ജീവന്‍ തുടിക്കുന്ന ചിത്രങ്ങളുമായി ചിത്രകലയൊന്നിപ്പിച്ച കൂട്ടുകാര്‍
പയ്യോളി: ഇരു ദേശങ്ങളിലായിട്ടും ചിത്രകലയിലൂടെ ഒന്നായവരാണീസുഹൃത്തുക്കള്‍. ചിത്രകല ഉപാസനയായി സ്വീകരിച്ചവര്‍. പയ്യന്നൂരിലെ അനൂപും തിരൂരിലെ അരുണുമാണ് ആ സുഹൃത്തുക്കള്‍. ചിത്രരചനയില്‍ വൈല്‍ഡ് ലൈഫും ലാന്‍ഡ് സ്‌കേപ്പും ഏറെയിഷ്ടപ്പെടുന്നവര്‍. ബ്രഷും വിരലും കത്തിയുമുപയോഗിച്ച് കാന്‍വാസില്‍ വിരിയുന്ന ചിത്രങ്ങളെല്ലാം ജീവന്‍ തുടിക്കുന്നവയാണ്. പാരമ്പര്യമായി ലഭിച്ചതോ, ശാസ്ത്രീയമായി അഭ്യസിക്കുകയോ ചെയ്തിട്ടില്ലാത്ത ഇവര്‍ ചിത്രകലാരംഗത്തെ അത്ഭുതമാണ്.
മ്യൂറല്‍ പെയ്ന്റിങ്, അക്രിലിക്, വാട്ടര്‍ കളര്‍, ഓയില്‍ പെയ്ന്റിങ്, പെന്‍സില്‍ ഡ്രോയിങ്ങ് തുടങ്ങി എല്ലാ മാധ്യമങ്ങളും ഈ ചെറുപ്പക്കാര്‍ പരീക്ഷിക്കുന്നു.
രാജാ രവിവര്‍മയെ ഗുരുതുല്യമായി കാണുന്ന ഇവര്‍ക്ക് ചിത്രകലയില്‍ ഏത് മാധ്യമമായാലും റിയലിസ്റ്റിക് ശൈലിയാണ് പഥ്യം. മോഡേണ്‍ ആര്‍ടിനോടോ, മറ്റ് ശൈലികളോടോ താല്‍പര്യമില്ലെന്നത് തന്നെ കാരണം.
അതോടൊപ്പം ഉയര്‍ന്ന് കാണേണ്ട ഭാഗങ്ങളില്‍ കാന്‍വാസ് കഷ്ണങ്ങള്‍ ഒട്ടിച്ച് ചേര്‍ത്തുള്ള പരീക്ഷണങ്ങളും ചില ചിത്രങ്ങളില്‍ ഉപയോഗിക്കാറുണ്ട്.
അക്രിലിക്, ഓയില്‍, വാട്ടര്‍, മ്യൂറല്‍ ചിത്രങ്ങളുടെ വന്‍ശേഖരം തന്നെ പവലിയനിലുണ്ട്. മ്യൂറല്‍ ചിത്രകലയില്‍ ഇവര്‍ തീര്‍ത്ത ഗീതോപദേശം മറ്റ് ഗീതോപദേശ ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. അഞ്ച് കുതിരകള്‍ വലിക്കുന്ന നേരം, അര്‍ജുനന്‍ ഭൂമിയില്‍ നിന്ന് ഉപദേശം ശ്രമിക്കുന്നതുമായ ചിത്രം രചനയിലെ സവിശേഷതകൊണ്ട് ശ്രദ്ധേയമാണ്. വൃന്ദാവനം, കൃഷ്ണ തുടങ്ങി മറ്റു ചിത്രങ്ങളും മ്യൂറല്‍ ശേഖരത്തിലുണ്ട്.
