ഒളിവില്‍ കഴിഞ്ഞവരടക്കം 111 പ്രതികളെ പിടികൂടി
കോട്ടയം: കൊച്ചി റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലിസ് പി. വിജയന്റെ നിര്‍ദേശപ്രകാരം ജില്ലാ പൊലിസ് മേധാവി എന്‍. രാമചന്ദ്രന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്തി. ജില്ലയെ അഞ്ച് ഭാഗങ്ങളായി തിരിച്ച് നടത്തിയ പരിശോധനയില്‍ ദീര്‍ഘനാളായി ഒളിവില്‍ കഴിഞ്ഞവരടക്കം 111 പ്രതികളെ പിടികൂടി.
ശനിയാഴ്ച വൈകിട്ട് അഞ്ചു മുതല്‍ രാത്രി എട്ടുവരെയും തുടര്‍ന്ന് അര്‍ധരാതി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയും രണ്ട് ഘട്ടങ്ങളായാണ് പരിശോധന നടത്തിയത്. വിവിധ കേസുകളില്‍ ദീര്‍ഘനാളായി ഒളിവില്‍ കഴിഞ്ഞിരുന്ന ഏഴു പ്രതികളെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടികൂടിയത്. 102 വാറന്‍ഡ് പ്രതികളും അന്വേഷണത്തിലുള്ള കേസുകളിലെ പ്രതികളായ രണ്ടു പേരും ഇത്തരത്തില്‍ പിടിയിലായി.
അപരിചിതരായവരേയും ഇതരസംസ്ഥാന മോഷ്ടാക്കളെയും പിടികൂടുന്നതിന്റെ ഭാഗമായി ലോഡ്ജുകള്‍ പരിശോധിച്ചപ്പോഴാണ് പ്രതികള്‍ വലയിലായത്. 118 ലോഡ്ജുകളാണ് ഇതിനായി പരിശോധിച്ചത്. ലഹരി വസ്തുക്കള്‍ കടത്തുന്നവരേയും മറ്റു മോഷ്ട്ടാക്കളെയും പരിശോധിക്കുന്നിന്റെ ഭാഗമായി 90 ദീര്‍ഘദൂര ബസുകള്‍, 113 ടൂറിസ്റ്റ് ബസുകള്‍ എന്നിവയും പരിശോധിച്ചു.
കൂടാതെ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും വില്‍പന നടത്തുന്ന 70 സ്ഥാപനങ്ങളിലും പരിശോധന നടത്തി. അടുത്തിടെ ജയില്‍ മോചിതരായ 79 മുന്‍ ശിക്ഷക്കാരെയും, മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള 54 പേരെയും 130 സാമൂഹ്യവിരുദ്ധരെയും ചോദ്യം ചെയ്തു.
എന്‍.ഡി.പി.എസ് ആക്ട് രണ്ടുപേര്‍ക്കെതിരേയും അബ്കാരി ആക്ട് പ്രകാരം 26 പേര്‍ക്കെതിരേയും, ഗേമിങ് ആക്ട് പ്രകാരം ഏഴുപേര്‍ക്കെതിരേയും കേസെടുത്തു. മദ്യപിച്ച് വാഹനം ഓടിച്ചതിന് 193 പേര്‍ക്കെതിേെയും മറ്റു കുറ്റകൃത്യങ്ങള്‍ക്ക് 157 പേര്‍ക്കെതിരേയും നിയമനടപടി സ്വീകരിച്ചു. കൂടാതെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം 1389 പേര്‍ക്കെതിരേയും നിയമനടപടി സ്വീകരിച്ചെന്നും ജില്ലാ പൊലിസ് അറിയിച്ചു. വിവിധ സബ് ഡിവിഷനുകളില്‍ നിന്ന് 1682 പൊലിസുകര്‍ പരിശോധനയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."