തിരൂര്‍ നഗരസഭാ ഭരണം പ്രതിസന്ധിയിലെന്ന് ആരോപണം; പ്രക്ഷോഭത്തിനൊരുങ്ങി ലീഗ്
തിരൂര്‍: നഗരസഭാ ഭരണം താളംതെറ്റിയെന്ന് ആരോപിച്ച് മുസ്‌ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്. ഭരണപ്രതിസന്ധി കാരണം വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണെന്നും എല്‍ഡിഎഫ്- ടിഡിഎഫ് മുന്നണിയില്‍ അധികാരത്തിന് വേണ്ടിയുള്ള കസേരകളി മാത്രമാണ് നടക്കുന്നതെന്നും മുസ് ലിം ലീഗ് മുനിസിപ്പല്‍ ഭാരവാഹികള്‍ ആരോപിച്ചു. നാലാമത്തെ വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പാണ് ഈ മാസം 29ന് നടക്കുന്നത്. ആറുമാസം പോലും തികയ്ക്കാതെയാണ് ദലിത് വിഭാഗത്തില്‌പ്പെട്ട സിപിഐയുടെ വൈസ് ചെയര്‍മാനെ നിര്‍ബന്ധിച്ച് രാജിവയ്പ്പിച്ചത്. അധികാരം പങ്കുവയ്ക്കുന്നത് മാത്രമാണ് കഴിഞ്ഞ മൂന്ന് വര്‍ഷം നടന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
നഗരവാസികളെ ബാധിക്കുന്ന ഒട്ടനവധി വിഷയങ്ങള്‍ പരിഹരിച്ചിട്ടില്ല. അഴിമതിയും സ്വജപക്ഷപാതവും വ്യാപകമാണ്. പിഎംഎവൈ ഭവന പദ്ധതിയുടെ മാനദണ്ഡങ്ങള്‍ സ്വന്തക്കാര്‍ക്കായി മാറ്റി മറിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. കൗണ്‍സില്‍ അറിയാതെ ടെന്‍ഡര്‍ പോലും ചെയ്യാതെ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുകയാണ്. കോരങ്ങത്തെ പകല്‍വീടിന് പിന്നാലെ ബഡ്‌സ് സ്‌കൂളും ടെന്‍ഡര്‍ ഇല്ലാതെയാണ് നിര്‍മിക്കുന്നത്. ജനങ്ങളുടെമേല്‍ അധിക നികുതി ഭാരമാണ് അടിച്ചേല്‍പ്പിക്കുന്നതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഫണ്ടുകള്‍ വാര്‍ഡുതലത്തില്‍ വീതിക്കുന്നതില്‍ പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നത്. ഭരണം ചിലര്‍ ഹൈജാക്ക് ചെയ്തുവെന്ന്് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തന്നെ ആക്ഷേപം ഉന്നയിക്കുന്ന സ്ഥിതിയാണെന്നും മുസ്‌ലിം ലീഗ് നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."