സ്ത്രീ സൗഹൃദ ജില്ല: കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കും
പാലക്കാട്: ആരോഗ്യമേഖലയില്‍ ജില്ലാ ആശുപത്രിയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബാങ്കുകളുടെ സഹകരണത്തോടെ ഒരു എം.ആര്‍.ഐ സ്‌കാനിഡ് മെഷിന്‍ സ്ഥാപിക്കുവാന്‍ ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഭാവനം ചെയ്യുന്നു. കൂടാതെ 10 ഡയാലിസിസ് യൂനിറ്റുകളും ഒരു യൂറോളജി യൂനിറ്റും സ്ഥാപിക്കും.
വനിത സൗഹൃദ ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി സ്‌നേഹിത എന്ന പേരിലുള്ള ഷീ ടാക്‌സികള്‍ക്ക് കൂടുതല്‍ വായ്പ നല്കുന്നതോടൊപ്പം നൂറ് വനിതകള്‍ക്ക് ഭൂമി വാങ്ങുവാന്‍ ധനസഹായം നല്കും. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായി 200 എസ്.സി വനിതകള്‍ക്ക് മൊബൈല്‍ ക്ലിനിക്കല്‍ ലാബുകള്‍ ആരംഭിക്കുവാനുള്ള വായ്പ നല്കും.
നല്ല ഭക്ഷണ സംസ്‌കാരത്തിന്റെ ഭാഗമായി കുടുംബശ്രീ മുഖാന്തരം വിതരണം ചെയ്യുന്ന അമൃതം പൊടി പോലുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ തയ്യാറാക്കുന്നതിന് പുതിയ മിഷ്യനുകള്‍ സ്ഥാപിക്കുവാന്‍ വായ്പ നല്കും. തൊഴില്‍ രംഗത്തേക്ക് സ്ത്രീകള്‍ വരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴില്‍ കേന്ദ്രത്തിലേക്ക് എന്ന നാടകത്തിന്റെ സിനിമാവിഷ്‌കാരം തയ്യാറാക്കും.
കാര്‍ഷിക മേഖലയില്‍ ഉല്പാദന പുരോഗതിയെ ലക്ഷ്യം വച്ച് ജൈവപച്ചക്കറി കൃഷി വ്യാപിപ്പിക്കുവാന്‍ വനിതകള്‍ക്ക് 25 സെന്റ് വരുന്ന ഒരു യൂനിറ്റിന് 3000 രൂപ നല്കും. ആദിവാസികളുടെ പരമ്പരാഗത കൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കുവാന്‍ അമ്പത് ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്. മേഖലയിലെ പ്രധാന ചിലവ് വരുന്ന ഉഴവുകൂലിയില്‍ വിഹിതം നല്കുന്നതുള്‍പ്പടെ 40 ശതമാനം തുക കാര്‍ഷിക മേഖലയ്ക്കായി നീക്കിവെച്ചിട്ടുണ്ട്.
ഉല്പാദനമേഖലയില്‍ പരമ്പരാഗത തൊഴില്‍ സംരക്ഷണത്തിന് ഒരു കോടി രൂപ നീക്കിവെക്കുകയും ഊര്‍ജ്ജോല്പാദന രംഗത്ത് മീന്‍വല്ലം പദ്ധതിയുടെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി സൗഹാര്‍ദ ചെറുകിട ജല വൈദ്യുത പദ്ധതികള്‍ക്ക് മൂന്‍തൂക്കം നല്കും. നാപ്കിന്‍ നിര്‍മാണ യൂനിറ്റിന് തുടക്കം കുറിക്കുകയും നാപ്കിന്‍ വെന്റിങ് മെഷിനുകള്‍ സ്ഥാപിക്കുകയും ചെയ്യും.
മാലിന്യനിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായി ജില്ലയിലെ 30 വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ബയോ-ഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കും. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനും മാലിന്യത്തെ വളമായും പാചകവാതമായും പ്രയോജനപ്പെടുത്തുന്ന മാലിന്യ സംസ്‌കാരണ പദ്ധതിയായിരിക്കും അടിസ്ഥാനം. പ്ലാസ്റ്റിക് റീ സൈക്ലിങ് യൂനിറ്റ് സ്ഥാപിക്കുകയും ചെയ്യും.
വിദ്യാഭ്യാസ മേഖലയില്‍ സബ് ജില്ലകളില്‍ ഓരോ വിദ്യാലയം വീതം തെരഞ്ഞെടുത്ത് പഠന സൗകര്യം മെച്ചപ്പെടുത്തുവാന്‍ സാമൂഹ്യ പങ്കാളിത്തതോടെ മാതൃകാ ഹരിശ്രീ പദ്ധതികള്‍ തുടരും. കൂടാതെ സ്പന്ദനം, എഴുത്തുകൂട്ടം, വായനകൂട്ടം, മിഴിവുകള്‍ തുടങ്ങിയ പദ്ധതികളും തുടരും.
ശിശു സൗഹൃര്‍ദ്ദമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ബാലവിഹാര കേന്ദ്രം സ്ഥാപിക്കും.
കുട്ടികള്‍ക്ക് കളിക്കാനും വിശ്രമിക്കുവാനുമുള്ള 10 ബാലവിഹാര കേന്ദ്രങ്ങളായിരിക്കും ആദ്യഘട്ടത്തില്‍ സ്ഥാപിക്കുക. ലൈബ്രറികളില്‍ ബാലസാഹിത്യം ഉള്‍പ്പെടുത്തുവാന്‍ 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."