നേപ്പാളില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയി
കാഠ്മണ്ഡു: നേപ്പാളിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 49 ആയി. മൂന്നു ദിവസമായി തുടരുന്ന വെള്ളപ്പൊക്കത്തില്‍ നാല്പതോളം ആളുകളെ കാണാതായി. 17 പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.
രാജ്യത്തിന്റെ കിഴക്കന്‍ സമതലപ്രദേശങ്ങളെയാണ് മഴയും വെള്ളപ്പൊക്കവും കാര്യമായി ബാധിച്ചിരിക്കുന്നത്. 50,000 ആളുകളെ വിവിധയിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.
ശനിയാഴ്ച വരെ മരിച്ചവരുടെ എണ്ണം 30 ആയിരുന്നു. ഒരു ദിവസം കൊണ്ട് മരണസംഖ്യ 49 ആയി ഉയരുകയായിരുന്നു. സേനയും പൊലിസും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. വൈദ്യുതി, ഗതാഗതം എന്നിവ വിഛേദിക്കപ്പെട്ടത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. 34,000 വീടുകള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയിട്ടുണ്ട്. നിരവധി കന്നുകാലികളും ഒഴുകിപ്പോയി.
മരണസംഖ്യ ഉയര്‍ന്നേക്കും. റെഡ്ക്രോസിന്റെ കണക്കനുസരിച്ച് ഒരു ലക്ഷം ആളുകളെ ദുരന്തം ബാധിച്ചതായാണ് വിവരം.
ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന മണ്‍സൂണ്‍ കാര്‍ഷിക വിളകളെ ആശ്രയിക്കുന്ന നേപ്പാളിനെ സംബന്ധിച്ച് പ്രധാനമാണ്. എന്നാല്‍ എല്ലാ വര്‍ഷവും മണ്‍സൂണ്‍ മഴ നേപ്പാളില്‍ സംഹാരതാണ്ഡവമാടാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."