാന്തന്മാര്‍ അടിച്ചു കൊലപ്പെടുത്തിയിരുന്നു. മതേതര ഇന്ത്യ തീര്‍ത്തും നടുങ്ങിപ്പോയ സംഭവമായിരുന്നു അത്.
ഈ കേസ് പ്രാഥമികാന്വേഷണം നടത്തിയ സുബോധ് കുമാര്‍, അഖ്‌ലാഖിന്റെ വീട്ടില്‍ കണ്ടെത്തിയത് മാട്ടിറച്ചിയായിരുന്നുവെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്നു തൊട്ട് ഫാസിസ്റ്റുകളുടെ കണ്ണിലെ കരടായി മാറി ഈ നീതിമാനായ പൊലിസുദ്യോഗസ്ഥന്‍. ഉടന്‍ തന്നെ സുബോധിനെ ഈ കേസന്വേഷണത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ഭരണകൂടം തങ്ങളുടെ ഇംഗിതങ്ങള്‍ക്കു വഴങ്ങുന്ന മറ്റൊരു ഉദ്യോഗസ്ഥനെ അവരോധിച്ചു. ഇയാള്‍ പിന്നീട് നല്‍കിയ റിപ്പോര്‍ട്ടില്‍ ആട്ടിറച്ചി പശുമാംസമായി മാറിയതും ഇന്ന് സുബോധ് എന്ന പൊലിസുകാരന്‍ ഈ ഭൂമുഖത്തില്ലായെന്നതും കൂട്ടിവായിക്കുമ്പോള്‍ രാജ്യത്തു ശക്തി പ്രാപിച്ചു കഴിഞ്ഞിരിക്കുന്ന ഫാസിസ്റ്റ് ശക്തികളുടെ ഭരണകൂട സ്വാധീനം അത്രമേല്‍ ഭീതിതമാണെന്ന് വെളിവാക്കപ്പെടുകയാണ്.
യു.പി മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനമാണ് സുബോധ് കുമാറിന്റെ സഹോദരി നടത്തിയിട്ടുള്ളത്. 'മുഖ്യമന്ത്രി എന്നും പശുവിനെക്കുറിച്ചു മാത്രം സംസാരിക്കുന്നു. ഈ പശുവെന്നു പറഞ്ഞാല്‍ എന്താണ് എന്റെ പിതാവും പൊലിസുകാരനായിരുന്നു. ഇതുപോലൊരു സംഭവത്തില്‍ പിതാവും കൊല്ലപ്പെട്ടു. ഇപ്പോള്‍ പശുവിന്റെ പേരില്‍ സഹോദരനെയും അവര്‍ ഇല്ലാതാക്കി'. ഈ സഹോദരിയുടെ വാക്കുകള്‍ ചാട്ടുളിയായി രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുമ്പോഴും ഫാസിസ്റ്റുകള്‍ക്ക് ഓശാന പാടുന്നവര്‍ക്ക് യാതൊരു വിധ അനക്കവും ഇല്ലെന്നതാണ് ഖേദകരം. സുബോധ് എന്ന പൊലിസുദ്യോഗസ്ഥനു നേരെ ഇതിനു മുമ്പും വധശ്രമം ഉണ്ടായിട്ടുണ്ടെന്ന ഭാര്യയുടെ വെളിപ്പെടുത്തലും ദീനരോദനവും ഇവിടെ ബാക്കിയാവുകയാണ്.
രാജ്യത്തെ ന്യൂനപക്ഷങ്ങളും ദലിതരുമടങ്ങുന്നവര്‍ ഭാരതത്തിന്റെ മക്കളല്ലെന്ന പൊതുബോധ സൃഷ്ടിപ്പിനും ഹിന്ദുരാഷ്ട്ര നിര്‍മിതിക്കും കോപ്പുകൂട്ടുന്ന വര്‍ഗീയ ഫാസിസ്റ്റുകള്‍ ഇങ്ങനെ വിറളിപിടിച്ച് ഓടിയാല്‍ മഹത്തായ ഇന്ത്യാ രാജ്യം അഭിമുഖീകരിക്കേണ്ടി വരുന്ന കഷ്ട നഷ്ടങ്ങളുടെ കണക്കെടുപ്പ് അസാധ്യമായി തീരുമെന്ന് സ്പഷ്ടം. ഇതിനകം തന്നെ ഫാസിസ്റ്റുകള്‍ രാജ്യത്ത് തീര്‍ത്ത മുറിവുകളില്‍ നിന്നുള്ള വ്രണം പഴുത്ത് ദുര്‍ഗന്ധം വമിച്ചു തുടങ്ങിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."