കാര്‍ യാത്രികന്റെ പണവും ഫോണുകളും കവര്‍ന്ന സംഭവം: അഞ്ച് പ്രതികള്‍ പിടിയില്‍
മാനന്തവാടി: കാറില്‍ സഞ്ചരിക്കുകയായിരുന്ന സ്വര്‍ണക്കച്ചവടക്കാരെ അക്രമിച്ച് 25 ലക്ഷം രൂപയും വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും കവര്‍ന്ന കേസിലെ അഞ്ച് പ്രതികളെ പിടികൂടി. മാനന്തവാടി എ.എസ്.പിയുടെ സ്‌പെഷല്‍ സ്വ്ക്വാഡ് അംഗങ്ങളും തിരുനെല്ലി എസ്.ഐ ബിജു ആന്റണിയും ചേര്‍ന്നാണ് പിടികൂടിയത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പലതവണകളായിട്ടാണ് അന്തര്‍സംസ്ഥാന ഹൈവേ മോഷണ സംഘാംഗങ്ങളായ പ്രതികള്‍ വലയിലായത്. പ്രതികളെല്ലാവരും റിമാന്‍ഡിലാണ്.
മീനങ്ങാടി പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ചില്ലുകള്‍ തകര്‍ത്തും, സീറ്റുകള്‍ കുത്തിപ്പൊളിച്ചും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാറിന്റെ ചുരുളഴിച്ചപ്പോഴാണ് കുറ്റകൃത്യം നടന്നത് തിരുനെല്ലി പൊലിസ് സ്‌റ്റേഷന്‍ പരിധിയിലാണെന്ന് വ്യക്തമായതും തുടരന്വേഷണം തിരുനെല്ലി പൊലിസ് നടത്തിയതും. കേസില്‍ ആദ്യം പിടിയിലായത് എറണാകുളം കോതമംഗലം വട്ടപറമ്പില്‍ വി.ആര്‍ രഞ്ജിത്ത് (29)ആണ്. പിന്നീട് കോഴിക്കോട് സ്വദേശികളായ ബാലുശ്ശേരി ചമ്മില്‍ വീട്ടില്‍ സി. ദില്‍ജില്‍ (26), കുന്ദമംഗലം അരുണോലിചാലില്‍ ഇട്ടു എന്ന ഷിബിത്ത് (28) എന്നിവരും വലയിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൃശൂര്‍ സ്വദേശികളായ വരന്തരപ്പള്ളി കരയമ്പാടം എം.വി മംഗളന്‍ വീട്ടില്‍ എം. വിനീത് രവി(26)നെയും, വരന്തരപ്പള്ളി പള്ളന്‍ വീട്ടില്‍ പള്ളന്‍ ബാബു എന്ന ബാബു(42)വിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതില്‍ ബാബുവിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തു.
മറ്റ് പ്രതികളെ കഴിഞ്ഞ രണ്ടാഴ്ച മുതലേ പിടികൂടിയെങ്കിലും തുടരന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പൊലിസ് ഇക്കാര്യം പുറത്ത് വിട്ടിരുന്നില്ല. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലും പ്രതികള്‍ക്കെതിരേ നിരവധി മോഷണകേസുകള്‍ നിലവിലുണ്ടെന്ന് പൊലിസ് വ്യക്തമാക്കി. പള്ളന്‍ ബാബുവിനെതിരേ മാത്രം കര്‍ണാടക ചാമരാജ് നഗര്‍, ഗുണ്ടല്‍പേട്ട്, ഗൂഡല്ലൂര്‍ തുടങ്ങിയ പല സ്റ്റേഷനുകളിലും കേസുകള്‍ നിലവിലുണ്ട്. ഈ സംഘത്തില്‍ ഇനിയും നിരവധിയാളുകള്‍ കണ്ണികളായുണ്ടെന്നും പ്രതികളെ പിടികൂടാനുള്ള അന്വേഷണം പുരോഗമിക്കുന്നതായും തിരുനെല്ലി എസ്.ഐ ബിജു ആന്റണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."