നഗരസഭയുടെ വക സ്‌കൂട്ടറെത്തി; ജെസ്റ്റിന്റെ സ്വപ്നം പൂവണിഞ്ഞു
കോവളം: നഗരസഭ കനിഞ്ഞതോടെ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ജെസ്റ്റിന്‍ സക്കറിയയുടെ സ്വപ്നം പൂവണിഞ്ഞു. ജന്മനാല്‍ ഇടത് കാലിന് സ്വാധീനം നഷടപ്പെട്ടിരുന്ന ജെസ്റ്റിന് യാത്ര ചെയ്യാന്‍ മറ്റുള്ളവരുടെ സഹായം വേണ്ടിയിരുന്നു. ഇതിന് പരിഹാരമായി ഒരു സ്‌കൂട്ടര്‍ സ്വന്തമാക്കണമെന്ന ആഗ്രഹം ഉള്ളിലുദിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും അത് സഫലമാകാതെ അവശേഷിക്കുകയായിരുന്നു. ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്തിക്കാന്‍ നഗരസഭ രംഗത്തിറങ്ങിയതോടെയാണ് ജസ്റ്റിന്‍ ഉല്‍പ്പടെയുള്ള നിരവധിപേര്‍ക്ക് സ്വപ്ന സാഫല്യമായിരിക്കുന്നത്. പരസഹായമില്ലാതെ നഗര വീഥികളിലൂടെ സ്വന്തമായി വാഹനം ഓടിച്ചു സഞ്ചരിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ജസ്റ്റിന്‍. പത്താം ക്ലാസ് വിജയിച്ചെങ്കിലും ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം വിദ്യാഭ്യാസം തുടരാനായില്ല. അച്ഛന്‍ സക്കറിയയുടെ പെട്ടെന്നുള്ള വേര്‍പാട് വീട്ടിലെ ദുരിതം വര്‍ധിപ്പിച്ചു. വീട്ടിലെ കഷ്ടപ്പാടുകള്‍ കാരണം ശാരീരിക അവശതകള്‍ മറന്ന് വിഴിഞ്ഞം മത്സ്യബന്ധന മേഖലയിലില്‍ തൊഴില്‍ തേടിയിറങ്ങി. തനിക്കാവുന്ന ജോലികള്‍ ചെയ്ത് കുടുംബത്തെ പുലര്‍ത്തുന്നതിനിടെയാണ് സ്വന്തമായൊരു സ്‌കൂട്ടര്‍ എന്ന സ്വപ്നം ജസ്റ്റിന്റെ മനസിലുദിച്ചത്.
പണി ചെയ്ത് കിട്ടുന്നതില്‍ വീട്ടിലെ ചെലവും കഴിഞ്ഞ് ചെറിയൊരു തുക മാറ്റിവച്ച് ഒരു സ്‌കൂട്ടര്‍ വാങ്ങാനുള്ള ശ്രമം തുടങ്ങിയെങ്കിലും അപ്രതീക്ഷിതമായി എത്തിയ മറ്റുചെലവുകള്‍ അതിന് തടസമായതോടെ ഈ ആഗ്രഹം നടക്കില്ലെന്നുറപ്പിച്ചു. ഇതിനിടെ വിവാഹത്തിനുള്ള സമയമായെന്നും ഒരാളിന്റെ സഹായം ഉണ്ടാകുന്നത് ഗുണമാകുമെന്നും വീട്ടുകാര്‍ നിര്‍ബന്ധിച്ചതോടെ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സജിത ജീവിത സഖിയായെത്തി. കുടുംബത്തില്‍ പുതുതായി എത്തിയ ജെയ്ക്ക് എന്ന ആണ്‍കുഞ്ഞിന് നാല് മാസമായപ്പോഴേക്കും ഒരുപാട് നാളുകളായുള്ള സ്വന്തമായിട്ട് ഒരു സ്‌കൂട്ടര്‍ എന്ന സ്വപ്നവും ജസ്റ്റിനെ തേടിയെത്തി. ഇത് ഇരട്ടി സന്തോഷമാണ് നല്‍കിയിരിക്കുന്നതെന്ന് ജെസ്റ്റിന്‍ പറയുന്നു. ജസ്റ്റിന്‍ മാത്രമല്ല വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ ഗ്രേസിഫ്രാന്‍സിസും, എഡിസണ്‍ ശബരിയാറും ഉള്‍പ്പെടെയുള്ളവരും സ്‌കൂട്ടര്‍ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ്. സ്വന്തമായി ഓടിക്കാന്‍ കഴിയുന്ന വാഹനമെന്ന ഇവരുടെയൊക്കെ സ്വപ്നം സാക്ഷാല്‍ക്കരിച്ച നഗരസഭയോട് ഹൃദയംകൊണ്ട് നന്ദിപറയുകയാണ് സ്‌കൂട്ടര്‍ ലഭിച്ചവരെല്ലാം. നഗരസഭാപരിധിയില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി വിതരണം ചെയ്ത സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറാണ് ഇവര്‍ക്ക് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."