അവഗണനയ്ക്ക് നടുവില്‍ തലക്കല്‍ ചന്തു സ്മാരകം
പനമരം: പനമരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനോട് ചേര്‍ന്നുള്ള തലക്കല്‍ ചന്തു സ്മാരകമായ കോളി മരവും മ്യൂസിയവും സംരക്ഷിക്കാന്‍ പദ്ധതികളില്ലാത്തതിനാല്‍ കാടുകയറി നശിക്കുന്നു. കേന്ദ്രമിപ്പോള്‍ സാമൂഹിക വിരുദ്ധരുടെ താവളമായിരിക്കുകയാണ്.
പഴശ്ശിയുടെ കുറിച്ച്യ പടത്തലവന്‍ തലക്കല്‍ ചന്തുവിനെ 1805 നവംബര്‍ 15ന് ആസൂത്രിത നീക്കത്തിലൂടെ പിടികൂടി വധിച്ചത് ഈ കോളി മരച്ചില്‍ വെച്ചാണെന്നാണ് ചരിത്രം. തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം കാര്‍ കോട്ടില്‍ തറവാട്ടിലാണ് ജനം. 19ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ അധീനതയിലുള്ള പനമരം കോട്ടപിടിച്ചടക്കിയതിലൂടെയാണ് തലക്കല്‍ ചന്തു ശ്രദ്ധേയനാവുന്നത്. ബോംബ ഇന്‍ഫന്ററി യൂനിറ്റിന് കീഴിലുള്ള പനമരം കോട്ട 1802 ല്‍ തലക്കല്‍ ചന്തുവിന്റെ നേതൃത്വത്തിലുള്ള കുറിച്യ പട ആക്രമിച്ചു പിടിച്ചെടുത്തു.
കമാന്റിംഗ് ഓഫിസര്‍ ഡിക്കിന്‍സന്‍ ഓഫിസര്‍ മാക്‌സി വല്‍ ഉള്‍പ്പെടെ 70 പേര്‍ കൊല്ലപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് തലക്കല്‍ ചന്തു വിനെ ആസൂത്രിത നീക്കത്തിലൂടെ വധിച്ചത് .
എം.ഐ ഷാനവാസ് എം.പി.യുടെ പ്രാദേശിക നിധിയില്‍ നിന്നുള്ള പണമുപയോഗിച്ച് കോളി മരത്തിന് ചുറ്റും സംരക്ഷണമൊരുക്കുകയും മ്യൂസിയം സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സംരക്ഷണത്തിനായി സ്ഥാപിച്ച സ്റ്റീല്‍ പൈപ്പുകളും ചെയിനും കാണാനില്ല. തറ ഭാഗത്തെ ടൈലുകള്‍ തകരാന്‍ തുടങ്ങിയിട്ടുമുണ്ട്. വൈകുന്നേരമായാല്‍ പനമരം പുഴയോട് ചേര്‍ന്നുള്ള ഇവിടെ വെളിച്ചമില്ലാത്തതിനാല്‍ സാമൂഹിക വിരുദ്ധരുടെ താവളം കൂടിയാണെന്ന് പരിസരവാസികള്‍ പറയുന്നു.
മ്യൂസിയത്തില്‍ വൈദ്യുതി ലഭിക്കുന്നതിനായിസ്ഥാപിച്ച മെയിന്‍സ്വിച്ച് ബോര്‍ഡ് തകര്‍ന്ന് കിടക്കുകയാണ്. രാജ്യത്തിന്റെ സ്വാതന്ത്രസമര പോരാട്ടത്തിലെ തുടക്കക്കാരായ സ്വാതന്ത്രസമര പോരാളികളോട് ചെയ്യുന്ന അനീതിയായാണ് സമൂഹം ഇതിനെ വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."