'മരിച്ചിട്ടും അവര്‍ പറഞ്ഞില്ല....കുഞ്ഞുമോള്‍ തിരിച്ചു വരുമെന്ന കാത്തിരിപ്പില്‍ ഞങ്ങളും...'- തേങ്ങലടങ്ങാതെ ഗൊരഖ്പൂര്‍
ഗൊരഖ്പൂര്‍: ' ആ കുഞ്ഞു ശരീരത്തിലെ മിടിപ്പ് നിലച്ചിട്ട് ഒരുപാടു നേരമായിരുന്നിരിക്കണം. തിളക്കമാര്‍ന്ന അവവളുടെ കണ്ണുകള്‍ അടഞ്ഞുപോയിരുന്നു. ആ കുഞ്ഞു കൈകള്‍ തണുത്ത് വിറങ്ങലിച്ചിരുന്നു. കൈകള്‍ മാത്രമല്ല...കുഞ്ഞിക്കാലുകള്‍...കവിളുകള്‍..അവള്‍ മുഴുവനായും...എന്നിട്ടും അവര്‍ പറഞ്ഞില്ല...ജീവനറ്റ ആ കുഞ്ഞു ശരീരത്തില്‍ അവര്‍ സൂചികള്‍ കുത്തിക്കയറ്റി. അവള്‍ തിരിച്ചു വരുമെന്നൊരു നേരിയ പ്രതീക്ഷ ഞങ്ങളില്‍ ബാക്കിയാക്കി..'
ഗോരഖ്പൂര്‍ ദുരന്തത്തില്‍ മരിച്ച അഞ്ചുവയസ്സുകാരി കുശിയുടെ ഉപ്പ മുഹമ്മദ് സാഹിദിന്റെതാണ് വാക്കുകള്‍. രാജ്യം മുഴുവന്‍ പ്രതിഷേധച്ചൂടില്‍ തിളക്കുമ്പോള്‍ ഇവിടെ ഈ ആശുപത്രി വരാന്തയില്‍ തേങ്ങലടങ്ങുന്നില്ല.
മകള്‍ മരിച്ചിട്ടും അത് പറയാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നാണ് സാഹിര്‍ പറയുന്നത്. മരണസംഖ്യ ഉയരുന്നത് മറച്ചു വെക്കാനാണിതെന്നും സാഹിര്‍ കുറ്റപ്പെടുത്തുന്നു. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ഓഗസ്റ്റ് പത്തിനാണ് കുശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച കുശിക്ക് ഓക്‌സിജന്‍ നല്‍കിയിരുന്നതായി സാഹിര്‍ പറയുന്നു. പിന്നീട് യാതോരു വിശദീകരണവുമില്ലാതെ അവര്‍ ഓക്‌സിജന്‍ എടുത്തു മാറ്റി. പിന്നീട് അധികൃതര്‍ അവരുടെ കയ്യില്‍ ഒരു ആംബു പമ്പ് കൊടുത്തു. കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ അത് അടിച്ചു കൊണ്ടിരിക്കാനും അധികൃതര്‍ നിര്‍ദ്ദേശിച്ചു. ' ഞങ്ങള്‍ അത് ചെയ്തു കൊണ്ടേയിരുന്നു. നനുത്ത കാറ്റ് മുഖത്ത് പതിക്കുമ്പോള്‍ ഞങ്ങളുടെ കുഞ്ഞുമോള്‍ കണ്ണു തുറക്കുമെന്നും ഒരു കുസൃതിച്ചിരി ഞങ്ങള്‍ക്ക് സമ്മാനിക്കുമെന്നുമുളള പ്രതീക്ഷയോടെ..'- സാഹിര്‍ തേങ്ങലടക്കി.
ഓക്‌സിജന്‍ നല്‍കിക്കൊണ്ടിരുന്നപ്പോള്‍ മകള്‍ക്ക് ഒരു പ്രശ്‌നവുമില്ലായിരുന്നുവെന്നും സാഹിര്‍ കൂട്ടിച്ചേര്‍ത്തു. ആറുമണിക്കെങ്കിലും കുശി മരിച്ചിട്ടുണ്ടാവും. എന്നാല്‍ പത്തു മണിക്കു ശേഷമാണ് അധികൃതര്‍ അവളുടെ മരണം സ്ഥിരീകരിച്ചത്. പത്രക്കാര്‍ പുറത്തു നിന്നതു കൊണ്ടായിരുന്നു അത്. സാഹിദ് വ്യക്തമാക്കി. മകളെ ഒരു ഡോക്ടറാക്കണമെന്നായിരുന്നു അയാളുടെ മോഹം. ഈ മെഡിക്കല്‍ കോളജില്‍ അവളെ പഠിപ്പിക്കണമെന്നും...എന്നാല്‍ ഇത് ഒരു അറവു ശാലയാണെന്നാണ് അയാള്‍ പറയുന്നത്.
