ഗൊരഖ്പൂരിലെ കൂട്ടക്കുരുതി ക്ഷമിക്കാനാവാത്ത ക്രൂരത
യു പി യിലെ ഗൊരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസം സംഭവിച്ച ശിശുക്കളുടെ കൂട്ടമരണം കഴിഞ്ഞ് 48 മണിക്കൂറിന് ശേഷമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.ദുരന്തം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഫലപ്രദമായ ഒരു നടപടിക്കും അദ്ദേഹം മുതിര്‍ന്നില്ല മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങള്‍ക്ക് സഹായം പ്രഖ്യാപിക്കുവാനോ ഒരാശ്വാസ വാക്ക് പറയുവാനോ അദ്ദേഹം തയാറായില്ല.
കുഞ്ഞുങ്ങളുടെ ജഡങ്ങള്‍ കൊണ്ട് പോകാന്‍ ആംബുലന്‍സുകള്‍ പോലും വിട്ടുകൊടുത്തില്ല ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിച്ചത് സര്‍ക്കാറിനോ ദേശീയ മാധ്യമങ്ങള്‍ക്കോ' വിഷയമായില്ല ഇതെഴുതുമ്പോള്‍ 69 കുഞ്ഞുങ്ങളാണ് ശ്വാസം കിട്ടാതെ പിടഞ്ഞ് മരിച്ചത്.സര്‍ക്കാറിനെ അലട്ടികൊണ്ടിരിക്കുന്നത് സ്വാതന്ത്ര്യദിനത്തില്‍ യുപിയിലെ മദ്‌റസകളില്‍ ദേശീയ ഗാനം ആലപിക്കുമോ എന്നതാണ്. ദേശീയഗാനം പാടുന്നതിന്റെ വീഡിയോ ദൃശ്യം മുഖ്യമന്ത്രിക്ക് അയച്ച് കൊടുക്കണമെന്നാണ് കല്‍പന. മുസ്‌ലിംകളുടെ ദേശഭക്തി സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കും വഹിക്കാത്തവരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതെന്തിനാണ് ഭരണഘടനയിലില്ലാത്ത വന്ദേ മാതരം ചൊല്ലുന്നതിലാണ് യുപി സര്‍ക്കാറിന് ജാഗ്രത. പിഞ്ചു കുഞ്ഞുങ്ങള്‍ ശ്വാസം കിട്ടാതെ മരിക്കുന്നത് സര്‍ക്കാറിന് മുന്‍ഗണനാവിഷയമല്ല അറുപത് പശുക്കളായിരുന്നു ചത്തിരുന്നതെങ്കില്‍ യുപി കത്തിയെരിയുമായിരുന്നില്ലേ 'ദേശീയ മാധ്യമങ്ങള്‍. വമ്പിച്ച പ്രാധാന്യം നല്‍കുമായിരുന്നു.കഴിഞ്ഞ ഇരുപത് വര്‍ഷമായി യു പി യെ പ്രതിനിധീകരിക്കുന്ന എം പി യും കൂടിയാണ് ആദിത്യനാഥ് ഗൊരഖ്പൂര്‍ മണ്ഡലത്തിന്റെ പ്രതിനിധിയായി ഇരുപത് വര്‍ഷം പാര്‍ലമെന്റില്‍ ഇരുന്നിട്ടും അവിടത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ അറിയാതെ പോയ ജനപ്രതിനിധി ബി.ആര്‍.ഡി മെഡിക്കല്‍ കോളജിന്റെ ദയനീയാവസ്ഥയും കുഞ്ഞുങ്ങള്‍ മസ്തിഷ്‌കജ്വരം വന്ന് മരിക്കുന്നതും ഈ ജനപ്രതിനിധി ഇത് വരെ അറിഞ്ഞിട്ടില്ല. കഴിഞ്ഞ ആഴ്ച മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചിട്ടു പോലും ആശുപത്രിയുടെ ദയനീയാവസ്ഥ അദ്ദേഹത്തിന് മനസ്സിലായില്ല. ഓക്‌സിജന്‍ കമ്പനിക്ക് കൊടുക്കാനുള്ള കുടിശ്ശികയുടെ കാര്യം ആരും ശ്രദ്ധയില്‍ പെടുത്തിയില്ലെന്നാണ് പറയുന്നത്. ഇത് സംബന്ധിച്ച് ആശുപത്രി അധികൃതര്‍ 40 തവണ സര്‍ക്കാറിന് കത്തെഴുതിയതായി രേഖകള്‍ പറയുന്നു.
