കെ.എം മാണിക്കെതിരേ 320 കോടിയുടെ അഴിമതി ആരോപിച്ച് ആം ആദ്മി പാര്‍ട്ടി
കൊച്ചി: കേരള കോണ്‍ഗ്രസ് നേതാവും മുന്‍ധനമന്ത്രിയുമായ കെ.എം.മാണി യു.ഡി.എഫ് വിട്ടത് അഴിമതി കേസുകളില്‍നിന്നു രക്ഷപെടാനുളള തന്ത്രങ്ങളുടെ ഭാഗമായാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
റബര്‍ കര്‍ഷകരുടെ ഉന്നമനത്തിനായി തുടങ്ങിവച്ച റ ബര്‍ സൊസൈറ്റികളിലും ടയര്‍ കമ്പനിയിലും മാണിയും അനുയായികളും നടത്തിയത് കോടികളുടെ അഴിമതിയാണ്. മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി നടത്തിപ്പില്‍ 110 കോടിയും പാലാഴി ടയര്‍ ഫാക്ടറി രൂപീകരിച്ച് 150 കോടിയും പാലാ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി രൂപീകരിച്ച് 60 കോടിയും കെ.എം മാണി തട്ടിയെടുത്തെന്നാണ് ആം ആദ്മി കോട്ടയം ജില്ലാ ഭാരവാഹികള്‍ പറയുന്നത്. മാണിയുടെ നോമിനിയായി മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റിയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ച മുന്‍ എം.പി ജോയി നടുക്കരയും പാലാഴി ടയര്‍ ഫാക്ടറിയുടെ എം. ഡിയായി പ്രവര്‍ത്തിച്ചിരുന്ന ജോയി എബ്രാഹാമുമാണ് തട്ടിപ്പിന് മാണിയെ സഹായിച്ചതെന്നും ആം ആദ്മി ആരോപിച്ചു.
മാണിക്കും കേരളാ കോണ്‍ഗ്രസിനും ഏറെ സ്വാധീനമുളള മൂന്നു സ്ഥാപനങ്ങള്‍ കര്‍ഷകരില്‍നിന്നും സഹകരണ ബാങ്കുകളില്‍നിന്നുമായി ലാറ്റക്‌സ്, റബര്‍ഷീറ്റ് , ഓഹരി, നിക്ഷേപം എന്നീ ഇനങ്ങളിലാണു പണം സമാഹരിച്ചത്. എന്നാല്‍ സ്ഥാപനങ്ങള്‍ക്കെല്ലാം സ്വന്തമായി കടം വീട്ടാനുളള ആസ്തിയുണ്ടായിട്ടും കടം കൊടുത്തു തീര്‍ക്കാന്‍ തയാറായിട്ടില്ലെന്നും നിക്ഷേപകര്‍ പറയുന്നു.
നിലവില്‍ പാലാഴി ടയര്‍ ഫാക്ടറി പ്രവര്‍ത്തനരഹിതമാണ്. ഇതിന്റെ സ്ഥാവരജംഗമവസ്തുക്കള്‍ വിറ്റ് നിക്ഷേപകരുടെ കടംവീട്ടാന്‍ സാഹചര്യമുളളപ്പോള്‍ ഇതിന് തയാറാകാതെ മാണി സ്വന്തമായി കൈവശപ്പെടുത്തിയിരിക്കുന്നതായും നിക്ഷേപകര്‍ ആക്ഷേപിക്കുന്നു.
ബാര്‍കോഴയുടെ നൂറു മടങ്ങിലധികം വരുന്ന തട്ടിപ്പിന് കൂട്ടുനിന്ന മാണിയെ വീണ്ടും മുന്നണികള്‍ വിശ്വാസത്തിലെടുത്തത് അപമാനകരമാണ്. കോണ്‍ഗ്രസ് പീഡനത്തെ തുടര്‍ന്ന് യു.ഡി.എഫ് വിട്ട മാണിയെ തിരിച്ചെടുക്കാന്‍ തയാറായി നില്‍ക്കുന്ന കോണ്‍ഗ്രസും കോടതി തെറ്റുകാരനല്ലെന്ന് വിധിച്ചതിന്റെ പേരില്‍ എന്‍.ഡി.എയിലേക്കു വരുന്നതില്‍ തെറ്റില്ലെന്നു പറയുന്ന ബി.ജെ.പിയും നിലപാട് മയപ്പെടുത്തി സി.പി.എമ്മും മാണിയെ മുന്നണിയിലെടുക്കാന്‍ തയാറാകുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സി.ആര്‍ നീലകണ്ഠന്‍, ജോബി ജോസഫ്, ജെയിംസ് പാമ്പയ്ക്കല്‍, ജൈസണ്‍ പുത്തങ്കണ്ടം തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."