നീതിക്കായി യു.പി. ഭവന് മുന്നില്‍ സ്വാതന്ത്ര്യദിനത്തില്‍ നിരാഹാരമിരിക്കുമെന്ന്
ആലത്തൂര്‍: ഉത്തര്‍ പ്രദേശ് സര്‍ക്കാറില്‍ നിന്ന് നീതി ലഭിക്കുന്നതിന് വേണ്ടി ദല്‍ഹിയിലെ യു.പി.ഭവന് മുന്നില്‍ ഈമാസം 15 ന് നിരാഹാര സമരം നടത്താനൊരുങ്ങുകയാണ് ആലത്തൂര്‍ പെരുങ്കുളം ദേവീ സദനില്‍ സോമകുമാര്‍ നായര്‍. യു.പി മുസാഫര്‍ നഗര്‍ ഗട്ടോളി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കാര്‍ അപകടത്തെ തുടര്‍ന്നാണ് സോമകുമാറിനും കുടുംബത്തിനും അപകടം പറ്റിയത്.
അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനായി കഴിഞ്ഞ നാലു വര്‍ഷമായി പോരാടുകയാണ് സോമകുമാര്‍ നായര്‍. സോമകുമാറിന് നട്ടെല്ലിനും ഭാര്യക്ക് ഇടുപ്പെല്ലിനും പരുക്കേറ്റതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലാണ്.
2011 ഡിസംബര്‍ 30 ന് ദല്‍ഹിയില്‍ നിന്ന് ഹരിദ്വാറിലേക്കുള്ള യാത്രയില്‍ സോമകുമാറും ഭാര്യയും മകളും സഞ്ചരിച്ച കാറിന്റെ പുറകില്‍ മറ്റൊരു കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ഇവരുടെ കാര്‍ ബസില്‍ ഇടിക്കുകയും പരിക്കേല്‍ക്കുകയുമാണ് ഉണ്ടായത്. മുസാഫര്‍ നഗറിലുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം ഡല്‍ഹിയിലെ ആള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സസിലേക്ക് അയക്കുകയും അവിടെ ഭാര്യയുടെ പ്ലീഹ എടുത്തു കളയുന്നതിനായി ഓപ്പറേഷന്‍ ചെയ്യുകയും ചെയ്തു. നട്ടെല്ലിന് പരുക്കേറ്റ സോമകുമാര്‍ നീണ്ട ചികിത്സക്ക് ശേഷം മുച്ചക്ര സ്‌കൂട്ടറില്‍ ആണ് യാത്ര.
ഗട്ടോളി പൊലിസ് അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടാവാത്തതിനാല്‍ ഇടിച്ച കാറിന്റെയും ബസിന്റെയും വിവരങ്ങള്‍ ഒന്നും അദ്ദേഹത്തിന്ന് ലഭ്യമായില്ല.
എഫ്.ഐ.ആര്‍ തയ്യാറാക്കാതിരുന്ന ഗട്ടോളി പൊലിസ് ഒന്നര വര്‍ഷത്തിന് ശേഷം നാമമാത്രമായ ഒരു എഫ്.ഐ.ആര്‍ തയ്യാറാക്കി. അതില്‍ തന്നെ ഇന്‍ഷുറന്‍സ് പരിരക്ഷക്ക് അത്യാവശ്യമായ വാഹനത്തിന്റെയും ഉടമകളുടെയും ഇന്‍ഷുറന്‍സ് രേഖകളൊന്നും നല്‍കിയിരുന്നില്ല. ഇതിന് വേണ്ടി മുസാഫര്‍ നഗര്‍ കലക്ടറെയും ഉന്നത പൊലിസ് ഉദ്ദ്യോഗസ്ഥരെയും അറിയിച്ചെങ്കിലും അനുകൂല നടപടികള്‍ ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് കുടുംബം പോറ്റാന്‍ വഴിയില്ലാതെ സോമകുമാര്‍ നിരാഹാരത്തിന്ന് പുറപ്പെടുന്നത്.
കൂടെ കഴിഞ്ഞ നാല് വര്‍ഷമായി നടത്തിയ പോരാട്ടത്തിന്റെ നൂറ് വിവരാവകാശ രേഖകളുമായി. അദ്ദേഹത്തിന്റെ ആവശ്യം അപകടത്തില്‍ പെടുന്ന മറ്റള്ളവര്‍ക്കെങ്കിലും വാഹനവുമായി കടന്ന് കളഞ്ഞാല്‍ നഷ്ടപരിഹാരത്തിന്ന് അവകാശവാദമുന്നയിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാവരുതെന്നാണ്.
ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചില്ലെങ്കില്‍ സര്‍ക്കാറില്‍ നിന്നെങ്കിലും നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."