ദേശീയ സ്പീഡ് സ്കേറ്റിങ്; സ്വര്‍ണത്തിളക്കമുള്ള വിജയവുമായി സിനാന്
പാറക്കടവ്: ടാലന്റ് ഹണ്ട് സ്പീഡ് സ്കേറ്റിങ് മത്സരത്തില്‍ നാദാപുരം ചെക്യാട്ടെ വി.പി സിനാന് വെങ്കല മെഡല്‍. സ്പീഡ് സ്കേറ്റിങ് അക്കാദമിയായ കോയമ്പത്തൂരിലെ എസ്.എസ്.എസ്.എയില്‍ നടന്ന ദേശീയ മത്സരത്തില്‍ ആദ്യമായാണ് അണ്ടര്‍-13 ഇനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ഒരു വിദ്യാര്‍ഥി മെഡല്‍ നേടുന്നത്.
നേരത്തേ കൊച്ചി ലുലു സ്പാര്‍ക്കീസില്‍ നടന്ന സംസ്ഥാനതല ജൂനിയര്‍ ഓപണ്‍ ഷോര്‍ട്ട് ട്രാക്ക് ഐസ്കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയാണ് സിനാന് ദേശീയ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പെരിങ്ങത്തൂര്‍ മൗണ്ട് ഗൈഡ് വിദ്യാര്‍ഥിയായ സിനാന് ചെക്യാട് വയല്പീടികയില് മഹ്മൂദിന്റെയും നജ്മുന്നിസയുടെയും മകനാണ്.
കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് കഴിഞ്ഞ രണ്ടു വര്‍ഷമായി നിരവധി മെഡലുകള്‍ ലഭിച്ചിട്ടുണ്ട്. പഠനത്തിലും മികവ് പുലര്‍ത്തുന്ന ഈ മിടുക്കന് കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ ജില്ലയിലെ ജൂനിയര്‍ വിഭാഗത്തിലെ (അണ്ടര്‍-12) ഏറ്റവും വേഗതയേറിയ സ്കേറ്റിങ് താരമായിരുന്നു.
സിനാന് സ്കേറ്റിങ്ങിനോടൊപ്പം തയ്ക്വോണ്ഡോ മത്സരത്തിലും സംസ്ഥാന-ജില്ലാ തലത്തില്‍ പങ്കെടുത്ത് നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കാസര്‍കോട്ടു നടന്ന ഓള് കേരളാ ഓപണ്‍ സി.ബി.എസ്.ഇ തയ്ക്വോണ്ഡോ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയിരുന്നു.
ഐസ്സ്കേറ്റിങ് ദേശീയ ടീം കോച്ചായ അദ്യുത് ടാവാഡെയുടെ നിര്‍ദേശ പ്രകാരം റഷ്യയില്‍നിന്ന് പരിശീലനം നേടാന്‍ തയാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കോയമ്പത്തൂരിലെ എസ്.എസ്.എസ്.എയില്‍ കേരളത്തിനു വേണ്ടി പങ്കെടുത്തത്.
ഇന്റര്‍നാഷനല്‍ ട്രാക്കുകളില്‍ വിദഗ്ധമായ പരിശീലനം കിട്ടിയവരോടൊപ്പം മത്സരിച്ചു നേടിയ വിജയത്തിന് സ്വര്ണത്തിളക്കമുണ്ടെന്ന് പിതാവ് വി.പി മഹ്മൂദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."