എടച്ചേരിയില്‍ ഭൂസ്വത്ത് വിവരങ്ങളുടെ കംപ്യൂട്ടര്‍വല്‍ക്കരണം ഇന്ന്
എടച്ചേരി: പൊതുജനങ്ങള്‍ കൈവശം വയ്ക്കുന്ന ഭൂമി സംബന്ധമായ വിവരശേഖരണത്തിന്റെ ഭാഗമായി റവന്യൂ വകുപ്പ് സംഘടിപ്പിക്കുന്ന ക്യാംപിന് ഇന്ന് എടച്ചേരിയില്‍ തുടക്കമാകും.
ഇതിനായി എടച്ചേരി, വേങ്ങോളി ദേശങ്ങള്‍ ഉള്‍പ്പെടുന്ന എട്ടോളം വാര്‍ഡുകളിലെ ഭൂമി കൈവശക്കാര്‍ ഇന്ന് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ക്യാംപിലെത്തണം. നിലവില്‍ കടലാസ് പകര്‍പ്പുകളായ ആധാരങ്ങളില്‍ മാത്രമാണ് വിവരങ്ങള്‍ രേഖപ്പെടുത്തിയത്.
ഇത് ഓരോ ഭൂഉടമയും സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത്തരം ഭൂമി സംബന്ധിച്ച വിവരങ്ങള്‍ അതതു വില്ലേജ് ഓഫിസുകളിലെ രജിസ്റ്ററുകളിലും രേഖപ്പെടുത്തിയിട്ടുണ്ടാകും.എന്നാല്‍ ഇനി മുതല്‍ കേരളത്തിലെ ഓരോ ഭൂഉടമകളുടെയും കൈവശമുള്ള ഭൂമിയുടെ അളവും മറ്റു വിവരങ്ങളും കംപ്യൂട്ടറില്‍ രേഖപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനായി തയാറാക്കിയ പ്രത്യേകം സോഫ്റ്റവെയറില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തും.
ഇതു വഴി ഉത്തരവാദപ്പെട്ട ഓഫിസുകളിലെ കംപ്യൂട്ടറുകളില്‍ ഇനി മുതല്‍ ഓരോ വ്യക്തിയുടെയും ഭൂമി സംബന്ധമായ വിവരങ്ങള്‍ ലഭ്യമാകും. ഇതു വഴി ഓരോരുത്തരും കൈവശം വച്ചിട്ടുളള ഭൂമിയുടെ വിവരങ്ങള്‍ കൃത്യമായി സര്‍ക്കാരിന് ലഭിക്കും.
രാവിലെ പത്ത് മുതല്‍ വൈകിട്ട് നാല് വരെയാണ് ഉദ്യോഗസ്ഥര്‍ ക്യാംപു ചെയ്യുന്നത്. ഭൂമിയുടെ ആധാരം, നികുതി ശീട്ട്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി എന്നീ രേഖകളാണ് പ്രത്യേക അപേക്ഷയോടൊപ്പം ഉടമകള്‍ ഹാജരാക്കേണ്ടത്. 23ന് വീണ്ടും ഇവിടെ ക്യാംപ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.ഇരിങ്ങണ്ണൂര്‍, കച്ചേരിഭാഗങ്ങളിലുള്ളവര്‍ക്ക് ഈ മാസം 29, 30, 31 ദിവസങ്ങളിലായി ക്യാംപ് സംഘടിപ്പിക്കും. എന്നാല്‍ ഏറെ പ്രാധാന്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഈ പരിപാടിയെ കുറിച്ച് വിശദമായ പ്രചാരണം നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
ഇതിന് മുമ്പ് റീസര്‍വേയുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് പ്രസിദ്ധീകരിച്ച കരടു പട്ടികയില്‍ തങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനായി പഞ്ചായത്തില്‍ നടത്തിയ ക്യാംപ് ഒരു മാസക്കാലം നീണ്ടു നിന്നിരുന്നു.
എന്നാല്‍ ഏതാണ്ട് ഇതേ പ്രക്രിയകള്‍ തന്നെ നടക്കേണ്ട വിവരശേഖരണ ക്യാംപ് കേവലം രണ്ടോ മൂന്നോ ദിവസങ്ങള്‍ കൊണ്ട് എങ്ങനെ പൂര്‍ത്തീകരിക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."