കെനിയയില്‍ തെരഞ്ഞെടുപ്പ് സംഘര്‍ഷത്തില്‍ 24 മരണം
നെയ്‌റോബി: കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ കെനിയയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ 24 മരണം. കെനിയ ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയാണ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പരാജയപ്പെട്ട സ്ഥാനാര്‍ഥി റെയ്‌ല ഒഡിംഗക്ക് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേര്‍സ് അനുയായികളെ അക്രമത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നിര്‍ദേശംനല്‍കി.
തലസ്ഥാന നഗരമായ നെയ്‌റോബിയിലാണ് അക്രമങ്ങളേറെയും അരങ്ങേറുന്നത്. പ്രക്ഷോഭകര്‍ റോഡുകളെല്ലാം തന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഏതാനും ദിവസങ്ങളായി ഇവിടെ കടകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒന്‍പത് വയസുകാരിയായ പെണ്‍കുട്ടിയുമുണ്ട്.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉഹുറു കെനിയാത്ത തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് കെനിയയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലത്തില്‍ വ്യാപക കൃത്രിമത്വം നടന്നുവെന്നാരോപിച്ച് എതിര്‍ സ്ഥാനാര്‍ഥിയായ റെയ്‌ല ഒഡിംഗ രംഗത്തുവന്നതോടെയാണ് കെനിയയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കള്ളനോട്ട് പിടികൂടാനായി ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയതെങ്കിലും ഈ മെഷീന്‍ മുതിര്‍ന്ന ഐ.ടി ഉദ്യോഗസ്ഥനായ ക്രിസ് സാന്റോയുടെ ഐഡന്റിറ്റി ഉപയോഗിച്ച് ഹാക്ക് ചെയ്തപ്പെട്ടതായാണ് ഒഡിംഗയുടെ ആരോപണം. കൊല്ലപ്പെട്ട നിലയില്‍ കഴിഞ്ഞ മാസം സാന്റോയെ കണ്ടെത്തിയിരുന്നു. ആരോപണവുമായി ഒഡിംഗയുടെ അനുയായികള്‍ തെരുവിലിറങ്ങുകയായിരുന്നു. കെനിയന്‍ മനുഷ്യാവകാശ സംഘടനയുടെ കണക്ക് പ്രകാരം 26 ആളുകളാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."