സര്‍ക്കാര്‍ കള്ളം പ്രചരിപ്പിക്കുകയാണ്. ആവശ്യത്തിന് ഓക്‌സിജന്‍ ഉണ്ടായിരുന്നെങ്കില്‍ കുശിയുടെ അടുത്ത് നിന്ന് എന്തിനാണ് ഓക്‌സിജന്‍ വിഛേദിച്ചത്- സാഹിദ് ചോദിക്കുന്നു.
തന്റെ ഇരട്ട ആണ്‍കുട്ടികളില്‍ ഒരാളെ ഓര്‍ത്ത് ആശങ്ക പൂണ്ടിരിക്കുകയാണ് സമീപപ്രദേശത്തെ ശ്രീകുസുന്‍ ഗുപ്ത എന്നയാള്‍. ക്രമാതീതമായ ഹൃദയമിടിപ്പാണ് കുഞ്ഞിന്റെ പ്രശ്‌നം. വീടിനടുത്തുള്ള ആശുപത്രിയില്‍ സൗകര്യമില്ലാത്തതിനാലാണ് അവര്‍ ബി. ആര്‍.ഡി മെഡിക്കല്‍ കോളജില്‍ എത്തിയത്. എന്നാല്‍ ആശുപത്രിയില്‍ നടുക്കുന്ന കാഴ്ചകളാണ് തങ്ങളെ എതിരേറ്റതെന്ന് ഗുപ്ത പറയുന്നു. നാലു പിഞ്ചുകുട്ടികളാണ് ഒരേ സമയം തങ്ങളുടെ മുന്നില്‍ വെച്ചു മരിച്ചത്. അഡ്മിറ്റ് ചെയ്ത് നാലു മണിക്കൂറിന് ശേഷമാണ് തന്റെ കുഞ്ഞിന് വെന്റിലേറ്റര്‍ ലഭിച്ചത്. അതുവരെ ആബു പമ്പ് ആണ് ഉപയോഗിച്ചത്. ചോദിക്കുമ്പോഴെല്ലാം ഇപ്പോ ശരിയാക്കമെന്നായിരുന്നു മറുപടി. മകന്റെ മൂക്കില്‍ നിന്ന് ചോര വരുന്നത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അത് അഴുക്ക് പുറത്തേക്ക് വരികയാണെന്നാണ് നഴ്‌സ് പറഞ്ഞത്.
കഴിഞ്ഞ മൂന്നു ദിവമായി ബെരിയാപൂര്‍ സ്വദേശി രമേശ് യാദവ് ആരോടും സംസാരിക്കാറില്ല. ഒന്നും ഉരിയാടാനില്ലാത്ത വിധം അയാളുടെ വാക്കുകള്‍ വരണ്ടു പോയിരിക്കുന്നു. 12കാരിയായ മകള്‍ വന്ദനയുടെ മരണം ആ ചെറുപ്പക്കാരനെ വല്ലാതെ തളര്‍ത്തിയിരിക്കുന്നു. പനി ബാധിച്ച് ആശുപത്രിയിയിലെത്തിച്ച് പത്തു മണിക്കൂറിനുള്ളിലാണ് അവള്‍ മരണത്തിന് കീഴടങ്ങിയത്. കുഞ്ഞുമോള്‍ക്കിത്തിരി ജീവവായുവിനായി അധികൃതരോട് ചോദിച്ചപ്പോള്‍ സാങ്കേതികത്തകരാറെന്നായിരുന്നു മറുപടി- വന്ദനയുടെ അമ്മാവന്‍ ഉമേഷ് യാദവ് പറയുന്നു.
'വാര്‍ഡിനുള്ളില്‍ എന്താണ് നടക്കുന്നതെന്ന് സര്‍ക്കാറിനറിയാമോ. സര്‍ക്കാര്‍ എവിടെയായിരുന്നു. ഞാനവിടെയുണ്ടായിരുന്നു. കാര്യങ്ങള്‍ എത്രത്തോളം മോശമയായിരുന്നുവെന്ന് ഞാന്‍ പറഞ്ഞു തരാം'- ഉമേഷ് രോഷാകുലനായി.
മകളുടെ മൃതദേഹം കൈമാറുമ്പോള്‍ പിന്‍വാതിലിലൂടെ പോയാല്‍ മതിയെന്നും പത്രക്കാരോട് ഒരക്ഷരം മിണ്ടിപ്പോവരുതെന്നും ഭീഷഷിപ്പെടുത്തിയതായും ഉമേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."