കര്‍ണാടകത്തിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍
കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യമുയര്‍ത്തിയത് ബി.ജെ.പിയാണെങ്കിലും അത് നടപ്പാക്കാന്‍ വിയര്‍ത്ത് പണിയെടുത്തത് കോണ്‍ഗ്രസുതന്നെയാണെന്നു വേണം പറയാന്‍. വടക്കേ ഇന്ത്യയില്‍ ജാതിസമവാക്യങ്ങളുയര്‍ത്തിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പുകളെ നേരിടുന്നത്. പല പാര്‍ട്ടികളും അതേറ്റുപിടിക്കാറുമുണ്ട്. എന്നാല്‍ തെക്കേ ഇന്ത്യയില്‍ സ്ഥിതി വിഭിന്നമാണ്.
കാലങ്ങളായി കോണ്‍ഗ്രസും പിന്നെ ജനതാദളും തുടര്‍ന്ന് ബി.ജെ.പിയും അധികാരത്തില്‍ വന്ന ചരിത്രമാണ് കര്‍ണാടകയുടേത്. കഴിഞ്ഞ ബി.ജെ.പി സര്‍ക്കാരില്‍ നിന്നും കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ചപ്പോള്‍ വര്‍ഗീയതയെ ചെറുക്കാനായെന്ന അഭിപ്രായമെങ്ങുമുയര്‍ന്നിരുന്നു. എന്നാല്‍ വര്‍ഗീയതയെക്കാള്‍ ഭീകരമായത് സംഭവിക്കുമ്പോള്‍ അതിനുമുന്‍പില്‍ പകച്ചുനില്‍ക്കുകയാണ് കര്‍ണാടക ജനത. 2019ല്‍ സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. എന്നാല്‍ അതിനുമുന്‍പേ സംസ്ഥാന ഭരണം നഷ്ടപ്പെടാതെ നോക്കാന്‍ ആ പാര്‍ട്ടിക്ക് ഏറെ കഷ്ടപ്പെടേണ്ടിവരും. സിദ്ധരാമയ്യയ്ക്ക് മുന്‍ മുഖ്യമന്ത്രി കൃഷ്ണയെപ്പോലൊന്നും നല്ല പ്രതിഛായ ഇല്ലെന്നതും ന്യൂനതയാണ്.
മന്ത്രി ജോര്‍ജും
ഡി.വൈ.എസ്.പി ഗണപതിയും
കര്‍ണാടകത്തില്‍ രാഷ്ട്രീയക്കാരില്‍ പലരും പൊതുപ്രവര്‍ത്തകരോടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും പൊലിസുകാരോടും അതിരുവിട്ടു പ്രതികരിക്കുന്ന സ്വഭാവത്തിനുടമകളാണ്. എന്നാല്‍ അടുത്തിടെ സംസ്ഥാനത്തെ രാഷ്ട്രീയക്കാര്‍ ഉരുക്കുമുഷ്ടി പ്രയോഗിക്കുന്നതായ നിരവധി വാര്‍ത്തകളാണ് പുറത്തുവന്നത്. മുംബൈയിലെ അധോലോകത്തെപ്പോലും നാണിപ്പിക്കുന്ന വിധത്തില്‍ ആയിരുന്നു ഇത്. സ്വന്തം നേട്ടത്തിനും താല്‍പര്യത്തിനും അഴിമതിക്കും വിലങ്ങുതടിയാവുന്നവരെ സ്ഥലം മാറ്റുക, ആക്രമിക്കുക, വകവരുത്തുക. ഈ നയം തുടര്‍ന്നുപോരുന്ന ഒരു സംഘം രാഷ്ട്രീയക്കാര്‍ സംസ്ഥാനത്തെ എല്ലാ പാര്‍ട്ടികളിലുമുണ്ട്. ജനതാദള്‍ ഇക്കാര്യത്തില്‍ കുപ്രസിദ്ധി നേടിയിട്ടുമുണ്ട്.
നിലവിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിലെ മലയാളി മന്ത്രി കെ.ജെ ജോര്‍ജാണ് ഇത്തരമൊരു ആരോപണത്തില്‍പെട്ടത്. ഡി.വൈ.എസ്.പി എം.കെ ഗണപതിയെ ഭീഷണിപ്പെടുത്തുകയും സ്ഥലം മാറ്റുകയുമായിരുന്നു. സമ്മര്‍ദം സഹിക്കാതെ അന്‍പത്തൊന്നുകാരനായ ഗണപതി ജൂലൈ ഏഴിന് ആത്മഹത്യ ചെയ്തു. മരിക്കുന്നതിനുമുന്‍പ് ഗണപതി നടത്തിയ പത്രസമ്മേളനവും, ആത്മഹത്യാക്കുറിപ്പും ജോര്‍ജിന്റെ ക്രൂരമുഖം തുറന്നുകാട്ടി. എന്നാല്‍ ആരോപണവിധേയനായ മന്ത്രിയെ സംരക്ഷിക്കുന്ന നയം കോണ്‍ഗ്രസ് തുടര്‍ന്നു. ഇത് വിനയായി. കോടതി ജോര്‍ജിനെതിരേ കേസെടുത്തു. ഇതോടെ ജോര്‍ജ് രാജിവച്ചൊഴിഞ്ഞു. പാര്‍ട്ടിക്ക് കനത്ത ആഘാതമാണ് ജോര്‍ജ് ഏല്‍പിച്ചത്.
ബംഗളൂരു ഡെവലപ്‌മെന്റ് ആന്‍ഡ് ടൗണ്‍ പ്ലാനിങ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി ജോര്‍ജ് മലയാളികളെപ്പോലും കണ്ടില്ലെന്നു നടിച്ചു. നിയമവിരുദ്ധമായി അന്യസംസ്ഥാനവാഹനങ്ങളില്‍ നിന്ന് നികുതി പിരിച്ച വിവാദ സംഭവത്തില്‍ ഏറെ ബുദ്ധിമുട്ടിയത് മലയാളികളാണ്. മലയാളികള്‍ അനുകൂല മറുപടി പ്രതീക്ഷിച്ച് മന്ത്രിയെ കണ്ടപ്പോള്‍ അത് മുഖവിലയ്‌ക്കെടുക്കാതെ സര്‍ക്കാര്‍ തീരുമാനിക്കും നടപ്പാക്കുമെന്ന ധാര്‍ഷ്ട്യമായ നിലപാടാണ് ജോര്‍ജ് സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സോഷ്യല്‍ മീഡിയകളില്‍ പോലും വൈറലായി. മുന്‍പ് ആഭ്യന്തരം കൈകാര്യം ചെയ്തപ്പോഴും വനിതകളുടെ സുരക്ഷിതത്വത്തെക്കുറിച്ച് മോശമായ പരാമര്‍ശം നടത്തിയും ജോര്‍ജ് വിവാദത്തിലായിരുന്നു. മലയാളികളോട് വൈരബുദ്ധിയോടെ പെരുമാറിയെന്നും ആക്ഷേപങ്ങളുയര്‍ന്നിരുന്നു.
പ്രതിഛായ തകര്‍ന്ന് കോണ്‍ഗ്രസ്
കുറ്റവാളികളും അക്രമികളും രാഷ്ട്രീയത്തില്‍ ഏറുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനുപിന്നാലെയാണ് ജോര്‍ ജ് ഉള്‍പ്പെട്ട ഗണപതിയുടെ സംഭവവും ഉയര്‍ന്നത്. കോണ്‍ഗ്രസ് ഈ മന്ത്രിയെ സംരക്ഷിച്ച് ഉള്ള പ്രതിഛായകൂടി നഷ്ടമാക്കി. ഒരു രൂപരേഖയുമില്ലാതെ വെറുതേ പ്രവര്‍ത്തിച്ചുപോരുകയാണ് സിദ്ധരാമയ്യ സര്‍ക്കാരെന്ന പേരുദോഷം നിലനില്‍ക്കുന്നതിനിടെയാണിത്. പ്രതിഛായ തകരുമ്പോള്‍ അത് തിരിച്ചുപിടിക്കാന്‍ യാതൊരു പരിപാടിയും പാര്‍ട്ടി സ്വീകരിച്ചു കാണുന്നില്ല. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ ചെറുരൂപമായി സര്‍ക്കാര്‍ മാറിയിരിക്കുന്നു. പ്രതിസന്ധികളില്‍ നിന്നും പ്രതിസന്ധികളിലേക്ക് പോവുകയാണ് പാര്‍ട്ടിയിന്ന്. തെക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ള ഏക സംസ്ഥാനമാണ് കര്‍ണാടക എന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്.