മുസ്‌ലിംകളുടെ രാജ്യസ്‌നേഹം അളക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുന്നില്ല കുഞ്ഞുങ്ങള്‍ ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുന്നത് മുഖ്യമന്ത്രിക്ക് വിഷയമേ അല്ലെന്ന് ചുരുക്കം. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്തത് കൊണ്ടോ കേന്ദ്രവകുപ്പ് സെക്രട്ടറിയും മന്ത്രിയും സന്ദര്‍ശിച്ചത് കൊണ്ടോ ആദിത്യനാഥിന്റെ പരാജയം' മൂടിവെക്കാനാവില്ല നഷ്ടപ്പെട്ട ജീവനുകള്‍ക്ക് പകരമാവുകയുമില്ല.മരിച്ച കുട്ടികളുടെ കുടുംബങ്ങളോട് സര്‍ക്കാറിനുള്ള സഹാനുഭൂതി പ്രകടിപ്പിക്കുവാന്‍ പോലും മുഖ്യമന്ത്രി തയാറായില്ല ദരിദ്രരുടെ അഭയകേന്ദ്രങ്ങളായ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഫണ്ട് നല്‍കാതിരിക്കുകയും കോര്‍പറേറ്റുകളെ കൈയയച്ച് സഹായിച്ചുകൊണ്ടിരിക്കുന്നതിന്റേയും ദുരന്തമാണ് ഗൊരഖ്പൂരില്‍ കണ്ടത്. കടുത്ത അവഗണക്ക് വിധേയമായി കൊണ്ടിരിക്കുന്ന ഒരു ആതുരാലയമാണ് ബി.ആര്‍.ഡി മെഡിക്കല്‍ കോളജ് കുഞ്ഞുങ്ങളുടെ മരണത്തില്‍ പോലും വര്‍ഗീയതയുടെ വിഷം പുരട്ടാന്‍ മുഖ്യമന്ത്രി മറന്നതുമില്ല. കഴിഞ്ഞ സര്‍ക്കാര്‍ മിടുക്കരായ ഡോക്ടര്‍മാരെ സ്ഥലം മാറ്റിയെന്നും പകരം അറവുശാലകള്‍ക്കാണ് അനുമതി നല്‍കിയതെന്നും പദവിക്ക് ചേരാത്ത വിധം ആദിത്യനാഥ് പറഞ്ഞുകളഞ്ഞു .കഴിഞ്ഞ സര്‍ക്കാര്‍ അനാവശ്യമായി മിടുക്കരായ ഡോക്ടര്‍മാരെ സ്ഥലം മാറ്റിയെങ്കില്‍ കഴിഞ്ഞ മാര്‍ച്ചില്‍ അധികാരമേറ്റ യോഗി ആദിത്യനാഥിന് അവരെ തിരികെ കൊണ്ടുവരാന്‍ എന്തായിരുന്നു തടസ്സം. ഇവിടെയും പ്രധാനമന്ത്രി നരേന്ദ്ര മോദി പതിവ് മൗനം പാലിച്ചിരിക്കുകയാണ്. കുഞ്ഞുങ്ങള്‍ ശ്വാസം കിട്ടാതെ മരണപ്പെട്ടതിന്റെ പൂര്‍ണ ഉത്തരവാദി മുഖ്യമന്ത്രിയോഗി ആദിത്യ നാഥാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."