ആലപ്പാടിന്റെ രക്ഷയ്ക്കായി രതീഷ് നീന്തിക്കയറിയത് ലോക റെക്കോര്‍ഡിലേക്ക്
കരുനാഗപ്പള്ളി: പിറന്ന നാടും മണ്ണും സംരക്ഷിക്കാന്‍ രതീഷ് എന്ന സാഹസിക നീന്തല്‍താരം നീന്തിക്കയറിയത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അടക്കം ഏഴ് റിക്കോഡുകളിലേക്ക്. ആലപ്പാട് പഞ്ചായത്തിനെ സംരക്ഷിക്കുവാനുള്ള സമരത്തിന്റെ ഭാഗമായാണ് കൈകാലുകള്‍ ബന്ധിച്ച് അഞ്ച് മണിക്കൂര്‍ കൊണ്ട് 10 കിലോമീറ്റര്‍ രതീഷ് നീന്തിക്കയറിയത്.കടലോരഗ്രാമം കടലിലാണ്ടു പോകാതിരിക്കാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ടി.എസ് കനാലിലൂടെ 10 കിലോമീറ്റര്‍ സാഹസിക നീന്തല്‍ പ്രകടനവും ജലഘോഷയാത്രയും സംഘടിപ്പിച്ചത്. ആലപ്പാട് പണ്ടാരത്തുരുത്തിലെ സ്റ്റാര്‍ട്ടിങ് പോയന്റില്‍ സി.ആര് മഹേഷ് രതീഷിന്റെ കൈകാലുകള്‍ ബന്ധിച്ചു. തുടര്‍ന്ന് ടി.എസ് കനാലിലൂടെ അഞ്ച് മണിക്കൂര്‍ കൊണ്ട് 10 കിലോമീറ്റര്‍ പിന്നിട്ട് അഴീക്കല്‍ ആയിരം തെങ്ങിലെത്തി. നീന്തല്‍ പ്രകടനത്തിന് അകമ്പടിയായി ജലഘോഷയാത്രയും സംഘടിപ്പിച്ചു. ഗിന്നസ് ബുക്ക് അടക്കം രാജ്യാന്തരതലത്തില്‍ ശ്രദ്ധ നേടുന്ന ഏഴ് റിക്കോര്‍ഡ് ബുക്കുകളിലേക്ക് ഇടം നേടിയ പ്രകടനമാണെന്ന പ്രത്യക കൂടി ഇതിനുണ്ട്. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്, ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാര്‍ഡ് ബുക്ക്, ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, അറേബ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഏഷ്യന്‍ ബുക്സ് ഓഫ് റെക്കോര്‍ഡ്, യൂനിവേഴ്സല്‍ ബുക്ക് ഓഫ് റിക്കോര്‍ഡ് എന്നിവ ലക്ഷ്യമിട്ടാണ് രതീഷിന്റെ സാഹസിക പ്രകടനം നടന്നത്.വിവിധ റെക്കോര്‍ഡ് സംഘടനകളുടെ പ്രതിനിധികളും പ്രകടനം വീഷിക്കാന്‍ എത്തിയിരുന്നു. ചലച്ചിത്രതാരം മുരളി ഗോപി മുഖ്യാതിഥിയായിരുന്നു. അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗം കൂടിയാണ് സാഹസിക നീന്തല്‍ പ്രകടനമെന്ന് സംഘാടകര്‍ പറഞ്ഞു. ഇതിനോടനുബന്ധിച്ച് സുനാമി വാര്‍ഷിക അനുസ്മരണം, പട്ടം പറത്തല്‍, ഗാനമേള തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."