കോണ്‍ഗ്രസ് അല്ല കര്‍ണാടക ഭരിക്കുന്നതെന്ന രീതിയിലാണ് സര്‍ക്കാരിന്റെ പോക്ക്. പാര്‍ട്ടിയുടെ നിലപാടുകള്‍ക്ക് കടകവിരുദ്ധമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. കോണ്‍ഗ്രസ് നിയമസഭാകക്ഷി ചേരാറുപോലുമില്ലെന്നതും ശ്രദ്ധേയമാണ്. നയപരിപാടികളും തീരുമാനങ്ങളും എടുക്കുന്നതിന് സമ്മേളിക്കുന്നതിനുപകരം പ്രതിസന്ധികളില്‍ മാത്രം ചേരുന്ന ഒരു സംഘമായി അതുമാറിയിരിക്കുന്നു. പാര്‍ട്ടി നിലപാടുകളോട് പുല്ലുവില കല്‍പിക്കുന്ന നയം സിദ്ധരാമയ്യയും പരിവാരങ്ങളും തുടരുന്നത് ബി.ജെ.പിക്ക് ജോലി എളുപ്പമാക്കിയേക്കും.
പ്രശ്‌നങ്ങളില്‍ നിന്നു പ്രശ്‌നങ്ങളിലേക്ക്
ഈ വര്‍ഷം മാത്രം സിദ്ധരാമയ്യ സര്‍ക്കാര്‍ എടുത്ത ഒരുപിടി തീരുമാനങ്ങള്‍ വന്‍ജനരോഷമുയര്‍ത്തിയിരുന്നു. മൈസൂരില്‍ ടിപ്പുസുല്‍ത്താന്റെ ആഘോഷവുമായി ബന്ധപ്പെട്ടതുമുതല്‍ തുടങ്ങിയ ലഹള വന്‍കലാപത്തിനു വഴിമാറുകയും അക്രമങ്ങളും കൊലപാതകങ്ങളും ഉണ്ടാവുകയും ചെയ്തു.
സ്വജനപക്ഷപാതം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയും വിവാദത്തിലായി. തന്റെ മകന്‍ ഡയറക്ടര്‍ ബോര്‍ഡിലുള്ള ഒരു കമ്പനിക്ക് സര്‍ക്കാരിന്റെ കോടികളുടെ കോണ്‍ട്രാക്ടുകള്‍ നല്‍കിയ സംഭവം തെളിവുസഹിതം പുറത്തുവന്നു. മുഖ്യമന്ത്രിയുടെ ചെലവുകളില്‍ അന്വേഷണം വേണമെന്ന ആവശ്യം ത്യജിച്ച് സിദ്ധരാമയ്യ വീണ്ടും വിവാദത്തിലായി. നിലവിലുള്ള അഴിമതി അന്വേഷണ കമ്മിഷനായ ലോകായുക്തയ്ക്കു പകരം പുതിയ സംഘടന രൂപീകരിക്കാനുള്ള ശ്രം തുടര്‍ന്നുണ്ടായി. ലോകായുക്തയെ അസ്ഥിരപ്പെടുത്താനാണിതെന്ന വാദം വന്നതോടെ ഈ സംഭവവും വിവാദത്തിലെത്തിലായി.
വരള്‍ച്ച കാരണം കര്‍ഷകര്‍ ദുരിതമനുഭവിച്ചപ്പോള്‍ അതിനെതിരേ മുഖം തിരിച്ചതും ജനരോഷമുണ്ടാക്കി. പട്ടിണിമരണത്തിനെതിരേ സിദ്ധരാമയ്യക്ക് ഏറെയൊന്നും ചെയ്യാനായില്ല. എന്തിന് സംസ്ഥാനത്തിന്റെ വരുമാന സ്രോതസായി പറയുന്ന ബംഗളൂരുവിന്റെ നടുവ് നിവര്‍ത്താന്‍ പോലും സര്‍ക്കാരിന് കഴിഞ്ഞില്ല. അവഗണനകൊണ്ട് ബംഗളൂരുവിലെ ജനതയും പൊറുതിമുട്ടി. പൊലിസിലും മറ്റുമുണ്ടായ പ്രതിഷേധവും അത് കൈകാര്യം ചെയ്ത രീതിയും പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കി. അതിനിടെ മന്ത്രിസഭയിലെ 34 അംഗങ്ങളില്‍ 14 പേരെ ഒഴിവാക്കി പുതിയവരെ നിയമിച്ചത് പാര്‍ട്ടിക്കുള്ളിലും പ്രശ്‌നങ്ങള്‍ക്കുകാരണമായി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിഷേധങ്ങളുമായി ഈ നടപടി തെരുവിലുമെത്തിച്ചു.
