പ്രളയത്തില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളും മരങ്ങളും നീക്കം ചെയ്തു
നിലമ്പൂര്‍: പ്രളയാനന്തരം അടിഞ്ഞുചേര്‍ന്ന വന്‍ മരങ്ങളടങ്ങിയ മാലിന്യക്കൂമ്പാരം നീക്കാന്‍ സാമൂഹ്യസേവന രംഗത്തെ വിദ്യാര്‍ഥി സമൂഹം. നിലമ്പൂര്‍ അമല്‍ കോളജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരാണ് ചാലിയാര്‍ പഞ്ചായത്തിലെ പെരുവമ്പാടം പാലത്തില്‍ മലവെള്ളപ്പാച്ചിലില്‍ അടിഞ്ഞുകൂടിയ മുളംക്കൂട്ടങ്ങളും പാഴ് മരങ്ങളും നീക്കിയത്.
ജലസംഭരണത്തിനായി ചീര്പ്പിടാന് കഴിയാത്ത വിധം തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ മരങ്ങളും മാലിന്യങ്ങളും മൂന്നു ദിവസംകൊണ്ട് ഏറെ പണിപ്പെട്ടാണ് വിദ്യാര്‍ഥികള്‍ മാറ്റിയത്. നാലു മാസം മുന്‍പു നടന്ന പ്രളയത്തില്‍ മാലിന്യക്കൂമ്പാരങ്ങള്‍ അടിഞ്ഞുചേര്ന്നതു കാരണം വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുകയും ജലസംരക്ഷണത്തിനു വേണ്ടി ചീര്‍പ്പുകള്‍ ഇടാന്‍ പറ്റാതെവരികയും ചെയ്തിരുന്നു.
പഞ്ചായത്ത് ഇടപെട്ടു പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒടുവില്‍ വിദ്യാര്‍ഥികളുടെ ഇടപെടലാണ് പ്രശ്നത്തിനു സമ്പൂര്‍ണ പരിഹാരമുണ്ടാക്കിയത്. എന്‍.എസ്.എസ് യൂനിറ്റുകളുടെ ഈ വര്‍ഷത്തെ സപ്തദിന സഹവാസ ക്യാംപ് പ്രളയബാധിത പ്രദേശങ്ങളില്‍ പുനര്‍നിര്‍മാണത്തിനാണ് വിനിയോഗിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.ടി ഉസ്മാന്, അംഗങ്ങളായ അച്ചാമ്മ ജോസഫ്, പ്രമീള തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ക്യാംപുകളുടെ നിയന്ത്രണങ്ങളും മറ്റു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും അമല്‍ കോളജിലെ എന്‍.എസ്.എസ് യൂനിറ്റുകള്‍ മുന്‍പും നടത്തിയിരുന്നു. സപ്തദിന ക്യാംപിന്റെ ഭാഗമായി നദീ സംരക്ഷണം കൂടാതെ, പഞ്ചായത്തിലെ പെരുവമ്പാടം, പാലക്കയം കാട്ടുനായ്ക്ക കോളനികളില്‍ ജില്ലാ ശുചിത്വ മിഷനുമായി സഹകരിച്ചു ശുചിത്വ ബോധവല്‍ക്കരണവും സോപ്പ്, പേസ്റ്റ്, വസ്ത്രങ്ങള്‍ തുടങ്ങിയവയുടെ വിതരണവും നടത്തിയിരുന്നു. പെരുവമ്പാടം കോളനിയില്‍ പച്ചക്കറിത്തോട്ടവും നിര്‍മിച്ചു.
അമല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.എം അബ്ദുല്‍ സാക്കിര്‍, എന്‍.എസ്.എസ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍മാരായ കെ.പി ജനീഷ് ബാബു, കെ.സിനി സ്റ്റുഡന്റ് സെക്രട്ടറിമാരായ ഫര്‍ഷിദ് ഇല്ലിക്കല്‍, കെ.വി അര്‍ഷ, പി.ഗോപിക, ഇ.പി സാലിഹ് തുടങ്ങിയവരാണ് ക്യാംപിനു നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."