പുതുവത്സരാഘോഷം നിയന്ത്രിക്കാന്‍ പൊലിസ്; നഗരത്തില്‍ കനത്ത സുരക്ഷ
തിരുവനന്തപുരം: പുതുവത്സരാഘോഷ വേളയില്‍ നഗരത്തില്‍ കനത്ത സുരക്ഷ ഒരുക്കി സിറ്റി പൊലിസ്. നഗരം നിയന്ത്രിക്കാന്‍ സിറ്റി പൊലിസ് കമ്മിഷണറുടെ കീഴില്‍ രണ്ട് ഡി.സി.പിമാര്‍ ഉള്‍പ്പെടെ കൂടുതല്‍ പൊലിസുകാരെ വിന്യസിക്കും. മോഷണം, കവര്‍ച്ച, മറ്റു ക്രമസമാധാന പ്രശ്‌നങ്ങള്‍ എന്നിവ തടയാന്‍ മുന്‍ കേസുകളില്‍ ഉള്‍പ്പെട്ടവരെ നിരീക്ഷണത്തിലാക്കി കുഴപ്പക്കാരെ കരുതല്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അയക്കും. മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരേ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കും. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടി എടുക്കുമെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ പി. പ്രകാശ് അറിയിച്ചു.
നഗരത്തിന്റെ മുക്കും മൂലയും നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂമിലെ നിലവിലുള്ള കാമറകള്‍ക്ക് പുറമേ പ്രധാന തിരക്ക് അനുഭവപ്പെടുന്ന കോവളം, ശംഖുമുഖം, മ്യൂസിയം, കനകക്കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ പൊലിസ് നിരവധി ഒളികാമറകളും ഇപ്രാവശ്യം സ്ഥാപിക്കുമെന്നും കമ്മിഷണര്‍ പി. പ്രകാശ് അറിയിച്ചു. കൂടാതെ പോക്കറ്റടി, സ്ത്രീകളെ ശല്യം ചെയ്യല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി വാഹനങ്ങളില്‍ മൂവിങ്ങ് ക്യാമറകള്‍ ഘടിപ്പിച്ചു നഗരത്തിലുടനീളം പ്രത്യേക പട്രോളിങും നടത്തുന്നുയണ്ട്. ഇതിനു പുറമേ എല്ലാ പൊലിസ് സ്റ്റേഷനുകളിലും സി.ഐ ഓഫിസുകളിലും നല്‍കിയിട്ടുള്ള കാമറകള്‍ ഉപയോഗിച്ചും നിരീക്ഷണം ശക്തമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."