രചനയിലെ സൂക്ഷ്മത കൊണ്ടും ബ്രഷ്, വിരലുകള്‍, നൈഫ് എന്നിവയുടെ ഉപയോഗം കൊണ്ടും സമ്പന്നമായ അക്രിലിക് ചിത്രങ്ങള്‍ എടുത്തു പറയേണ്ടത് തന്നെയാണ്. അക്രിലിക്കിലെ ആഫ്രിക്കന്‍ ആനയും, ഫ്‌ലെമിംഗോയും, കഥകളിയും, കാളയോട്ടവും ,ആഫ്രിക്കന്‍ അമ്മയും കുഞ്ഞും അരയന്നവും തെയ്യവുമൊക്കെ കാന്‍വാസില്‍ നിന്നും ഭൂമിയിലേക്കിറങ്ങുന്നതായി കാഴ്ചക്കാരന് അനുഭവപ്പെടും. വാട്ടര്‍ കളറിലെ ആകുലചിത്തനായ വൃദ്ധന്റെ ചിത്രം കാണാതെ പോവാന്‍ കഴിയില്ല. അത്ര സൂക്ഷ്മമാണ് ഓരോ ചിത്രവും. മുംബൈയിലെ ജഹാംഗീര്‍ ആര്‍ട് ഗാലറിയില്‍ തങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് ഇവരുടെ ഏറ്റവും വലിയ ആഗ്രഹം. ഏറണാകുളത്തെ ഭാസ്‌കരീയം കോണ്‍ഫറന്‍സ് ഹാളിലും പ്രദര്‍ശനം നടത്തണമെന്നും താല്‍പര്യമുണ്ട്. ഹൈപ്പര്‍ റിയലിസത്തില്‍ (അതിസൂക്ഷ്മം) കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് ഇനിയുള്ള ഇവരുടെ ശ്രമം.
ചിത്രകലയിലെ എല്ലാ മേഖലയിലും പ്രതിഭ തെളിയിച്ച ഇവര്‍ക്ക് ഇരുവര്‍ക്കും പ്രത്യേകഇഷ്ടങ്ങളുണ്ട്. അനൂപ് പയ്യന്നൂരിന് അക്രിലിക്കിലാണ് ഏറെ താല്‍പര്യമെങ്കില്‍, അരുണ്‍ തിരൂരിന് ഓയില്‍ പെയിന്റ് ആണ് ഇഷ്ടം.
ഇറക്കുമതി ചെയ്ത, വില കൂടിയ കാന്‍വാസും പേപ്പറുമാണ് ഇവരുപയോഗിക്കുന്നത്. ചിത്രങ്ങള്‍ക്ക് 10,000 മുതല്‍ രണ്ട് ലക്ഷം രൂപ വരെയാണ് വില. മൂന്ന് വര്‍ഷങ്ങളിലായ് വരച്ചെടുത്ത ചിത്രങ്ങളാണ് സര്‍ഗാലയ ശില്‍പകലാഗ്രാമത്തിലെ അന്താരാഷ്ട്ര കരകൗശല മേളയിലെ പ്രദര്‍ശനത്തിനായ് എത്തിച്ചിട്ടുള്ളത്. അനൂപ് ഇടക്കാലത്ത് ജോലി ആവശ്യാര്‍ഥം വിദേശത്ത് പോയെങ്കിലും ചിത്രകലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന ആഗ്രഹത്തില്‍ തിരിച്ച് പോരുകയായിരുന്നു. അരുണ്‍ പെയ്ന്റിങ്ങ് തൊഴിലാളിയാണ്. ചെറിയ പ്രായത്തില്‍ ഇരു കുടുംബങ്ങളും പയ്യന്നൂരിലായിരുന്നെങ്കിലും പിന്നീട് അരുണിന്റെ കുടുംബം തിരൂരിലേക്ക് താമസം മാറുകയായിരുന്നു. ഇരദേശങ്ങളിലാണെങ്കിലും ചിത്രകല ഇവരെ ഒന്നിപ്പിച്ചു നിര്‍ത്തുകയായിരുന്നു. ഇരുവരും അവിവാഹിതരാണ്. പ്രകാശ് പയ്യോളി : 9072960079
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."