തിരൂരങ്ങാടി മണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിന് ഏഴുകോടി
തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിന് ഏഴ് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.കെ അബ്ദുറബ്ബ് എം.എല്‍.എ അറിയിച്ചു.
എടരിക്കോട് പഞ്ചായത്തിലെ സ്വാഗതമാട്-കുറുക റോഡ് റബ്ബറൈസ് ചെയ്തു നവീകരിക്കുന്നതിന് മൂന്ന് കോടി രൂപ, പരപ്പനങ്ങാടി നഗരസഭയിലെ നേരത്തെ അനുവദിച്ച ടിപ്പു സുല്‍ത്താന്‍ റോഡിന്റെ ബാക്കി ഭാഗം റബ്ബറൈസ് ചെയ്തു നവീകരിക്കുന്നതിന് രണ്ട് കോടി രൂപ, പരപ്പനങ്ങാടി-ചേളാരി റോഡിലെ തിരൂരങ്ങാടി മണ്ഡലത്തിലെ ഭാഗം റബ്ബറൈസ് ചെയ്തു നവീകരിക്കുന്നതിന് 90 ലക്ഷം രൂപ, പെരുമണ്ണ ക്ലാരി പഞ്ചായത്തില്‍പെട്ട മലപ്പുറം- തിരൂര്‍ റോഡിലെ തിരൂരങ്ങാടി മണ്ഡലത്തിലെ ഭാഗം റബ്ബറൈസ് ചെയ്തു നവീകരിക്കുന്നതിന് ഒരു കോടി പത്ത് ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്.
പി.കെ അബ്ദുറബ്ബ് എം.എല്‍.എ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനുമായി നടത്തിയ ചര്‍ച്ചയില്‍ റോഡ് നവീകരണത്തില്‍ അനുകൂല നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയിരിന്നു.
പ്രൊപോസല്‍ സമര്‍പ്പിച്ചതില്‍ ഇപ്പോള്‍ അനുമതി ലഭിച്ചതിന് പുറമേ നാല് റോഡുകള്‍ക്ക് കൂടി ഭരണാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പി.കെ അബ്ദുറബ്ബ് പറഞ്ഞു . നിലവില്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള എല്ലാ റോഡുകളും റബറൈസ് ചെയ്ത മണ്ഡലമാണ് തിരൂരങ്ങാടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."