നാല് ജില്ലകളിലെ എല്‍.പി.എസ്.ടി റാങ്ക് ലിസ്റ്റുകള്‍ പുറത്തിറക്കി
ചെറുവത്തൂര്‍: ഉദ്യോഗാര്‍ഥികളുടെ ആശങ്കകള്‍ക്ക് വിരാമമിട്ട് എല്‍.പി എസ്.ടി റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. കാസര്‍കോട്, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലെ റാങ്ക് ലിസ്റ്റുകളാണ് കേരള പബ്ലിക് സര്‍വിസ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന സ്റ്റേ ഹൈക്കോടതി നീക്കിയിട്ടും പ്രൈമറി അധ്യാപക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം അനന്തമായി നീളുന്നത് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്നലെ കൈക്കൊണ്ട അടിയന്തര നടപടികള്‍ക്കൊടുവിലാണ് വെബ് സൈറ്റില്‍ റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. തൃശൂര്‍ ജില്ലയിലെ റാങ്ക് ലിസ്റ്റ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ശേഷിക്കുന്ന ജില്ലകളിലെ റാങ്ക് ലിസ്റ്റുകള്‍ക്കും അംഗീകാരം നല്‍കി ക്കഴിഞ്ഞു. രണ്ടുദിവസത്തിനുള്ളില്‍ എല്ലാ ജില്ലകളിലെയും ലിസ്റ്റുകള്‍ പുറത്തിറങ്ങും.
അതേസമയം, കെ ടെറ്റ് വിഷയവുമായി ബന്ധപ്പെട്ട് അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലില്‍ നിലനില്‍ക്കുന്ന കേസുകളുടെ അന്തിമവിധിക്ക് ശേഷം മാത്രമേ നിയമനം നടക്കൂ. ജനുവരി 14 ന് ട്രൈബ്യൂണല്‍ കേസ് പരിഗണിക്കുന്നുണ്ട്. അടുത്ത അധ്യയനവര്‍ഷത്തേക്ക് മാത്രമേ റാങ്ക് ലിസ്റ്റുകളില്‍നിന്ന് നിയമനങ്ങള്‍ നടക്കൂ എന്നതാണ് നിലവിലെ സ്ഥിതി. അവധിക്കാലം ആരംഭിക്കുന്നതിനു മുന്നോടിയായി 45 പ്രവൃത്തി ദിനങ്ങള്‍ ലഭിച്ചാല്‍ മാത്രമേ അധ്യാപക നിയമനങ്ങള്‍ നടക്കുകയുള്ളൂ. ഏപ്രിലിനുമുന്‍പ് നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല എന്നതിനാല്‍ ഇത്രയും പ്രവൃത്തി ദിനങ്ങള്‍ ലഭിക്കില്ല. മാസങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്വത്തിനാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണത്തോടെ വിരാമമായത്.
എല്‍.പി, യു.പി വിഭാഗങ്ങളില്‍ ആറായിരത്തിലധികം ഒഴിവുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. ഈ വര്‍ഷത്തെ വിരമിക്കല്‍ ഒഴിവുകള്‍ കൂടിയാകുമ്പോള്‍ തസ്തികകളുടെ എണ്ണം ഇനിയും വര്‍ധിക്കും. ഫലത്തില്‍ എല്‍.പി എസ്.ടി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും നിയമനം ലഭിക്കുന്ന സാധ്യത മിക്കജില്ലകളിലും നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."