രാഷ്ട്രീയ സദാചാരം വലിച്ചെറിയുന്ന മുന്നണി ബന്ധങ്ങള്‍
വേലിയില്‍കിടന്ന പാമ്പിനെ പിടിച്ച് കഴുത്തിലിടുകയും പിന്നീടതിനെ വലിച്ചെറിയുവാന്‍ പാടുപെടുകയും ചെയ്ത കഥയെ അനുസ്മരിപ്പിക്കുന്നു സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുമുന്നണി വികസനം.
ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ബി.ജെ.പിയെ ശബരിമലയുടെ പേരില്‍ കഴുത്തിലണിഞ്ഞ സി.പി.എം ഇപ്പോഴതിനെ ദൂരെക്കളയാന്‍ പാടുപെടുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയ വേളയില്‍ അത് ക്ഷിപ്രസാധ്യമല്ലെന്ന് കണ്ടതിനാലാണ് തിരക്കിട്ട് ഇടതുമുന്നണി വികസനം പൂര്‍ത്തിയാക്കിയത്. കാല്‍ നൂറ്റാണ്ടോളമായി മുന്നണി പ്രവേശനത്തിനു കാത്തിരിക്കുന്ന ഐ.എന്‍.എല്ലിനെയും യു.ഡി.എഫ് വിട്ടുവന്ന ആര്‍. ബാലകൃഷ്ണ പിള്ളയുടെ കേരളാ കോണ്‍ഗ്രസിനെയും എം.പി വീരേന്ദ്രകുമാറിന്റെ ഇപ്പോഴത്തെ പാര്‍ട്ടിയായ (നാളെ മറ്റൊരു നയവും മറ്റൊരു പാര്‍ട്ടിയും ആകാനുള്ള സാധ്യതയുണ്ട്) ലോക് താന്ത്രിക് ജനതാദളിനെയും(എല്‍.ജെ.ഡി) ജോസഫ് ഗ്രൂപ്പില്‍നിന്ന് പിണങ്ങിപ്പോന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെയും കൂട്ടിയാണ് ഇടതുമുന്നണി വികസിപ്പിച്ചിരിക്കുന്നത്.
രാഷ്ട്രീയ സത്യസന്ധത കൈമോശം വന്നവരാണ് ഇതില്‍ ചില കക്ഷികള്‍. അഴിമതിക്കെതിരേ, വര്‍ഗീയതയ്‌ക്കെതിരേ ആദര്‍ശം പ്രസംഗിച്ച സി.പി.എം ഒരു രാവ് ഇരുട്ടി വെളുത്തപ്പോഴേക്കും അതെല്ലാം വെട്ടിവിഴുങ്ങിയിരിക്കുന്നു. തീണ്ടാപ്പാടകലെ നിര്‍ത്തിയ ഈ കക്ഷികളെയെല്ലാം കൂട്ടിയത് ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുമോ എന്ന വേവലാതിയിലാണ്. തങ്ങള്‍ കൂടി ചേര്‍ന്നപ്പോള്‍ മുന്നണിക്ക് 47 ശതമാനം വോട്ടുണ്ടെന്ന ആര്‍. ബാലകൃഷ്ണപിള്ളയുടെ അവകാശവാദം പൊള്ളയാണ്. ഇന്ത്യയില്‍ സി.പി.എമ്മിനെ കടലെടുത്തുകൊണ്ടിരിക്കുമ്പോള്‍ അവസാനത്തെ തുരുത്തായി അവശേഷിക്കുന്നത് കേരളം മാത്രമാണ്. സി.പി.എം പൊളിറ്റ് ബ്യൂറോക്കും കേന്ദ്രകമ്മിറ്റിക്കും ചെല്ലുംചെലവും കൊടുത്ത് നിലനിര്‍ത്തേണ്ട ബാധ്യത കേരള ഘടകത്തിനാണ്. അതിനാല്‍തന്നെ ഏത് വിധേനയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ കിട്ടിയേപറ്റൂ. ഇത്തരമൊരവസരത്തില്‍ അഴിമതിക്കെതിരേയും വര്‍ഗീയതക്കെതിരേയും പ്രസംഗിക്കുന്നതില്‍ അര്‍ഥമില്ലെന്ന് പാര്‍ട്ടി നേതൃത്വം കരുതിക്കാണണം. രാഷ്ട്രീയ സദാചാരവും തത്ത്വദീക്ഷയും പരിശോധിക്കേണ്ട സമയമല്ല ഇതെന്നും പാര്‍ട്ടി കരുതുന്നുണ്ടാകണം.
