മുത്വലാഖ് ചര്‍ച്ച: ഉവൈസി എത്തിയത് മകളുടെ കല്യാണപ്പന്തലില്‍നിന്ന്
ഹൈദരാബാദ്: മുത്വലാഖ് ബില്‍ ലോക്‌സഭ പാസാക്കിയപ്പോള്‍ ചര്‍ച്ചാവേളയില്‍ ഏറെശ്രദ്ധിക്കപ്പെട്ടതും ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ വീക്ഷിച്ചതും ആള്‍ ഇന്ത്യാ മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ പ്രിസിഡന്റ് അസദുദ്ദീന്‍ ഉവൈസി എം.പിയുടെ പ്രസംഗമായിരുന്നു. മുത്വലാഖുമായി ബന്ധപ്പെട്ട സമുദായത്തിന്റെ നിലപാട് യുക്തിഭദ്രമായി വ്യക്തമാക്കുന്നതും ബി.ജെ.പിയുടെ കുത്സിത താല്‍പര്യങ്ങള്‍ തുറന്നുകാട്ടുന്നതുമായിരുന്നു അസദുദ്ദീന്‍ ഉവൈസിയുടെ പ്രസംഗം.
ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായ ഈ പ്രസംഗം നടത്താനും നിര്‍ണായകമായ മുത്വലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനും ഉവൈസി എത്തിയത് തന്റെ മകളുടെ വിവാഹപ്പന്തലില്‍ നിന്നായിരുന്നു. ഹൈദരാബാദിലെ ക്ലാസിക് കണ്‍വന്‍ഷന്‍ ത്രീയില്‍ ഉവൈസിയുടെ മകളായ ഖുദ്‌സിയ ഉവൈസിയും ഹൈദരാബാദിലെ നവാബ് ഷാ ആലം ഖാന്റെ കൊച്ചുമകനായ നവാബ് ബറക്കത്ത് ആലം ഖാനും തമ്മിലുള്ള നികാഹിന്റെ അന്തിമ ഒരുക്കങ്ങള്‍ക്കിടെയാണ് സമുദായത്തിന്റെ ശബ്ദമായി മാറാന്‍ ലോക്‌സഭയില്‍ ഉവൈസി എത്തിയത്.
ഹൈദരാബാദിലെ പ്രമുഖമായ രണ്ടും കുടുംബാംഗങ്ങള്‍ തമ്മിലുള്ള വിവാഹം ഇന്നലെ രാത്രി എഴിനാണ് നടന്നത്. സാമൂഹിക രാഷട്രീയ മേഖലയിലെ പ്രമുഖരാണ് ഈ വിവാഹത്തില്‍ സംബന്ധിച്ചിരിക്കുന്നത്. തന്റെ കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചടങ്ങുണ്ടായിട്ടും അതെല്ലാം മാറ്റിവച്ചാണ് ഉവൈസി ഇന്നലെ ലോക്‌സഭയിലെത്തിയത്. സ്പീക്കറെ ഇടക്കിടെ മാഡം എന്നു വിളിച്ചുകൊണ്ട് ഉര്‍ദുവില്‍ നടത്തിയ പ്രസംഗത്തില്‍ കൃത്യമായ തെളിവുകളും വിവരങ്ങളും വച്ചാണ് വിഷയം സമര്‍ഥിച്ചത്. ഉവൈസിയുടെ ട്വിറ്ററില്‍ വലിയ ഹിറ്റായി ഈ പ്രഭാഷണം മാറിക്കഴിഞ്ഞു. വലിയ പ്രതികരണങ്ങളാണ് ഇതിന് അനുകൂലമായി വരുന്നത്.
ചര്‍ച്ച രണ്ടാം ദിവസത്തേക്ക് നീങ്ങുകയാണെങ്കില്‍ നിങ്ങള്‍ സഭയില്‍ തന്നെ നില്‍ക്കണമെന്നും മകളുടെ വിവാഹ ചടങ്ങില്‍ എത്താന്‍ ഒരു വിമാനം തന്നെ ചാര്‍ട്ടര്‍ ചെയ്യാമെന്നും അബ്ദുല്‍ ഹമീദ് എന്ന ഒരു സുഹൃത്ത് പറഞ്ഞതായി ഉവൈസി തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്. തന്റെ സ്വന്തം മകളുടെ വിവാഹത്തേക്കാള്‍ തന്റെ സമുദായത്തിന്റെ വിഷയത്തിനു പ്രാമുഖ്യം നല്‍കുന്ന ഉവൈസിയെ മറ്റു സാമുദായിക നേതാക്കള്‍ മാതൃകയാക്കണമെന്നും സാമൂഹ്യമാധ്യമങ്ങളില്‍ അഭിപ്രായം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."