1984ലെ കേസ്: മലയാളി ഹാജിയെ ജിദ്ദ വിമാനത്താവളത്തില്‍ തടഞ്ഞു
മക്ക: മൂന്നു പതിറ്റാണ്ടു മുന്‍പുള്ള വാഹനാപകട കേസിനെ തുടര്‍ന്ന് ജയില്‍ ശിക്ഷ അനുഭവിച്ച മലയാളിയെ ജിദ്ദ വിമാനത്താവളത്തില്‍ തടഞ്ഞു വച്ചു. ആദ്യ മലയാളി ഹജ്ജ് വിമാനത്തിലെത്തിയ അബ്ദുല്‍ അസീസ് എന്ന ഹാജിയെയാണ് ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് എമിഗ്രെഷന്‍ കൗണ്ടറില്‍ പാസ്പോര്‍ട്ട് കൊടുക്കാതെ തടഞ്ഞുവച്ചത്. സഊദിയില്‍ പ്രവാസ ജീവിതം നയിച്ചിരുന്ന അദ്ദേഹത്തിന് 1984 ലെ ഒരു കേസുമായാണ് എമിഗ്രെഷന്‍ അധികൃതര്‍ തടഞ്ഞു വച്ചത്.
സഊദിയിലെ ഹായിലില്‍ ജോലിയെടുക്കുന്ന വേളയില്‍ ഹജ്ജിനെത്തിയ അദ്ദേഹം മദീനക്കു സമീപം നടന്ന ഒരു കാര്‍ അപകടവുമായി ബന്ധപ്പെട്ടു ജയിലിലായിരുന്നു. ഇക്കാരണത്താലാണ് ഇപ്പോള്‍ ഹജ്ജിനെത്തിയപ്പോള്‍ പിടിക്കപ്പെട്ടത്.
അപകടത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സഊദി ട്രാഫിക് പോലീസ് വിഭാഗം അസീസിനെ പിടികൂടുകയും ആശുപത്രിയില്‍ കൊണ്ട് പോയി ചികിത്സ നല്കി ജയിലിലടക്കുകയും ചെയ്തിരുന്നു. കുറച്ചു ദിവസം ഇവിടെ ജയിലിലിട്ട ശേഷം തര്‍ഹീലിലേക്ക് മാറ്റി നാട്ടിലേക്ക് കയറ്റി അയക്കുകയായിരുന്നു. പിന്നീട് കോണ്‍സുലേറ്റ് പ്രതിനിധികള്‍ എമിഗ്രെഷന്‍ അധികൃതരുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് വിട്ടുകൊടുത്ത് പുറത്തിറങ്ങാന്‍ സഊദി അധികൃതര്‍ അനുവദിച്ചത്.
രാജ്യത്തു കടക്കുന്ന മുഴുവന്‍ ആളുകളുടെയും വിരലടയാളവും കണ്ണും സ്കാന്‍ ചെയ്തു സൂക്ഷിക്കുന്നതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ അപകടം സംഭവിച്ചത്. എങ്കിലും കേസുകളില്‍ അകപ്പെട്ടവരുടെതും ജയിലുകളില്‍ അകപ്പെട്ടവരുടെയും വിരലടയാളം പേപ്പറില്‍ പതിപ്പിച്ചിരുന്നത് പിന്നീട് കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ കയറ്റിയിരുന്നു. ഇതിനു മുന്‍പും സമാനമായ സംഭവങ്ങള്‍ സഊദിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."