കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് നിര്‍ത്തി: തീരദേശത്തെ യാത്രക്കാര്‍ ദുരിതത്തില്‍
വിഴിഞ്ഞം: താല്‍കാലികക്കാരെ പിരിച്ചു വിട്ടതോടെ വിഴിഞ്ഞത്തും പൂവാറും കെ.എസ്.ആര്‍.ടി.സി ബസുകള്‍ പലതും സര്‍വിസ് നിര്‍ത്തിയത് താരദേശത്തെ യാത്രക്കാരെ ദുരിത്തിലാക്കി.
കണ്ടക്ടര്‍മാരുടെ അഭാവമാണ് സര്‍വിസുകള്‍ താറുമാറായതിനൊപ്പം യാത്രക്കാരെ യാത്രാക്ലേശം കൊണ്ട് നട്ടം തിരിക്കുന്നത്. ഉള്ള ജീവനക്കാരെ ഉപയോഗിച്ച് പ്രധാന റോഡുകളിലെ സര്‍വിസ് നിലനിറുത്തുന്ന അധികൃതര്‍ ബൈ റൂട്ടുകളെ അവഗണിച്ചതാണ് വിനയായത്.
ഇത് അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ടെങ്കിലും ഈ മേഖലയിലെ യാത്രക്കാരുടെ ദുരിതത്തിന് സമാധാനം പറയാന്‍ ഇവര്‍ക്കാകുന്നില്ല. തീരദേശമുള്‍പ്പെടുന്നതെക്കന്‍ മേഖല അടക്കി വാണിരുന്നത് പൂവാര്‍ ,വിഴിഞ്ഞം ഡിപ്പോകളിലെ ബസുകളായിരുന്നു.
കൂടാതെസമാന്തര സര്‍വിസുകാരെ നിയന്ത്രിക്കാന്‍ പാറശാല, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ നിന്നുമുള്ള ബസുകളും എത്തിതോടെ പൊതുജനം കെ.എസ്.ആര്‍.ടി.സിയെ മാത്രം ആശ്രയിച്ചതോടെ വരുമാനവും വലിയതോതതില്‍ വര്‍ധിച്ചിരുന്നു.താല്‍കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതോടെ ഈ ഡിപ്പോകളിലെ പല ബസ് സര്‍വിസുകളും നിര്‍ത്തലാക്കേണ്ടിവന്നു. വിഴിഞ്ഞം ഡിപ്പോയില്‍ ആകെയുണ്ടായിരുന്ന 69 സര്‍വിസുകളില്‍ അന്‍പതില്‍ താഴെ മാത്രം നിരത്തിലിറങ്ങുമ്പോള്‍ പൂവാര്‍ ഡിപ്പോയില്‍ 54 സര്‍വിസുകളില്‍ 40 എണ്ണം മാത്രമാണ് സര്‍വി സ് നടത്തുന്നത്.
വിഴിഞ്ഞത്ത് നിന്നും 57 കണ്ടക്ടര്‍മാരും പൂവാര്‍ നിന്നും 38 പേരുമാണ് പിരിഞ്ഞു പോയത്. നിലവില്‍ സ്ഥിരം ജോലിക്കാര്‍ക്ക് അധിക ഡ്യൂട്ടി നല്‍കിയാണ് ഇത്രയെങ്കിലും സര്‍വിസുകള്‍ നടത്തുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. പൂവാറിന്റെയും വിഴിഞ്ഞത്തിന്റെയും ഏറ്റവും വരുമാനമുള്ള റൂട്ടാണ് കളിയിക്കാവിള നിന്ന് തീരദേശ റോഡുവഴി തലസ്ഥാനത്തേക്കുള്ളത്. എപ്പോഴും തിരക്കുള്ള റൂട്ടിലെവരുമാനം കൊണ്ട് ജില്ലയില്‍ ഒന്നാം സ്ഥാനം നേടാന്‍ വിഴിഞ്ഞത്തിനായിരുന്നു. പുതിയ ബസുകള്‍ അനുവദിക്കാതെ തീരദേശത്തെ ഡിപ്പോകളെ അധികൃതര്‍ അവഗണിച്ചപ്പോഴും പഴഞ്ചന്‍ വാഹനങ്ങളിറക്കിയാണ് ഈ ഡിപ്പോകള്‍ നിലനില്‍ക്കുകയും വരുമാനം ഉണ്ടാക്കുകയും ചെയ്തിരുന്നത്. പക്ഷെ ഇപ്പോള്‍ പിടിച്ച് നില്‍ക്കാനാവാത്ത അവസ്ഥയാണ്.
സര്‍വിസുകള്‍ പലതും നിന്നതോടെ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകാന്‍ കെ.എസ്.ആര്‍.ടി.സിയെ മാത്രം ആശ്രയിക്കുന്നവര്‍ യാത്രാക്ലേശം കൊണ്ട് അനുഭവിക്കുന്ന ദുരിതത്തിനും
കണക്കില്ല.കൈക്കുഞ്ഞുങ്ങളുമായും വരുന്ന സ്ത്രീകളും വയോധികരും രോഗികളും ഏറെ കാത്തിരിപ്പിന് ശേഷം വരുന്ന തിങ്ങി നിറഞ്ഞ ബസുകളില്‍ ദുരിത യാത്ര നടത്തുന്ന ദയനീയ കാഴ്ചയാണ് ഇവിടെ. ബസ് കാത്തുനിന്ന് മടുക്കുന്നവര്‍ ഓഫിസില്‍ കയറി വഴക്കുണ്ടാക്കുന്നതും പതിവായി മാറിയതായി ജീവനക്കാര്‍ പറയുന്നു. ഓട്ടോകളുടെയും കാറിന്റെയുമൊക്കെ ചാര്‍ജ് വര്‍ധിപ്പിച്ചതും പൊതു ജനത്തിന് തിരിച്ചടിയായി.
ബസുകള്‍ നിര്‍ത്തലാക്കിയ റൂട്ടുകളിലേക്ക് ഓട്ടം പോകുന്ന സമാന്തര വാഹനങ്ങളും യാത്രക്കാരെ പിഴിയുന്നതായും പരാതി ഉയര്‍ന്നു. ഇതിനൊക്കെ പരിഹാരം എന്നുണ്ടാകുമെന്നറിയാതെ ഉഴലുകയാണ് തീരദേശ ജനത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."