ഈയൊരു വയ്യാവേലി സി.പി.എം തന്നെ ഉണ്ടാക്കിയെടുത്തതാണ്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രിംകോടതി വിധി വന്നയുടനെതന്നെ ചാടിപ്പുറപ്പെട്ട് വിധി നടപ്പാക്കാന്‍ തുനിഞ്ഞത് ഇപ്പോള്‍ അവര്‍ക്കുതന്നെ വിനയായി. അതേസമയം ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളി തര്‍ക്കത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കാന്‍ സി.പി.എം ഔത്സുക്യം കാണിച്ചതുമില്ല.
തികച്ചും രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണ് സി.പി.എം ശബരിമല പ്രശ്‌നത്തെ സമീപിച്ചത്. സ്ത്രീ പ്രവേശനത്തിലൂടെ സംസ്ഥാനത്തെ മുഴുവന്‍ സ്ത്രീകളുടെയും പിന്തുണകിട്ടുമെന്ന് അവര്‍ വിശ്വസിച്ചു. സ്ത്രീ പ്രവേശനത്തിന് അനുകൂലമായിരുന്ന ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും എന്‍.എസ്.എസിന്റെയും നേതൃത്വത്തില്‍ സ്ത്രീജനങ്ങള്‍ നാമജപയാത്ര നടത്തിയപ്പോള്‍ സി.പി.എം പ്ലേറ്റ് മാറ്റുകയായിരുന്നു. സ്ത്രീ പ്രവേശനത്തിന് അനുകൂലമായിരുന്നവര്‍ പെട്ടെന്ന് എതിരായി. ഇത്തരമൊരവസ്ഥയില്‍ രാഷ്ട്രീയ പ്രബുദ്ധതയോടെ കൈകാര്യം ചെയ്യേണ്ടിയിരുന്ന ശബരിമല വിഷയം സി.പി.എം കൈയൂക്കു കൊണ്ട് വഷളാക്കി. തന്ത്രിയേയും പന്തളം രാജകുടുംബത്തെയും ദേവസ്വംബോര്‍ഡിനെയും ഒരു മേശയ്ക്കു ചുറ്റുമിരുത്തി പറഞ്ഞുതീര്‍ക്കാമായിരുന്ന വിഷയം വികൃതമാക്കി.
