' നൂറു ശതമാനം മുസ്ലിം സ്ത്രീകളും മുത്തലാഖ് ബില്ലിനെതിര് ' ; അസദുദ്ദീന്‍ ഉവൈസി എം.പിയുടെ ലോകസഭാ പ്രസംഗത്തിന്റെ പൂര്‍ണരൂപം
രാജ്യത്തെ മുസ്‌ലിം സ്ത്രീകള്‍ക്കുവേണ്ടി ഒരു പിതാവെന്ന നിലയ്ക്കും സഹോദരന്‍ എന്ന നിലയ്ക്കും അമ്മാവന്‍ എന്ന നിലക്കും മകന്‍ എന്ന നിലക്കുമെല്ലാം സര്‍ക്കാരിനോടു പറയാന്‍ ആഗ്രഹിക്കുന്ന കാര്യം, ഇന്ത്യയിലെ നൂറു ശതമാനം മുസ്ലിം സ്ത്രീകളും ഈ ബില്ലിനെ പൂര്‍ണമായും എതിര്‍ക്കുകയും തള്ളിക്കളയുകയും ചെയ്യുന്നുവെന്നതാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ 14, 15, 26, 29 വകുപ്പുകളും ഭരണഘടനയുടെ ആമുഖവും വ്യക്തമായി തന്നെ വിശ്വാസ സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും ചിന്താ-ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളും ഉറപ്പുനല്‍കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഈ ബില്ലിനെ എതിര്‍ക്കുന്നത്. ഒരു കാര്യം ഞാന്‍ സര്‍ക്കാരിനോടു ചോദിക്കാന്‍ ആഗ്രഹിക്കുന്നു. രാജ്യത്ത് സ്വവര്‍ഗ ലൈംഗികതയെ ക്രിമിനല്‍ കുറ്റമല്ലാതാക്കുകയുണ്ടായി. എന്നാല്‍, നിങ്ങള്‍ ആരുടെ സമ്മര്‍ദത്തിലാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കാന്‍ ശ്രമിക്കുന്നത്? ഒരു പുരുഷന്‍ മറ്റൊരു പുരുഷനോട് കൂടെ, അല്ലെങ്കില്‍ ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ കൂടെ ഒരുമിച്ചു താമസിച്ച് എന്തു ചെയ്താലും നിങ്ങള്‍ക്ക് ഒരു എതിര്‍പ്പുമില്ല. എന്നാല്‍ മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കാതിരിക്കാന്‍ നിങ്ങള്‍ക്കു പറ്റില്ല. എന്തുകൊണ്ട്? അതിന്റെ ഉപയോഗം ഞങ്ങള്‍ക്കെതിരേയാണെന്നതു തന്നെ കാരണം.
മറ്റൊരു കാര്യം വ്യഭിചാരവുമായി ബന്ധപ്പെട്ട നിയമമാണ്. ഈ ഭരണകൂടം വ്യഭിചാരവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലഘൂകരിക്കാന്‍ കോടതിയോട് ആവശ്യപ്പെട്ടു. സുപ്രിംകോടതി അതു ക്രിമിനല്‍ കുറ്റമല്ലാതാക്കുകയും ചെയ്തു. നിങ്ങള്‍ മിണ്ടാതിരുന്നു. പകരം മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കാന്‍ വേണ്ട നിയമനിര്‍മാണങ്ങള്‍ നടത്തുകയും ചെയ്തു.
ഈ നിയമം എന്തുകൊണ്ടാണ് ഭരണഘടനാ വിരുദ്ധമാകുന്നത്? നിങ്ങള്‍ പറഞ്ഞതുപോലെ ഇത് മുസ്‌ലിംകള്‍ക്കിടയില്‍ മാത്രമുള്ള ഒരു ആചാരമാണ്. എന്നാല്‍ ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. ഈ രാജ്യത്ത് ഒരു ഹിന്ദു വിശ്വാസി വിവാഹമോചനം നടത്തിയാല്‍ ഒരു വര്‍ഷത്തെ ശിക്ഷയാണ് അവര്‍ക്കു നല്‍കുന്നത്. പകരം മുസ്‌ലിംകള്‍ക്ക് ഇതേ കാര്യത്തിന് എന്തുകൊണ്ടാണു മൂന്നു വര്‍ഷത്തെ ശിക്ഷ നല്‍കുന്നത്? ഇത് ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമല്ലേ? നമ്മുടെ മന്ത്രി ഇവിടെ പ്രസംഗത്തിനിടെ വളരെ ആവേശത്തില്‍ മുത്വലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി ഉത്തരവുണ്ടെന്നു പറയുകയുണ്ടായി. എന്നാല്‍ ഈ വിധിയുടെ ഏതു ഭാഗത്താണ് മുത്വലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് ബെഞ്ചിലെ ഭൂരിപക്ഷം അംഗങ്ങളും പറഞ്ഞതെന്നു കാണിച്ചുതന്നാല്‍ കൊള്ളാം. മന്ത്രി ദൈവത്തെ കരുതിയെങ്കിലും സഭയിലെ അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കാതിരിക്കൂ. തത്ത്വശാസ്ത്രജ്ഞരായ മോണ്ടെ സ്‌ക്യുവും ബെന്തമും പറഞ്ഞ കാര്യം ഇവിടെ പ്രസക്തമാണ്. നിയമം അവശ്യമില്ലാത്തിടത്ത് അതു നടപ്പാക്കുന്നത് സ്വേച്ഛാധിപത്യ പ്രവണതയാണെന്ന് അവര്‍ പറയുന്നുണ്ട്.
