ജീവനം' പദ്ധതി വരുന്നു; വൃക്കരോഗികളുടെ സങ്കടം ഇനി ജില്ലാ പഞ്ചായത്ത് കേള്‍ക്കും!
നിസാം കെ. അബ്ദുല്ല
കല്‍പ്പറ്റ: ഒടുവില്‍ വയനാട്ടിലെ വൃക്കരോഗികളുടെ ദുരിതക്കഥകള്‍ക്ക് താല്‍ക്കാലിക ആശ്വാസമാകുന്നു.
മലപ്പുറത്തും കോഴിക്കോടും ജില്ലാ പഞ്ചായത്തുകള്‍ നടപ്പിലാക്കിയ മലപ്പുറം കിഡ്‌നി ഫെഡറേഷനെയും കോഴിക്കോടിന്റെ സ്‌നേഹ സ്പര്‍ശത്തെയും പിന്‍പറ്റി 'ജീവനം' എന്ന പേരില്‍ വൃക്കരോഗികളെ സഹായിക്കാനായി പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുകയാണ് വയനാട് ജില്ലാ പഞ്ചായത്ത്.
2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതി സമര്‍പ്പണത്തില്‍ ജില്ലാ പഞ്ചായത്ത് ജീവനം പദ്ധതിയും സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരവും ലഭിച്ച് കഴിഞ്ഞു. ജില്ലാ പഞ്ചായത്തിന്റെയും പ്രസിഡന്റ് കെ.ബി നസീമയുടെയും സ്വപ്ന പദ്ധതിയാണ് 'ജീവനം'. പദ്ധതി രൂപീകരണത്തിന് മുന്‍പ് കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ സന്ദര്‍ശനം നടത്തുകയും സ്‌നേഹസ്പര്‍ശം പദ്ധതിയുടെ നടത്തിപ്പിനെ കുറിച്ച് വിശദമായി പഠനം നടത്തുകയും ചെയ്താണ് ജില്ലാ പഞ്ചായത്തും പ്രസിഡന്റ് കെ.ബി നസീമയും ജീവനം പദ്ധതിയുടെ രൂപരേഖ തയാറാക്കിയത്. ഒരു കോടി രൂപയാണ് പദ്ധതിയുടെ നടപ്പ് വര്‍ഷത്തെ ചിലവായി കണക്കാക്കുന്നത്. ഇതില്‍ 30 ലക്ഷം രൂപ ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തില്‍ നിന്ന് നീക്കിവെക്കാനാണ് തീരുമാനം. ബാക്കി 70 ലക്ഷം രൂപ പൊതുജനങ്ങളില്‍ നിന്ന് സമാഹരിക്കാനുമാണ് ലക്ഷ്യമിടുന്നത്. പൊതുജന പങ്കാളിത്തത്തോടെയാണ് മറ്റ് രണ്ട് ജില്ലകളിലെയും പദ്ധതികള്‍ നിലവില്‍ മൂന്നോട്ട് പോകുന്നത്. അത്തരത്തില്‍ ജില്ലയിലും തുക സമാഹരണമടക്കം നടത്തി ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കാനും ആ കമ്മിറ്റിക്ക് കീഴില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമാണ് തീരുമാനം. ഇതിനൊപ്പം അവയവ മാറ്റിവെക്കല്‍ നടത്തിയവര്‍ക്കുള്ള ചികിത്സാ സഹായമായി 50 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് നീക്കിവെക്കുന്നുണ്ട്.
ആദ്യ ഘട്ടത്തില്‍ ജില്ലക്ക് പുറത്ത് ഡയാലിസിസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും ജില്ലയില്‍ വിവിധയിടങ്ങളില്‍ ഡയാലിസിസിന് വിധേയമാകുന്നവര്‍ക്ക് മരുന്ന് കിറ്റ് അടക്കമുള്ളവ സൗജന്യമായി നല്‍കാനുമാണ് ഉദ്ധേശിക്കുന്നത്. തുടര്‍ന്ന് പദ്ധതി വിപുലീകരിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നടപ്പിലാക്കുന്ന വൃക്ക രോഗവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളെയും പദ്ധതിക്ക് കീഴില്‍ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ സുപ്രഭാതത്തോട് പറഞ്ഞു.
ജില്ലയിലെ വൃക്ക രോഗികളുടെ ദുരിതങ്ങള്‍ ചുണ്ടിക്കാണിച്ച് കഴിഞ്ഞ ഒക്‌ടോബര്‍ 30, 31 തീയതികളില്‍ സുപ്രഭാതം പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ജില്ലാ പഞ്ചായത്ത് വൃക്ക രോഗികള്‍ക്ക് സാന്ത്വന പദ്ധതിയുമായി രംഗത്ത് വന്നത്.
ജീവനം പദ്ധതി
ഡയാലിസിസ് നടത്തി കൊണ്ടിരിക്കുന്ന രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കല്‍. വൃക്ക മാറ്റി വെച്ച രോഗികള്‍ക്ക് മരുന്ന് വിതരണം, ഗവ. ആശുപത്രികളോട് ചേര്‍ന്ന് സൗജന്യമായി ഡയാലിസിസ് നടത്തുന്നതിനുള്ള യൂണിറ്റുകള്‍ സ്ഥാപിക്കല്‍, വൃക്ക രോഗം സംബന്ധിച്ച് ബോധവല്‍കരണത്തിനായി ക്ലാസുകള്‍, ലഘു ലേഖ വിതരണം, ഡോക്യുമെന്ററി പ്രദര്‍ശനം, വൃക്കരോഗ സാധ്യത മുന്‍കൂട്ടി കണ്ടെത്തുന്നതിന്ന് വേണ്ടി വൃക്ക രോഗ നിര്‍ണയ ക്യാംപുകള്‍ സംഘടിപ്പിക്കല്‍, വൃക്കദാനം സംബന്ധിച്ച ബോധവല്‍കരണവും പ്രോത്സാഹനവും, വൃക്ക രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ മെഡിക്കല്‍ പരിശോധനക്കുള്ള സൗകര്യമൊരുക്കല്‍ തുടങ്ങിയവയാണ് ജീവനം പദ്ധതിയിലൂടെ നടപ്പിലാക്കാന്‍ ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."