പരിസ്ഥിതി മലിനീകരണത്തിനും അപകടങ്ങള്‍ക്കും വിട മുസ്തഫയുടെ യാത്ര സോളാര്‍ ഓട്ടോയില്‍
അരീക്കോട്: പരിസ്ഥിതി മലിനീകരണവും അപകടങ്ങളും കുറക്കാന്‍ സോളാര്‍ പാനല്‍ ഘടിപ്പിച്ച ഓട്ടോ ഉപയോഗിച്ച് യുവാവ് മാതൃകയാകുന്നു.
വാഹനങ്ങളില്‍ നിന്നുണ്ടാവുന്ന ശബ്ദമലിനീകരണങ്ങള്‍ അനിയന്ത്രിതമായി തുടരുന്നത് തടയാനും അമിതവേഗതകാരണം അപകടം ക്ഷണിച്ചുവരുത്താതെയും ഡ്രൈവിങ് സാധ്യമാണെന്ന സന്ദേശം നല്‍കുകയാണ് പുല്‍പ്പറ്റ തോട്ടേക്കാട് കോടാലി വീട്ടില്‍ മുസ്തഫ എന്ന ഓട്ടോ ഡ്രൈവര്‍. സോളാര്‍ പാനലിന്റെ സഹായത്തോടെ ഓടുന്ന ഓട്ടോറിക്ഷയുമായാണ് മനുഷ്യനും പ്രകൃതിക്കും ഗുണകരമാകും വിധം ഈ യുവാവ് ചുറ്റുവട്ടങ്ങളില്‍ ഇത്തരം നിശബ്ദമായ സന്ദേശം നല്‍കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് വാങ്ങിയ നാല് ആംബുലന്‍സുകളുമായിട്ടായിരുന്നു ഡ്രൈവിങ് ജിവിതത്തിന്റെ തുടക്കം.
പാവപ്പെട്ട രോഗികള്‍ വിളിക്കുന്ന ഏതു സമയവും ആംബുലന്‍സുമായി വിളിപ്പുറത്തെത്തിയിരുന്ന ഇദ്ദേഹം മഞ്ചേരിയിലും പരിസരങ്ങളിലും ഈ നിലയില്‍ ജനകീയനായിരുന്നു. ആംബുലന്‍സിന്റെ അമിത വേഗം മടുത്താണ് വേഗതകുറക്കാനും ശബ്ദ മലിനീകരണം ഇല്ലാതാക്കാനും ഈയിടെ മുസ്തഫ സോളാര്‍ പാനല്‍ സഹായത്തോടെ ഓടുന്ന ഓട്ടോ സ്വന്തമാക്കിയത്. മറ്റു വാഹനങ്ങളെ പോലെ ശബ്ദ പുകമലിനീകരണമില്ല. അമിത വേഗതയില്‍ ഓടിക്കാന്‍ കഴിയില്ല എന്നതാണ് ഈ ഓട്ടോയുടെ പ്രത്യേകത. ഇതിനാല്‍തന്നെ തിരക്കേറിയ നഗരങ്ങളില്‍ ട്രാഫിക്ക് നിയമങ്ങള്‍ കൃത്യമായി പാലിച്ചു ഓടിക്കാനും സുഖമായി യാത്ര ചെയ്യാനും ഏറെ സഹായകരമാണെന്ന് മുസ്തഫ പറയുന്നു.
എത്ര ഓടിയാലും നയാപൈസയുടെ ചെലവില്ലന്നാണ് ഏറെ കൗതുകകരം. സോളാര്‍ വഴി വീട്ടില്‍ സംവിധാനിച്ച ബാറ്ററിയിലേക്ക് ചാര്‍ജ് നിറക്കാന്‍ സൗകര്യമുണ്ട്. രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്ത ശേഷം പകലില്‍ യഥേഷ്ടം യാത്ര ചെയ്യാം.
ഒാടിക്കൊണ്ടിരിക്കുമ്പോള്‍തന്നെ ഓട്ടോയിലേക്കു സോളാര്‍ സംവിധാനം വഴി ചാര്‍ജ്‌ചെയ്യുന്നതിനുള്ള സൗകര്യം സജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് ഈ ഡ്രൈവര്‍. സോളാര്‍ സംവിധാനത്തോട് വര്‍ഷങ്ങള്‍ക്കു മുന്‍പേ താല്‍പര്യമുള്ള ഇദ്ദേഹം വീട്ടില്‍ സോളാര്‍ സംവിധാനം വഴിയാണ് ലൈറ്റുകള്‍ പ്രകാശിപ്പിക്കുന്നത്. ഇതിലൂടെ വൈദ്യുതിയുടെ അമിതവ്യയവും ഒഴിവാക്കാന്‍ കഴിയുന്നുവെന്നും ഇദ്ദേഹം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."