ഹജ്ജ് വിമാന ടെന്‍ഡറില്‍ ഇടനിലക്കാര്‍ പിടിമുറുക്കുന്നു
അശ്‌റഫ് കൊണ്ടോട്ടി#
കൊണ്ടോട്ടി: ഹജ്ജ് വിമാന സര്‍വിസിന്റെ ടെന്‍ഡറില്‍ പണം കൊയ്യാന്‍ ഇത്തവണയും ഇടനിലക്കാര്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുമായി രംഗത്ത്. ഹജ്ജ് കരാര്‍ സഊദിയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി അടിസ്ഥാനത്തിലാണ് ഒപ്പുവയ്ക്കുന്നതെന്നതിനാല്‍ ഇരു രാജ്യങ്ങളിലെയും ഔദ്യോഗിക വിമാന കമ്പനികള്‍ക്ക് മാത്രമെ ഹജ്ജ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ കഴിയുന്നുള്ളൂ. എന്നാല്‍ സഊദിയുടെ വിഹിതം സഊദി എയര്‍ലൈന്‍സും ഉപകമ്പനിയായ ഫ്‌ളൈ നാസും പൂര്‍ണമായും പ്രയോജനപ്പെടുത്തുമ്പോള്‍ എയര്‍ഇന്ത്യ ടെന്‍ഡര്‍ ക്ഷണിച്ചു സ്വകാര്യ വിമാന കമ്പനികള്‍ക്ക് മറിച്ചു നല്‍കുകയാണ് ചെയ്യുന്നത്.
എയര്‍ ഇന്ത്യയുടെ ഹജ്ജ് ടെന്‍ഡര്‍ വര്‍ഷങ്ങളായി പോര്‍ച്ചുഗീസ് കമ്പനിയായ യൂറോ അത്‌ലാന്‍ഡിക്കിനാണ് ലഭിക്കുന്നത്. ഹജ്ജ് ടെന്‍ഡര്‍ വന്നതോടെ ഇടനിലക്കാര്‍ ഇത്തവണയും രംഗത്തെത്തി. ഇവര്‍ മുഖേനയാണ് എയര്‍ഇന്ത്യക്ക് വേണ്ടി വിമാനങ്ങള്‍ ഹജ്ജ് സര്‍വിസിനായി വാടകക്കെടുക്കുന്നത്.
എയര്‍ഇന്ത്യയുടെ സീറ്റുകള്‍ വൈറ്റ് ലീസയാണ് വാടകക്ക് എടുക്കുന്നത്. എയര്‍ക്രാഫ്റ്റ്, ക്രൂ, മെയിന്റനന്‍സ്, ഇന്‍ഷുറന്‍സ് (എ.സി.എം.ഐ)എന്നിവ പൂര്‍ണമായും ഇടനിലക്കാര്‍ ഏറ്റെടുക്കുന്നു. കുറഞ്ഞ ഡോളറിന് വാടക നിശ്ചയിച്ച് ഇത് പിന്നീട് ഹജ്ജ് കമ്മിറ്റിക്ക് വലിയ തുകക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്. ഇതോടെ സീസണിലേക്കാളും വലിയ വിമാന ടിക്കറ്റ് നിരക്ക് തീര്‍ഥാടകന്‍ വിമാന കമ്പനികള്‍ക്ക് നല്‍കേണ്ടിവരുന്നു. സര്‍ക്കാരിന് ആഗോള ടെന്‍ഡര്‍ വിളിച്ചു വിമാനം വടകക്കെടുത്ത് നടത്തിയാലും നിരക്ക് ഇത്രയുമാവില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ പ്രത്യേക ഹജ്ജ് നിരക്കില്ലാത്തതും തീര്‍ഥാടകര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഹജ്ജ് നിരക്കായി നിശ്ചയിച്ചത് 63,750 രൂപ മുതല്‍ 1,13,350 രൂപ വരെയായിരുന്നു. ഹജ്ജ് സര്‍വിസ് നടത്തുന്ന വിമാനങ്ങള്‍ ഒരു ഭാഗത്തേക്ക് യാത്രക്കാരുമായും തിരിച്ച് ആളില്ലാതെയുമാണ് പറക്കുന്നതെന്നാണ് വിമാന കമ്പനികളുടെ വാദം. എന്നാല്‍ സഊദിയില്‍നിന്ന് സാധാരണ ട്രാഫിക് കൂടുന്ന സമയമാണ് ഹജ്ജ് സീസണ്‍. അതിനാല്‍ മുന്‍കൂര്‍ അനുമതിയോടെ ജിദ്ദയില്‍നിന്ന് യാത്രക്കാരെ കയറ്റി വിടവ് നികത്താവുന്നതാണ്. ഉഭയകക്ഷി കരാറില്‍ ഇത്തരം കാര്യങ്ങള്‍ ഉള്‍പെടുത്തണമെന്ന ആവശ്യത്തിനും കാലങ്ങളുടെ പഴക്കമുണ്ട്. ഹജ്ജിന് എത്തിക്കുന്ന ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഹാജിമാരെ കൊണ്ടുവരാനായി ജിദ്ദയിലേക്ക് പോവുമ്പോഴും കാലിയായി പറക്കാതെ ഇവിടുന്നു യാത്രക്കാരെ കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ മാത്രമെ വിമാന നിരക്കില്‍ ഗണ്യമായ കുറവു വരുത്താനാവൂ. ജനുവരി 17നകം ടെന്‍ഡര്‍ നല്‍കാനാണ് വിമാന കമ്പനിളോട് വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."