ഈ നയവൈകല്യത്തിനു കൊടുക്കേണ്ടിവന്ന വിലയായിട്ടുവേണം ഇപ്പോഴത്തെ മുന്നണി വികസനത്തെ കാണാന്‍. എല്ലാവരെയും പ്രകോപിതരാക്കി നിര്‍ത്തിയിരിക്കുന്ന അവസരത്തില്‍ സി.പി.എമ്മിന്റെ പിടിവിട്ടു പോയിരിക്കുന്നു. അതിനാലാണ് നേരത്തെ വര്‍ഗീയ പാര്‍ട്ടിയെന്ന കാരണം പറഞ്ഞു ദൂരെ നിര്‍ത്തിയ ഐ.എന്‍.എല്ലിനെ ഇപ്പോള്‍ വാരിപ്പുണര്‍ന്നിരിക്കുന്നത്. ഇക്കാലയളവില്‍ എന്തു മാറ്റമാണ് ഐ.എന്‍.എല്ലില്‍ സംഭവിച്ചത് മുസ്‌ലിം ലീഗിന് തീവ്രത പോരെന്നു പറഞ്ഞ് വിട്ടുപോന്ന ഇബ്രാഹീം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടതാണ് ഐ.എന്‍.എല്‍. ബാബരി മസ്ജിദ് സംഘ്പരിവാര്‍ തകര്‍ത്തപ്പോള്‍ അതിനെതിരേ കേരളത്തില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു അദ്ദേഹം ഐ.എന്‍.എല്‍ സ്ഥാപിച്ചത്. അവരെയാണിപ്പോള്‍ വര്‍ഗീയതയ്‌ക്കെതിരെ പ്രസംഗിച്ചുകൊണ്ടേയിരിക്കുന്ന സി.പി.എം കൂടെ കൂട്ടിയിരിക്കുന്നത്. രാജ്യത്ത് അഴിമതിക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട വളരെ ചുരുക്കം ചില രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് ആര്‍. ബാലകൃഷ്ണപിള്ള. ഇടമലയാര്‍ അഴിമതിക്കേസില്‍ വി.എസ് അച്യുതാനന്ദന്‍ പിള്ളയ്ക്കു ശിക്ഷവാങ്ങിക്കൊടുക്കുന്നതു വരെ കേസുമായി മുന്നോട്ടുപോയി. ഇപ്പോള്‍ ഇടതുമുന്നണി ഭരണത്തില്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനായ വി.എസിന്റെ മുന്നണിയിലേക്ക് മുന്നാക്ക കമ്മിഷന്‍ ചെയര്‍മാനായ പിള്ള കടന്നുവരുമ്പോള്‍ അഴിമതിക്കെതിരേ എന്തു വാക്കാണ് സി.പി.എമ്മിന് ഉപയോഗിക്കാനുള്ളത്.
ഇടതുമുന്നണി വിട്ട് യു.ഡി.എഫില്‍ ചേര്‍ന്നപ്പോള്‍ എം.പി വീരേന്ദ്രകുമാര്‍ പറഞ്ഞത് വലിയ ആശ്വാസവും സ്വാതന്ത്ര്യവും തോന്നുന്നു എന്നാണ്. ഇടതുമുന്നണിയില്‍ ശ്വാസംമുട്ടലായിരുന്നുവെന്നും അദ്ദേഹം അന്നു പറഞ്ഞു. തിരികെ വീണ്ടും ഇടതുമുന്നണിയിലെത്തിയപ്പോള്‍ അദ്ദേഹം പറയുന്നു സ്വന്തം വീട്ടില്‍ തിരിച്ചെത്തിയപോലെയെന്ന്. രാഷ്ട്രീയ സദാചാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഇത്തരം നേതാക്കളുടെ കൂടാരമായി മാറുകയാണോ ഇടതുമുന്നണി പാര്‍ട്ടിയും നയവും പരിപാടികളും ഇടക്കിടെ മാറ്റിക്കൊണ്ടിരിക്കുന്ന വീരേന്ദ്രകുമാറിനെപ്പോലുള്ള നേതാക്കള്‍ക്ക് ഇതു പുത്തരിയാവില്ല. എന്നാല്‍, വര്‍ഗസമര സിദ്ധാന്തത്തില്‍ ഉറച്ചുനിന്ന് അധ്വാനിക്കുന്ന ജനവിഭാഗത്തിനു വേണ്ടി പൊരുതുന്ന സി.പി.എമ്മിനു ചേര്‍ന്നതാണോ ഇത്തരം സങ്കലനങ്ങള്‍.
സ്ത്രീകളെ ശബരിമലയിലേക്ക് ആനയിക്കുകയും വഴിക്കുവച്ച് അവര്‍ക്ക് സാരോപദേശം നല്‍കി തിരികെ കൊണ്ടുവരികയും ചെയ്യുന്ന പ്രഹസന നാടകംകൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ കഴിയില്ലെന്ന ഭയപ്പാടിലായിരിക്കാം ഇത്തരം പാര്‍ട്ടികളെ മുന്നണിയിലെടുത്ത് രാഷ്ട്രീയ സത്യസന്ധതയും കുലീനതയും സി.പി.എം കൈയൊഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."