തെരഞ്ഞെടുപ്പുകള്‍
2013ലാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. ഇതിനുപിന്നാലെ നടന്ന ചില തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് പരാജയം നേരിടേണ്ടിവന്നു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പായിരുന്നു ഇതില്‍ ആദ്യത്തേത്. 28 ലോക്‌സഭാ സീറ്റുകളില്‍ 17ഉം ബി.ജെ.പി പിടിച്ചെടുത്തു. ബംഗളൂരു മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും പരാജയം രുചിച്ചു. ഓഗസ്റ്റില്‍ നടന്ന ഈ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ജെ.ഡി.എസുമായി ചേര്‍ന്ന് അവസാനനിമിഷമുണ്ടാക്കിയ സഖ്യത്തിലൂടെ ബംഗളൂരുവില്‍ അധികാരം നിലനിര്‍ത്താനായി. പിന്നീട് ഫെബ്രുവരിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ഏറെയൊന്നും ചെയ്യാന്‍ കഴിഞ്ഞുമില്ല. എന്നാല്‍ അതിനൊപ്പം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ വിജയം നേടിയതുമാത്രമാണ് എടുത്തുപറയാവുന്നത്.
നിലവില്‍ നാഗരിക വോട്ടര്‍മാര്‍ കോണ്‍ഗ്രസിനൊപ്പമല്ലെന്ന് സൂചനകളുയര്‍ന്നുകഴിഞ്ഞു. അതുപോല തീരദേശത്തെ ജനത ഇന്നത്തെ ഭരണക്രമത്തില്‍ അസ്വസ്ഥരുമാണ്. പ്രത്യേകിച്ച് വര്‍ഗീയകലാപത്തിനെതിരേ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തെ ന്യൂനപക്ഷ ജനത വളരെ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസിനെ കണ്ടിരുന്നത്. ബി.ജെ.പിയുടെ ശക്തനായ യദിയൂരപ്പ വിവാദങ്ങളില്‍പെട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തതോടെ രൂപീകരിച്ച കര്‍ണാടക ജനതാപാര്‍ട്ടിയാണ് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചതെന്നോര്‍ക്കണം. എന്നാല്‍ ഇന്ന് യദിയൂരപ്പ ബി.ജെ.പിക്കൊപ്പമാണ്. ഇത് കോണ്‍ഗ്രസിന് ഭീഷണിയുമാണ്.
പാര്‍ട്ടിയ്ക്കകത്തുതന്നെ പ്രശ്‌നങ്ങളുണ്ടെന്ന് വര്‍ക്കിംഗ് പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവുതന്നെ സൂചിപ്പിച്ചുകഴിഞ്ഞു. മുഖ്യമന്ത്രി ആകാന്‍ മോഹിച്ചിരുന്ന പരമേശ്വരയെ ആഭ്യന്തരമന്ത്രിയായി കൊണ്ടുവന്ന് പ്രശ്‌നപരിഹാരം നോക്കുന്ന മോഡല്‍ കേരള മോഡല്‍ തന്നെയാണ്. അതുവിജയിച്ചില്ലെന്ന് കേരളത്തില്‍ പിന്നീടുനടന്ന തെരഞ്ഞെടുപ്പ് തെളിയിച്ചു. പ്രത്യേകിച്ച് വിഭിന്ന പ്രകൃതിക്കാരായ പരമേശ്വരയും സിദ്ധരാമയ്യയും വ്യത്യസ്ത അഭിപ്രായക്കാരാണെന്നതും പ്രതിസന്ധിയുണ്ടാക്കിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."