സര്‍ക്കാരിനോട് ചോദിക്കാനുള്ള മറ്റൊരു കാര്യം ഇതാണ്. ഹിന്ദു മാര്യേജ് ആക്ടില്‍നിന്ന് എന്തുകൊണ്ടാണ് ഇവിടത്തെ ഗോത്രവര്‍ഗങ്ങളെ ഒഴിവാക്കിയത്? ആര്‍ട്ടിക്കിള്‍ 26ഉം 27ഉം ആണ് ഇതിനു ന്യായമായി പറയുന്നത്. ഇവിടെ പലരും ധൈര്യപൂര്‍വം ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതു കേട്ടു. എന്നാല്‍ അവര്‍ ഇനി ഖുതുമുന്നുബുവ്വത്തിനെക്കുറിച്ചും തൗഹീദിനെക്കുറിച്ചും മാത്രമാണു പറയാന്‍ ബാക്കിയുള്ളത്. അതുകൂടി പഠിച്ചുവരാന്‍ അവരോട് ആവശ്യപ്പെടുകയാണ്.
ശബരിമല വിഷയത്തില്‍ കോടതിവിധി വന്നപ്പോള്‍ നിങ്ങള്‍ വിശ്വാസത്തെക്കുറിച്ചു സംസാരിച്ചു. എന്നാല്‍ മുസ്‌ലിംകള്‍ക്ക് വിശ്വാസമില്ലേ? നിങ്ങളുടെ വിശ്വാസം വിശ്വാസമാണ്. എന്നാല്‍ എന്റെ വിശ്വാസം വിശ്വാസമല്ലേ? ഇത് സംസ്‌കാര ലംഘനമല്ലേ? ആര്‍ട്ടിക്കിള്‍ 29ന്റെ ലംഘനം കൂടിയല്ലേ ഇത്? ഈ സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി ശരിയല്ല. ഇവിടെ ഒരു പുരുഷന്‍ പരസ്ത്രീ ബന്ധത്തില്‍ ഏര്‍പെടുന്നത് ഇപ്പോള്‍ തെറ്റല്ല. എന്നാല്‍ ഒരാള്‍ മുത്വലാഖ് ചൊല്ലിയാല്‍ മൂന്നു വര്‍ഷത്തെ ശിക്ഷയാണ് അവര്‍ക്ക്. കോടതി പറയുന്നു മുത്വലാഖ് കൊണ്ട് വിവാഹബന്ധം വേര്‍പ്പെടുന്നില്ലെന്ന്. എങ്കില്‍ പിന്നെ എങ്ങനെയാണു മൂന്നു വര്‍ഷത്തെ ശിക്ഷ നല്‍കുക? 148 പ്രകാരം സാമുദായിക കലാപത്തിനുള്ള ശിക്ഷ മൂന്നു വര്‍ഷമാണ്. ആരെങ്കിലും വാഹനമിടിച്ചുകൊന്നാല്‍ രണ്ടു വര്‍ഷത്തെ ശിക്ഷയും. ദയവുചെയ്ത് ബെന്തെമിനെയും മോണ്ട സ്‌ക്യുവിനെയും ഒന്നു വായിക്കണം. നാഷനല്‍ ലോ സ്‌കൂളുകളിലെ ഏതെങ്കിലും നാലാം വര്‍ഷ നിയമവിദ്യാര്‍ഥിയുടെ കൂടെയിരിക്കുകയെങ്കിലും ചെയ്യൂ. അവര്‍ നിങ്ങള്‍ക്കു പഠിപ്പിച്ചുതരും.
