പ്രതിദിന യാത്രക്കാര്‍ ആശ്രയിക്കുന്ന ട്രെയിനുകള്‍ വൈകല്‍; നടപടി വേണം
കൊല്ലം: തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ പ്രതിദിന യാത്രക്കാര്‍ ആശ്രയിക്കുന്ന പാസഞ്ചര്‍, മെമു, ഇന്റര്‍സിറ്റി, ശതാബ്ദി ട്രെയിനുകള്‍ കഴിഞ്ഞ ആറുമാസമായി വൈകി ഓടിക്കൊണ്ടിരിക്കുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രത്യേക സബ്മിഷനിലൂടെ ലോക്‌സഭയില്‍ ഉന്നയിച്ചു.
പ്രതിദിന യാത്രക്കാര്‍ ആശ്രയിക്കുന്ന ഈ ട്രെയിനുകള്‍ വൈകി ഓടുന്നതുമൂലം കേരളത്തിലെ ട്രെയിന്‍ യാത്രക്കാരുടെ യാത്ര വളരെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ലോക്‌സഭയില്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫിസുകള്‍, സ്‌കൂള്‍, കോളജ്, ആശുപത്രികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലിക്കായും മറ്റും നിരന്തരം ആശ്രയിക്കുന്ന ട്രെയിനുകളാണ് സമയത്ത് ഓടാതെ മണിക്കൂറുകളോളം വൈകി ഓട്ടം നടത്തിക്കൊണ്ടിരിക്കുന്നത്. അനാവശ്യമായി സ്റ്റേഷനുകളില്‍ പിടിച്ചിടുക, ദീര്‍ഘദൂര ട്രെയിനുകള്‍ കടന്നു പോകുന്നതിന് വേണ്ടി അന്യായമായി പാസഞ്ചര്‍ ട്രെയിനുകളുടെ ഓട്ടം തടസപ്പെടുത്തുക, സ്റ്റേഷനുകളുടെ ഔട്ടറുകളില്‍ സിഗ്‌നല്‍ ലഭിക്കാത്തതിന്റെ പേരില്‍ മണിക്കൂറുകളോളം കാത്തുകിടക്കുക തുടങ്ങിയ കാരണങ്ങള്‍ മൂലമാണ് യാത്രക്കാരെ നിരന്തരമായി ദ്രോഹിക്കുന്ന തരത്തിലുള്ള ട്രെയിനുകളുടെ വൈകി ഓട്ടം റെയില്‍വേ നടത്തിക്കൊണ്ടിരിക്കുന്നത്.
ഓഫിസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹാജര്‍ നഷ്ടപ്പെടാനും പി.എസ്.സി പരീക്ഷയും സര്‍വകലാശാല പരീക്ഷയും എഴുതുന്ന വിദ്യാര്‍ഥികള്‍ക്കും ട്രെയിന്‍ സമയം പാലിക്കാത്തതു കാരണം പരീക്ഷകള്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായിരിക്കുകയാണ്. സീസണ്‍ ടിക്കറ്റ് യാത്രക്കാരേയും ഇത് പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
റെയില്‍വേ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും അനാവശ്യമായ സമയമാറ്റവും ദീര്‍ഘവീക്ഷണമില്ലാതെ അറ്റകുറ്റപണികള്‍ നടത്തുന്നതു കൊണ്ടും കേരളത്തിലെ ട്രെയിന്‍ സര്‍വിസ് മുഴുവന്‍ താറുമാറായിരിക്കുകയാണെന്നും എം.പി പറഞ്ഞു കേരളത്തിലെ പ്രതിദിന ട്രെയിന്‍ യാത്രക്കാരെ അന്യായമായി ദ്രോഹിക്കുന്ന റെയില്‍വേ ഉദ്യോഗസ്ഥരുടെ നടപടി അവസാനിപ്പിക്കണം.
രാവിലേയും വൈകിട്ടും ഓടുന്ന പ്രതിദിന ട്രെയിന്‍ സര്‍വിസുകള്‍ കൃത്യമായി ഓടിക്കാന്‍ റെയില്‍വേ നടപടി സ്വീകരിക്കണം. പരാതികളും പ്രതിഷേധങ്ങളും യാത്രക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടും റെയില്‍വേ ഉദ്യോഗസ്ഥര്‍ അതിന് യാതൊരു ഗൗരവവും നല്‍കാതെ ട്രെയിനുകളുടെ വൈകി ഓട്ടം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.
റെയില്‍വേ മന്ത്രി അടിയന്തരമായി കേരളത്തിലെ ട്രെയിന്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനും യാത്രക്കാര്‍ അനുഭവിച്ചുക്കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിനും പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കണമെന്നും അനാവശ്യമായി സര്‍വിസുകള്‍ വൈകി ഓടിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."