മന്‍ബിജിന്റെ നിയന്ത്രണമേറ്റെടുത്ത് സിറിയന്‍ സേന
ദമസ്‌കസ്: കുര്‍ദ് വിമതസേനയും തുര്‍ക്കിയും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായ മന്‍ബിജിന്റെ നിയന്ത്രണമേറ്റെടുത്ത് സിറിയന്‍ സേന. വടക്കന്‍ സിറിയന്‍ നഗരമായ മന്‍ബിജിലാണ് കുര്‍ദ് വിമതരുടെ ആവശ്യപ്രകാരം സര്‍ക്കാര്‍ അനുകൂല സേന പ്രവേശിച്ചത്. ആറു വര്‍ഷമായി രാജ്യത്ത് നടക്കുന്ന ആഭ്യന്തര യുദ്ധത്തില്‍ ഇതാദ്യമായാണ് സിറിയന്‍ സര്‍ക്കാര്‍ മന്‍ബിജിലെ സംഘര്‍ഷമേഖലയില്‍ ഇടപെടുന്നത്. സൈന്യത്തെ മേഖലയില്‍ വിന്യസിച്ച വിവരം സിറിയന്‍ സേനാ വക്താവാണ് പുറത്തുവിട്ടത്.
തുര്‍ക്കി പുതിയ സൈനിക നടപടിക്ക് തുടക്കം കുറിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അപ്രതീക്ഷിത നീക്കം. മേഖലയില്‍നിന്ന് പിന്‍വാങ്ങിയ വൈ.പി.ജി കുര്‍ദ് സൈന്യം സര്‍ക്കാരിനോട് നിയന്ത്രണമേറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. യു.എസ് സൈന്യത്തെ തിരിച്ചുവിളിക്കുന്നതായുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനവും സര്‍ക്കാരിന്റെ സഹായം തേടാന്‍ ഇവരെ പ്രേരിപ്പിച്ചു. സര്‍ക്കാര്‍ അനുകൂല സേന നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. തുര്‍ക്കിയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍നിന്ന് മാറിയാണ് സൈന്യം താവളമൊരുക്കിയിരിക്കുന്നത്.
തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന സിറിയന്‍ നഗരം കൂടിയാണ് മന്‍ബിജ്. മേഖലയുടെ നിയന്ത്രണം സ്വന്തമാക്കിയ വൈ.പി.ജിയെ തുര്‍ക്കി ഭീകരസംഘമായാണ് കണക്കാക്കുന്നത്. ഇവര്‍ രാജ്യത്തിനു ഭീഷണിയാണെന്ന് ആരോപിച്ചാണ് തുര്‍ക്കി വര്‍ഷങ്ങള്‍ക്കുമുന്‍പ് മന്‍ബിജില്‍ സൈനിക നടപടി ആരംഭിച്ചത്.
സാധാരണ അമേരിക്കന്‍ സേനയാണ് തുര്‍ക്കിക്കെതിരായ പോരാട്ടങ്ങള്‍ക്ക് വൈ.പി.ജിക്ക് സഹായം നല്‍കുന്നത്. ഐ.എസിനെതിരായ പോരാട്ടത്തില്‍ കുര്‍ദുകളെ സഹായിക്കുന്നുവെന്നാണ് അമേരിക്ക അവകാശപ്പെട്ടിരുന്നത്. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് (എസ്.ഡി.എഫ്) എന്ന സഖ്യത്തിനു കീഴിലാണ് ഇരുസൈന്യവും ഐ.എസിനെതിരേ പോരാട്ടം നടത്തിയിരുന്നത്. 2016ല്‍ ഐ.എസില്‍നിന്ന് എസ്.ഡി.എഫ് നഗരത്തിന്റെ നിയന്ത്രണം പിടിച്ചടക്കുകയും ചെയ്തു.
എന്നാല്‍, അപ്രതീക്ഷിതമായി 2,000ത്തോളം സൈനികരെ ഇവിടെനിന്നു അമേരിക്ക തിരിച്ചുവിളിച്ചത് കുര്‍ദ് വിമതരെ ഞെട്ടിച്ചിരുന്നു. ഐ.എസ് വിരുദ്ധ പോരാട്ടത്തില്‍ അമേരിക്കയുടെ പരാജയമാണിതെന്നും ഇവര്‍ കുറ്റപ്പെടുത്തി. മന്‍ബിജില്‍ തുര്‍ക്കി ആക്രമണം ശക്തമാക്കിക്കൊണ്ടിരിക്കെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം പുറത്തുവന്നത്. ഇതോടെ മന്‍ബിജില്‍ പുതിയ സൈനിക നടപടി ആരംഭിക്കാനുള്ള നീക്കം തുര്‍ക്കി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രമേ ഇനി മേഖലയില്‍ സൈനിക നടപടിക്കുള്ളൂവെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."