ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയത് കോടിയേരിയുടെ കാലത്ത്: സെന്‍കുമാര്‍
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് ഫോണ്‍ ചോര്‍ത്തല്‍ പരിപാടി തുടങ്ങിയതെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. കോട്ടയ്ക്കകത്ത് പ്രിയദര്‍ശിനി ഹാളില്‍ ബി.ജെ.പിയുടെ നവാഗത നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫോണ്‍ ചോര്‍ത്തുന്ന സംവിധാനം എല്ലായിടത്തുമുണ്ട്. ജേക്കബ് പുന്നൂസ് ഡി.ജി.പിയായിരിക്കേയാണ് പേരൂര്‍ക്കടയിലെ വീട്ടില്‍ ഫോണ്‍ ചോര്‍ത്തുന്ന ഉപകരണങ്ങള്‍ കൊണ്ടുവച്ചത്. മെയില്‍ ചോര്‍ത്താന്‍ തുടങ്ങിയതും തനിക്കു മുമ്പുണ്ടായിരുന്ന ഒരാളാണ്. ആ പൊലിസ് ഉദ്യോഗസ്ഥന്റെ നീക്കം താന്‍ കൈയോടെ പിടികൂടിയതായും അദ്ദേഹം പറഞ്ഞു.
2019 ലും 2024 ലും മോദിതന്നെ ഇന്ത്യയുടെ പ്രധാനമന്ത്രിയാകണം. താന്‍ ശരിയായ സനാതന ധര്‍മ വിശ്വാസിയാണ്. അത് പരിപാലിക്കാനും പിന്തുണയ്ക്കാനും കൂടെ ചേരാനും താന്‍ ഉണ്ടാകും. താന്‍ ഡി.ജി.പി സ്ഥാനം ഒഴിഞ്ഞ ശേഷം വട്ടിയൂര്‍കാവ് എസ്.എന്‍.ഡി.പി ശാഖയില്‍ മാത്രമേ അംഗത്വമെടുത്തിട്ടുള്ളൂ. പാര്‍ട്ടി അച്ചടക്കം പാലിക്കാന്‍ കഴിയാത്തതിനാല്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ല.
സത്യം പറഞ്ഞാല്‍ സംഘിയാകുമെങ്കില്‍ എല്ലാവരും സംഘിയാകും. സത്യം പറഞ്ഞിട്ട് തന്നെ സംഘിയാക്കുന്നതില്‍ വിഷമമില്ല. ബി.ജെ.പിയിലോ ബി.ഡി.ജെ.എസിലോ ചേര്‍ന്നാലും ഇല്ലെങ്കിലും നിങ്ങളോടൊപ്പമുണ്ടാകുമെന്ന് ബി.ജെ.പി നേതാക്കളുടെ കൈയടിക്കിടയില്‍ അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി എച്ച് രാജ സംഗമം ഉദ്ഘാടനം ചെയ്തു. സി.കെ പത്മനാഭന്, ഒ. രാജഗോപാല്‍ എം.എല്‍.എ പ്രസംഗിച്ചു. എ.എന്‍ രാധാകൃഷ്ണന് സ്വാഗതവും ജെ.ആര് പത്മകുമാര്‍ നന്ദിയും പറഞ്ഞു. വിവിധ പാര്‍ട്ടികളില്‍ നിന്ന് നേരത്തേ ബി.ജെ.പിയില്‍ ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ജി. രാമന് നായര്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."