കരാര്‍ നല്‍കി രണ്ടുമാസം പിന്നിട്ടു; കാഴ്ച മറയ്ക്കുന്ന കാട്ടുചെടികള്‍ വെട്ടിമാറ്റിയില്ല
പീരുമേട്: ടെന്‍ഡര്‍ ക്ഷണിച്ച് കരാര്‍ നല്‍കി രണ്ടുമാസം പിന്നിട്ടിട്ടും ദേശീയപാതയില്‍ വാഹന ഗതാഗതത്തിനു തടസമായി പടര്‍ന്നു പന്തലിച്ചിരിക്കുന്ന കാട്ടുചെടികളും മരത്തിന്റെ ശിഖരങ്ങളും വെട്ടിമാറ്റാന്‍ നടപടിയില്ല.
കോട്ടയം-കുമളി റോഡിന്റെ ഇരുവശങ്ങളിലും കാഴ്ച മറയ്ക്കുന്ന തരത്തില്‍ വളര്‍ന്നുനില്‍ക്കുന്ന കാട് വെട്ടിനീക്കാനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ഓരോ 10 കിലോമീറ്ററിനും കാട് വെട്ടാന്‍ നാലു ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ കരാര്‍ ഏറ്റെടുത്തവര്‍ ജോലികള്‍ ആരംഭിക്കാത്തതിനുള്ള കാരണം ദേശീയപാത അധികൃതര്‍ വ്യക്തമാക്കുന്നില്ല.
ഗാട്ട് റോഡ് ആരംഭിക്കുന്ന മുണ്ടക്കയം മുതല്‍ കുമളിവരെ റോഡിലേക്കു പടര്‍ന്നിരിക്കുന്ന കാട്ടുചെടികളും മരച്ചില്ലകളും ഡ്രൈവര്‍മാരുടെ കാഴ്ച മറച്ചിരിക്കുകയാണ്.
വീതി കുറഞ്ഞ റോഡില്‍ മഴ, കോടമഞ്ഞ് എന്നിവ സമ്മാനിക്കുന്ന ദുഷ്‌കര യാത്രയ്‌ക്കൊപ്പം കാട്ടുചെടികള്‍കൂടി ശല്യം വിതയ്ക്കുന്നതു വിനോദസഞ്ചാരികളെയും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകരെയും വലയ്ക്കുന്നു.
ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും സഹായകരമാകുന്നതിനു സ്ഥാപിച്ച ദിശാ ബോര്‍ഡുകളെ കാട്ടുചെടികള്‍ വിഴുങ്ങിക്കഴിഞ്ഞു. പലയിടങ്ങളിലും കാട്ടുചെടികള്‍ക്കുള്ളിലാണ് അടയാള ബോര്‍ഡുകള്‍ നില്‍ക്കുന്നത്.
കുത്തനെയുള്ള ഇറക്കങ്ങളും കൊടുംവളവുകളും നിറഞ്ഞ കുട്ടിക്കാനം 35ാം മൈല്‍ റോഡില്‍ രാത്രികാലങ്ങളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡ്രൈവര്‍മാര്‍ ദിശ മനസിലാക്കാന്‍ കഴിയാതെ വട്ടംചുറ്റുന്നതു പതിവാണ്. മഴ ശക്തമായതോടെ ഈ മേഖലയില്‍ പ്രതിദിനം ചെറിയ അപകടങ്ങളുണ്ടാവാറുണ്ട്.
മരുതുംമൂട്, മെഡിക്കല്‍ ട്രസ്റ്റ് ജങ്ഷന്‍ എന്നിവിടങ്ങളില്‍ അപകട ഭീഷണിയായുള്ള വന്‍മരങ്ങള്‍ വെട്ടിനീക്കാനും തീരുമാനമായിട്ടില്ല. അര ഡസനോളം വന്‍ മരങ്ങളാണ് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുള്ളത്. ഇതില്‍ ഒരുമരം അടുത്തിടെ രാത്രി നിലംപൊത്തി മണിക്കൂറുകളോളം ഗതാഗത തടസത്തിനിടയാക്കി. ഈ സമയം റോഡില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.
കരാര്‍ ഉറപ്പിച്ച ജോലികള്‍ മുടങ്ങിയത് സംബന്ധിച്ചു കേന്ദ്രസംസ്ഥാന മന്ത്രിമാര്‍ക്കും എം.പിക്കും നിവേദനം നല്‍കാനാണ് പൊതുപ്രവര്‍ത്തകരുടെ തീരുമാനം.
എന്നാല്‍ കാടുവെട്ട് സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി ഉടന്‍ ജോലികള്‍ ആരംഭിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."