ഹാളുകളുടെ വര്‍ധിപ്പിച്ച വാടകയില്‍ കുറവ് വരുത്തി കോര്‍പറേഷന്‍
കോഴിക്കോട്: നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഹാളുകളുടെയും മൈതാനങ്ങളുടെയും വര്‍ദ്ധിപ്പിച്ച വാടകയില്‍ കുറവ് വരുത്തി കോര്‍പ്പറേഷന്‍ കൗണ്‍സില്‍. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ടൗണ്‍ഹാള്‍, ടാഗോര്‍ ഹാള്‍, മുതലക്കുളം മൈതാനം, മാങ്കാവ് മൈതാനം, തിരുവണ്ണൂര്‍ മൈതാനം, ചെലവൂര്‍ ഗ്രൗണ്ട്, പെരുന്തുരുത്തി ഗ്രൗണ്ട്, മാനാഞ്ചിറ ഓപ്പണ്‍ സ്‌റ്റേജ്, കുറ്റിച്ചിറ ഓപ്പണ്‍ സ്‌റ്റേജ്, കണ്ണഞ്ചേരി വിക്രം സ്മാരക സ്‌റ്റേജ്, കരുവിശ്ശേരി പാര്‍ക്ക്, കരുവിശ്ശേരി കമ്മ്യൂണിറ്റി ഹാള്‍ എന്നിവയുടെ വാടകയാണ് കോര്‍പ്പറേഷന്‍ പുതുക്കി നിശ്ചയിച്ചത്. നവംബര്‍ 29 ന് നടന്ന കൗണ്‍സിലില്‍ ഹാളുകളുടെയും മൈതാനങ്ങളുടെയും വാടക കുത്തനെ വര്‍ദ്ധിപ്പിച്ചിരുന്നു.
ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് അവതരിപ്പിച്ച പുതുക്കിയ വാടക നിരക്ക് കൗണ്‍സില്‍ അംഗീകരിച്ചു. സാംസ്‌കാരിക പ്രവര്‍ത്തകരുള്‍പ്പടെയുള്ള സംഘടനകള്‍ ഹാളുകളുടെയും മൈതാനങ്ങളുടെയും വാടക വര്‍ദ്ധിപ്പിച്ചതില്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് വാടക കുറച്ചുള്ള കോര്‍പ്പറേഷന്റെ പുതിയ നടപടി.
ടൗണ്‍ഹാളിന്റെ വാടക 3000 രൂപയില്‍ നിന്ന് 2000 രൂപയാക്കി പുതുക്കി നിശ്ചയിച്ചു. സര്‍വ്വീസ് ചാര്‍ജ്ജ് 300 രൂപയായും ഡെപ്പോസിറ്റ് തുക 1000 രൂപയായും പുതുക്കിയിട്ടുണ്ട്. ഇതില്‍ ജി.എസ്.ടി നിരക്കുകൂടി ഉള്‍പ്പെടും. ഡെപ്പോസിറ്റ് ഉള്‍പ്പടെ നേരത്തെ ഒരു ദിവസത്തേക്ക് പുതുക്കിയ പ്രകാരം 3714 രൂപയാണ് വാടക.
അര ദിവസത്തേക്ക് വാടക 2000 രൂപയില്‍ നിന്ന് 1000 രൂപയാക്കി കുറച്ചിട്ടുണ്ട്. സര്‍വ്വീസ് ചാര്‍ജ്ജ് 200 രൂപയായും ഡെപ്പോസിറ്റ് തുക 1000 രൂപയായും പുതുക്കി നിശ്ചയിച്ചു. സാംസ്‌കാരിക പരിപാടികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു ദിവസത്തേക്ക് 1400 രൂപയായി വാടക പുതുക്കിയിട്ടുണ്ട്. 300 രൂപയാണ് സര്‍വിസ് ചാര്‍ജ്ജ്. 1000 രൂപയാണ് പുതുക്കിയ ഡെപ്പോസിറ്റ് തുക. പകുതി ദിവസത്തേക്ക് 1000 രൂപയാണ് പുതിയ വാടക.
ഗാഗോര്‍ ഹാളില്‍ വിവാഹ ആവശ്യത്തിനും ടിക്കറ്റ് നിരക്കിലുള്ള പരിപാടിക്കും അയ്യായിരം രൂപ കുറച്ച് വാടക 70000 രൂപയായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. 5000 രൂപയാണ് സര്‍വിസ് ചാര്‍ജ്ജ്. 20000 രൂപയാണ് ഡെപ്പോസിറ്റ് തുക. രാഷ്ട്രീയ സാംസ്‌ക്കാരിക പരിപാടികള്‍ക്ക് 2500 രൂപയാണ് ഒരു ദിവസത്തെ വാടക ഇനത്തില്‍ കുറച്ചത്. പുതുക്കിയ പ്രകാരം 17500 രൂപയാണ് പുതിയ വാടക നിരക്ക്. 2000 രൂപയാണ് സര്‍വ്വിസ് ചാര്‍ജ്ജ്. ഇതില്‍ ജി.എസ്.ടി കൂടി ബാധകമാകും. മുതലക്കുളം മൈതാനത്തിന്റെ വാടക 1000 രൂപയില്‍ നിന്നും 500 രൂപയാക്കി.
പ്രതിപക്ഷം ഹാളുകളുടെ വാടക കുറക്കണമെന്ന് കൗണ്‍സിലില്‍ ആവശ്യപ്പെട്ടപ്പോള്‍ പരിഗണിക്കാതിരുന്ന ഭരണപക്ഷം കലാകാരന്‍മാര്‍ പറഞ്ഞപ്പോള്‍ കുറച്ചതിനെ കൗണ്‍സിലര്‍ എം. കുഞ്ഞാമുക്കുട്ടി പരിഹസിച്ചു. തങ്ങളാരും ഓടു പൊളിച്ചല്ല വന്നതെന്നും തെരഞ്ഞെടുക്കപ്പെട്ടാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. വടി കൊടുത്ത് അടി വാങ്ങിയ നടപടിയാണ് നഗരസഭ കാണിച്ചതെന്ന് നമ്പിടി നാരായണ്‍ പറഞ്ഞു. കോര്‍പറേഷന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടണമെന്ന് കെ.ടി ബീരാന്‍ കോയ പറഞ്ഞു. ഹാളുകളുടെ വാടക കുറച്ചത് പരിശോധിക്കേണ്ടി വരുമെന്നും ഭാവിയില്‍ ഇനിയും വര്‍ധിപ്പിക്കേണ്ടി വരുമെന്നും കെ.വി ബാബുരാജ് പറഞ്ഞു. മൂന്നു വര്‍ഷം കൂടുമ്പോള്‍ ഹാളുകളുടെ വാടക വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്ന് മേയറും അഭിപ്രായപ്പെട്ടു.
ഗാന്ധി റോഡ് പുതിയാപ്പ റോഡില്‍ ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയില്‍ പാര്‍ക്കിങ് നടത്തുന്നതായി കെ.കെ റഫീഖ് ശ്രദ്ധ ക്ഷണിച്ചു. സൗത്ത് ബീച്ചില്‍ തുറമുഖ വകുപ്പ് പേ പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തിയത് അനധികൃതമായാണെന്ന് പി.എം നിയാസും ശ്രദ്ധ ക്ഷണിച്ചു. കല്ലുത്താന്‍ കടവിലെ ഫ്‌ളാറ്റ് ഉദ്ഘാടനം വൈകുന്നത് കോളനി നിവാസികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി ഉഷാദേവി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."