ലേബര്‍ ഓഫിസില്‍ പരിഹാരമില്ലാത്ത കേസുകള്‍ മാത്രം തൊഴില്‍ കോടതി പരിഗണിക്കുക-സഊദി തൊഴില്‍ മന്ത്രാലയം
നിസാര്‍ കലയത്ത്
ജിദ്ദ: ലേബര്‍ ഓഫീസില്‍ പരിഹാരമില്ലാത്ത തൊഴില്‍ കേസുകള്‍ മാത്രമേ തൊഴില്‍ കോടതി പരിഗണിക്കുകയുള്ളൂവെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. തൊഴില്‍ കേസുകള്‍ക്കായി മാത്രം മൂന്നു കോടതികള്‍ ആരംഭിച്ചതായും മക്കയില്‍ അടുത്ത മാസം പ്രത്യേക തൊഴില്‍ കോടതി ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
തൊഴിലുടമകളില്‍ നിന്ന് ശമ്പള കുടിശികയോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കാന്‍ ബാക്കിയുണ്ടെങ്കില്‍ തൊഴിലാളികള്‍ ആദ്യം സമീപിക്കേണ്ടത് ആ പ്രദേശത്തെ ലേബര്‍ ഓഫിസിനെയാണ്. തൊഴിലുടമയുമായും പരാതിക്കാരുമായും സംസാരിച്ച് ലേബര്‍ ഓഫിസ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കും. പരാതി നല്‍കി ഇരുപത്തിയൊന്ന് ദിവസത്തിനകം പരിഹാരം ഉണ്ടായില്ലെങ്കില്‍ മാത്രമേ പരാതിക്കാര്‍ തൊഴില്‍ കോടതിയെ സമീപിക്കാവൂ എന്ന് സഊദി നിയമമന്ത്രാലയം അറിയിച്ചു.
തൊഴില്‍ കേസുകളില്‍ പെട്ടെന്ന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് നിയമമന്ത്രാലയം പരാതികള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരം കാണാനുള്ള അവസരം ഒരുക്കുന്നത്. ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളില്‍ കഴിഞ്ഞ മാസം പ്രത്യേക തൊഴില്‍ കോടതികള്‍ ആരംഭിച്ചിരുന്നു. ഒരു മാസത്തിനുള്ളില്‍ മക്കയിലും പുതിയ കോടതി ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അകാരണമായി ജോലിയില്‍ നിന്നും പിരിച്ചു വിടപ്പെട്ട തൊഴിലാളിക്ക് പത്ത് ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞ ദിവസം റിയാദിലെ തൊഴില്‍ കോടതി തൊഴിലുടമയോട് നിര്‍ദേശിച്ചിരുന്നു. മൂന്ന് വര്‍ഷത്തെ കരാറില്‍ ജോലിയില്‍ പ്രവേശിച്ച തൊഴിലാളിയെ നാല് മാസം കൊണ്ട് പിരിച്ചു വിട്ടു എന്നായിരുന്നു പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."