ദീനിയായ കെട്ടുറപ്പും അയല്‍പക്ക ബന്ധവും ശക്തിപ്പെടുത്തണം: അഹമദ് കബീര്‍
കളമശേരി: ദീനിയായ കെട്ടുറപ്പും അയല്‍പക്ക ബന്ധവും ശക്തിപ്പെടുത്തണമെന്ന സ്ഥാപന കാല ലീഗ് നേതാക്കളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണെന്ന് മുസ് ലിം ലീഗ് നിയമസഭ കക്ഷി സെക്രട്ടറി ടി എ അഹമദ് കബീര്‍ പറഞ്ഞു. കങ്ങരപ്പടി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ നിര്‍മിച്ചു നല്‍കിയ ബൈത്തു റഹ് മയുടെ സമര്‍പ്പണത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉല്‍ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അഹമദ് കബീര്‍ . പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ബാഫഖി തങ്ങളും സീതിസാഹിബും ദീര്‍ഘവീക്ഷണത്തോടെയാണ് വിദ്യാഭ്യസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും അതോടൊപ്പം അയല്‍പക്ക ബന്ധം ശക്തിപ്പെടുത്താനും നിര്‍ദ്ദേശിച്ചത്. അയല്‍പക്ക ബന്ധത്തിലൂടെ സാധാരണക്കാരന്റെ കൂടെ നില്‍ക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സാധിക്കും. അതുപോലെ തന്നെ മതപരമായ കാര്യങ്ങളില്‍ ബാഹ്യമായ അനുകരണങ്ങള്‍ക്ക് പകരം ദീനിയായ കെട്ടുറപ്പോടെ ജീവിക്കാന്‍ കഴിയണമെന്നും അഹമദ് കബീര്‍ പറഞ്ഞു.
ബൈത്തു റഹ് മയുടെ സമര്‍പ്പണവും താക്കോല്‍ ദാനവും വി കെ ഇബ്രാഹിം കുഞ്ഞ് എം എല്‍ എ നിര്‍വഹിച്ചു. രാഷട്രീയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമൂഹിക രംഗത്തും സാന്ത്വന പ്രവര്‍ത്തനങ്ങളിലും ലീഗ് നടത്തുന്ന കാര്യങ്ങള്‍ മറ്റുള്ള സംഘടനകള്‍ക്ക് മാതൃകയാണെന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.
പാവപ്പെട്ടവര്‍ക്ക് വീടു നിര്‍മിച്ചു നല്‍കുന്ന കാര്യത്തിലും രോഗികള്‍ക്ക് പരിപാലനം നല്‍കുന്നതിലും കേരളത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നത് ലീഗിന്റെ പ്രവര്‍ത്തകരും സംഘടനകളുമാണെന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.
അളമ്പി മുകളില്‍ നടന്ന ചടങ്ങില്‍ റിലീഫ് സെല്‍ ചെയര്‍മാന്‍ പി കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ലീഗ് ജില്ലാ പ്രസിഡണ്ട് എം പി അബ്ദുല്‍ ഖാദര്‍ , നഗരസഭ വൈസ് ചെയര്‍മാന്‍ ടി എസ് അബൂബക്കര്‍ ,സുനില്‍ കരിപ്പാല, ടി എം അബ്ബാസ്, മുഹമദ് പുക്കാലി, വി കെ അബ്ദുല്‍ അസീസ്, സി എം അലിയാര്‍,എം എം അബൂബക്കര്‍ ഫൈസി, പി ഇ അബ്ദുല്‍ റഹീം,സബീന ജബ്ബാര്‍, കെ പി സുബൈര്‍, കെ എ സിദ്ധീഖ്, വി എസ് അബൂബക്കര്‍, ലീല വിശ്വന്‍, പി എം ഫൈസല്‍, പി എ ഷമീര്‍, കെ എ ഹംസ, പി പി ഷംസു, കെ എച്ച് സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു.ഹാറൂണ്‍ ഫൈസി സ്വാഗതവും കെ എച്ച് റഷീദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."