ഒരു കാര്യം ഉറപ്പായും ശരിയാണ്. ഇസ്‌ലാമില്‍ വിവാഹം ഒരു കരാറാണ്. ഞാന്‍ ഒരു നിര്‍ദേശം മുന്നോട്ടുവയ്ക്കുകയാണ്. നികാഹ്‌നാമയില്‍ ഒരു നിബന്ധനവയ്ക്കൂ. ഏതെങ്കിലും മുസ്‌ലിം പുരുഷന്‍ മുത്വലാഖ് ചൊല്ലിയാല്‍ രണ്ടോ മൂന്നോ ഇരട്ടി മഹര്‍ നല്‍കണമെന്ന നിബന്ധന ചേര്‍ക്കൂ. അതിന്റെ ലംഘനമുണ്ടായാല്‍ അതു നടപ്പാക്കൂ. അതു കരാര്‍ ലംഘനമാണ്.
ഈ നിയമത്തിന്റെ ലക്ഷ്യം മുസ്‌ലിം പുരുഷന്മാരെക്കൊണ്ട് ജയില്‍നിറയ്ക്കുകയാണ്. അല്ലാതെ സര്‍ക്കാരിനു മുസ്‌ലിം സ്ത്രീകളോട് സ്‌നേഹമുണ്ടായിട്ടൊന്നുമല്ല. ഇനി പുരുഷന്മാര്‍ ജയിലില്‍ പോയാല്‍ സ്ത്രീകളുടെ ദൈനംദിന ചെലവ് ആരു നോക്കും? ശായറബാനു ബി.ജെ.പിയില്‍ ചേരുകയുണ്ടായി. നിങ്ങള്‍ അവര്‍ക്കുവേണ്ടി എന്തു ചെയ്തു?
ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് 377 നിയമത്തില്‍ ഇളവു ചെയ്തുകൊടുക്കുകയുണ്ടായി. എന്തുകൊണ്ട് മതന്യൂനപക്ഷങ്ങള്‍ക്ക് ഈ ആനുകൂല്യമില്ല? ഈ നിയമം മതവിരുദ്ധമാണ്. ബഹുസ്വരതയ്ക്ക് അന്ത്യംകുറിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. നിങ്ങളുടെ ലക്ഷ്യം വെളിപ്പെട്ടിരിക്കുകയാണ്. മുസ്‌ലിം സ്ത്രീകള്‍ക്കു നീതി നേടിക്കൊടുക്കലല്ല നിങ്ങളുടെ ലക്ഷ്യം. എല്ലാ നിയമങ്ങളും മാറ്റൂ എന്ന് അന്ന് കോടതിയില്‍ അറ്റോര്‍ണി ജനറല്‍ പറഞ്ഞപ്പോള്‍ തന്നെ ഇക്കാര്യം വ്യക്തമായതാണ്. മുഖ്താര്‍ അബ്ബാസ് നഖ്‌വിയോട് പറയാനുള്ളത് ശീഇകളുടെ ആചാരങ്ങളും എടുത്തുകളയുമെന്ന കാര്യം ഓര്‍മയിലുണ്ടായിരിക്കുന്നത് നല്ലതാണെന്നാണ്.
മറ്റൊരു കാര്യം, അടുത്തായി രാജ്യവ്യാപകമായി മീടൂ മൂവ്‌മെന്റ് രൂപപ്പെടുകയുണ്ടായി. കഴിഞ്ഞ പ്രാവശ്യം ഇവിടെ എഴുന്നേറ്റുനിന്നിരുന്ന മന്ത്രി ഇപ്പോള്‍ എവിടെപ്പോയി? നിങ്ങള്‍ അയാള്‍ക്ക് പാര്‍ട്ടിയില്‍ സംരക്ഷണമൊരുക്കുകയാണു ചെയ്തത്. അയാളെ എടുത്തു പുറത്തിടേണ്ടിയിരുന്നു. എന്നിട്ട് ഇങ്ങനത്തെ ആളുകളാണു നമുക്ക് ക്ലാസെടുക്കാന്‍ വരുന്നത്.
രാജ്യത്ത് 84 ശതമാനം വരുന്ന ഹിന്ദു സ്ത്രീകളില്‍ 20 ലക്ഷത്തോളം പേര്‍ വിവാഹമോചിതരായിട്ടുണ്ട്. അവര്‍ക്കു വേണ്ടി നിയമമുണ്ട്. പക്ഷെ, എന്തുകൊണ്ട് അതു നടപ്പാകുന്നില്ല. സാമൂഹിക ദുരാചാരങ്ങള്‍ക്കെതിരേയുള്ള നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാവണം. അവസാനമായി ഒരുകാര്യം കൂടി പറയട്ടെ. നിങ്ങളുടെ നിയമനിര്‍മാണം കൊണ്ടോ നിര്‍ബന്ധങ്ങള്‍ കൊണ്ടോ ഞങ്ങള്‍ മതനിയമങ്ങള്‍ ഒഴിവാക്കാന്‍ പോകുന്നില്ല. ഈ ലോകം അവസാനിക്കുംവരെ ഞങ്ങള്‍ മതത്തിനുസരിച്ചു തന്നെ ഇവിടെ ജീവിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."